

കൊച്ചി: കൊച്ചിയില്‍ സ്‌പെയര്‍ പാര്‍ട്‌സ് കട കത്തിച്ച കേസില്‍ പൊലീസ് അന്വേഷിച്ചിരുന്ന പതിനഞ്ചുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ആരക്കുന്നം സ്വദേശിയായ വിദ്യാര്‍ത്ഥിയെയാണ് വീടിനോടടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കെട്ടിടത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴായ്ചയാണ് കാഞ്ഞിരമറ്റത്ത് സ്‌പെയര്‍ പാര്‍ട്‌സ് കടയില്‍ തീപീടിത്തമുണ്ടായത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചതില്‍ ഒരാള്‍ പെട്രോളുമായി കടയുടെ അടുത്തേക്ക് പോകുന്നതും തീ പടര്‍ന്നപ്പോള്‍ ഓടിപ്പോകുന്നതുമായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതി പതിനഞ്ചുകാരനാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
സംഭവം നടന്നതിന്റെ അടുത്ത ദിവസം തന്നെ കുട്ടി മരിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസിന്‍റെ നിഗമനം. മൃതദേഹത്തിന് പഴക്കമുണ്ടന്ന് പൊലീസ് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
സംഭവം നടന്നതിന്റെ അടുത്ത ദിവസം കുട്ടി സുഹൃത്തിന്‍റെ വീട്ടില്‍ പോയി കിടന്നുറങ്ങിയിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതിന് ശേഷമാണ് കാണാതാകുന്നത്. അതേസമയം കടയ്ക്ക് തീയിട്ടത് എന്തിനാണ് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
Content Highlights:A fifteen-year-old who was being investigated by police in connection with a spare parts shop fire case was found dead