ബഹ്റൈൻ സർക്കാർ സേവനങ്ങൾ ഇനി വാട്സ്ആപ്പിലും; പുതിയ ചാനലുമായി അധികൃതർ

വളരെ ലളിതവും വേഗത്തിലുള്ളതുമായ രീതിയിൽ ഔദ്യോഗിക അറിയിപ്പുകളും സേവന വിവരങ്ങളും ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ബഹ്റൈൻ സർക്കാർ സേവനങ്ങൾ ഇനി വാട്സ്ആപ്പിലും; പുതിയ ചാനലുമായി അധികൃതർ
dot image

രാജ്യത്തെ ഡിജിറ്റൽ പരിവർത്തനം കൂടുതൽ ജനകീയമാക്കുന്നതിനായി ബഹ്റൈൻ ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐജിഎ) ഔദ്യോഗിക വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു. സർക്കാർ സേവനങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ, പുതിയ ഇ-സേവനങ്ങൾ, ഡിജിറ്റൽ അപ്ഡേറ്റുകൾ എന്നിവ പൊതുജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനും സർക്കാർ-ജന സമ്പർക്കം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമാണ് ഈ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ബഹ്റൈനിലെ സ്വദേശികളും പ്രവാസികളും ഒരുപോലെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം വാട്സ്ആപ്പ് ആയതിനാലാണ് ഈ സേവനത്തിനായി ഇതിനെ തിരഞ്ഞെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. വളരെ ലളിതവും വേഗത്തിലുള്ളതുമായ രീതിയിൽ ഔദ്യോഗിക അറിയിപ്പുകളും സേവന വിവരങ്ങളും ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പൊതുജനങ്ങൾക്ക് ഐജിഎയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളായ @igabahrain-ലും ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാക്കിയിട്ടുള്ള ക്യുആർ കോഡ് സ്കാൻ ചെയ്ത് ഈ വാട്സ്ആപ്പ് ചാനലിൽ പങ്കാളികളാകാം. രാജ്യത്തെ ഡിജിറ്റൽ സേവനങ്ങളിലെ പുതിയ പരിഷ്കാരങ്ങളും സർക്കാർ അറിയിപ്പുകളും സമയബന്ധിതമായി ലഭിക്കുന്നതിനായി ചാനൽ സബ്സ്ക്രൈബ് ചെയ്യണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു. കൂടാതെ ബഹ്റൈന്റെ നാഷണൽ പോർട്ടൽ, മൈഗവ് ബഹ്റൈൻ ആപ്പ് എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും നിർദ്ദേശമുണ്ട്.

ഇ-ഗവൺമെന്റ് സേവനങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഗവൺമെന്റ് സർവീസസ് കോൺടാക്റ്റ് സെന്ററിന്റെ 80008001 എന്ന നമ്പറിലോ, ദേശീയ പരാതി-പരിഹാര സംവിധാനമായ 'തവാസുൽ' ആപ്പ് വഴിയോ പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണെന്നും ഐജിഎ അറിയിച്ചു.

Content Highlights: The Bahrain government has launched an official WhatsApp channel to improve access to public services and government information. The initiative aims to offer residents a faster and more convenient way to receive updates and interact with government services digitally.

dot image
To advertise here,contact us
dot image