

ആവേശം എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവൻ സൂര്യയുമായി ഒന്നിക്കുന്ന ചിത്രമാണ് സൂര്യ 47 . വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ നിർമാണം സൂര്യ തന്നെയാണ്. നടന്റെ പുതിയ ബാനറായ ഴകരം ആണ് സിനിമ നിർമിക്കുന്നത്. സിനിമയിൽ സൂര്യ പൊലീസ് വേഷത്തിലാണ് എത്തുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റ് ആണ് ശ്രദ്ധ നേടുന്നത്.
'പ്രേക്ഷകരിലേക്ക് ഈ സിനിമ എങ്ങനെ പ്രെസന്റ് ചെയ്യണമെന്ന് ഞങ്ങൾക്ക് ഇപ്പോഴും അറിയില്ല. സിനിമയുടെ ടൈറ്റിലും ഫസ്റ്റ് ലുക്കും ഞങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സിനിമയ്ക്ക് മേലെയുള്ള പ്രഷറിനെക്കുറിച്ച് ഞങ്ങൾ സംസാരിക്കാറില്ല', ജിത്തു മാധവന്റെ വാക്കുകൾ. വമ്പൻ മാസ്സ് പരിവേഷത്തിലാണ് സൂര്യയുടെ കഥാപാത്രത്തെ ജിത്തു മാധവൻ ഒരുക്കുന്നത് എന്നാണ് ട്വിറ്റർ ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. ആവേശത്തിന് ശേഷം ജീത്തു ഒരുക്കുന്ന സിനിമ ആയതിനാൽ തന്നെ വലിയ ഹൈപ്പാണ് സിനിമയ്ക്ക് ഇപ്പോൾ തന്നെ ലഭിച്ചിരിക്കുന്നത്. സിനിമയുടെ സ്ട്രീമിങ് അവകാശം ഷൂട്ടിംഗ് തീരുന്നതിന് മുൻപ് തന്നെ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുകയാണ്. സിനിമയുടെ തിയേറ്റർ റിലീസിന് ശേഷം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിൽ സിനിമ നെറ്റ്ഫ്ലിക്സിലൂടെ പുറത്തുവരും.
ഇതോടൊപ്പം സിനിമയെക്കുറിച്ചുള്ള ഒരു സൂചന കൂടി നെറ്റ്ഫ്ലിക്സ് നൽകിയിട്ടുണ്ട്. 'ഒട്ടും സീരിയസ് അല്ലാത്ത ടീമിനൊപ്പം സീരിയസ് ആയ ഒരു കുറ്റകൃത്യത്തെ തേടിയിറങ്ങുന്നു' എന്നാണു സിനിമയെക്കുറിച്ച് നെറ്റ്ഫ്ലിക്സ് കുറിച്ചിരിക്കുന്നത്. ത്രില്ലിനും ആക്ഷനുമൊപ്പം ഒരു പക്കാ ഫൺ സിനിമ കൂടിയാകും സൂര്യ 47 എന്ന സൂചന കൂടി ഇത് നൽകുന്നുണ്ട്. ജിത്തു മാധവിനൊപ്പം നസ്‍ലെനും സുഷിൻ ശ്യാമും സിനിമയിൽ ഉണ്ട്. മൂന്ന് പേരുടെയും ആദ്യ തമിഴ് ചിത്രമാണ് ഇത്. സൂര്യയ്ക്ക് നായികയായി നസ്രിയയാണ് സിനിമയിൽ എത്തുന്നത്. സുഷിൻ ശ്യാം ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
Content Highlights: Director Jithu Madhavan says the team is still figuring out how to present Suriya 47, adding to the curiosity surrounding Suriya's highly anticipated upcoming film.