വാക്കുകള്‍ മാത്രമല്ല, പെരുമാറ്റവും കൂടിയാണ് ഭാഷ: ഓട്ടിസത്തെ ശാസ്ത്രീയമായി അടുത്തറിയാം

സ്വന്തം വികാരങ്ങളും ആവശ്യങ്ങളും കൃത്യമായി ആശയവിനിമയം നടത്താന്‍ സാധിക്കാത്തതാണ് പലപ്പോഴും ഇവരുടെ പെരുമാറ്റത്തിലെ അസ്വസ്ഥതകള്‍ക്ക് അടിസ്ഥാന കാരണം

വാക്കുകള്‍ മാത്രമല്ല, പെരുമാറ്റവും കൂടിയാണ് ഭാഷ: ഓട്ടിസത്തെ ശാസ്ത്രീയമായി അടുത്തറിയാം
ഡോ ഇസ്മായില്‍ എം
1 min read|18 Jun 2026, 08:00 am
dot image

കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയില്‍ മാതാപിതാക്കള്‍ ഏറെ ശ്രദ്ധിക്കേണ്ട ഒരു അവസ്ഥയാണ് ഓട്ടിസം അഥവാ ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ (ASD). ഇതൊരു രോഗമല്ല മറിച്ച് തലച്ചോറിന്റെ വികാസവുമായി ബന്ധപ്പെട്ട ഒരു സങ്കീര്‍ണ്ണമായ അവസ്ഥയാണ് (Neurodevelopmental condition). ഓട്ടിസം ബാധിച്ച കുട്ടികളില്‍ കണ്ടുവരുന്ന പെരുമാറ്റ വൈവിധ്യങ്ങളും വെല്ലുവിളികളും പലപ്പോഴും മാതാപിതാക്കളിലും സമൂഹത്തിലും വലിയ രീതിയിലുള്ള ആശങ്കകള്‍ ഉണ്ടാക്കാറുണ്ട്. സ്വന്തം വികാരങ്ങളും ആവശ്യങ്ങളും കൃത്യമായി ആശയവിനിമയം നടത്താന്‍ സാധിക്കാത്തതാണ് പലപ്പോഴും ഇവരുടെ പെരുമാറ്റത്തിലെ അസ്വസ്ഥതകള്‍ക്ക് അടിസ്ഥാന കാരണം. ഈ വെല്ലുവിളികളെ സഹാനുഭൂതിയോടെയും ശാസ്ത്രീയമായും മനസ്സിലാക്കുകയാണ് പരിഹാരത്തിലേക്കുള്ള ആദ്യപടി.

പ്രാഥമിക ലക്ഷണങ്ങള്‍

കുട്ടികളില്‍ കണ്ടുവരുന്ന ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ വ്യത്യസ്തമായിരിക്കുമെങ്കിലും പ്രാരംഭഘട്ടത്തില്‍ താഴെ പറയുന്ന സൂചനകളിലൂടെ തിരിച്ചറിയാന്‍ സാധിക്കും.

symptoms of autism in children

ആശയവിനിമയത്തില്‍ നേരിടുന്ന തടസ്സങ്ങള്‍

പേര് വിളിച്ചാല്‍ കൃത്യമായി പ്രതികരിക്കാതിരിക്കുക, സംസാരിക്കാന്‍ പ്രായത്തിനനുസരിച്ചുള്ള വളര്‍ച്ച പ്രകടിപ്പിക്കാതിരിക്കുക, കേള്‍ക്കുന്ന വാക്കുകള്‍ അര്‍ത്ഥമറിയാതെ ആവര്‍ത്തിച്ചു പറയുക (Echolalia).

സാമൂഹിക ഇടപെടലുകളിലെ വിമുഖത

മറ്റുള്ളവരുമായി നേരിട്ട് കണ്ണുകളില്‍ നോക്കി സംസാരിക്കാന്‍ മടിക്കുക, സമപ്രായക്കാരുമായി ഇടപഴകാനോ കളികളില്‍ ഏര്‍പ്പെടാനോ താല്പര്യം കാണിക്കാതിരിക്കുക.

ആവര്‍ത്തന സ്വഭാവം

കൈകള്‍ അനാവശ്യമായി കുടയുക, ശരീരം മുന്നോട്ടും പിന്നോട്ടും ആട്ടുക, കളിപ്പാട്ടങ്ങള്‍ ക്രമബദ്ധമായി അടുക്കി വെക്കുന്നതില്‍ മാത്രം അമിത ശ്രദ്ധ പുലര്‍ത്തുക.

സംവേദനക്ഷമത സംബന്ധമായ പ്രശ്‌നങ്ങള്‍(Sensory Issues)

അമിതമായ ശബ്ദം, പ്രകാശം, ചില പ്രത്യേക സ്പര്‍ശനങ്ങള്‍ എന്നിവയോട് കടുത്ത അസ്വസ്ഥതയോ അല്ലെങ്കില്‍ അമിതമായ താല്പര്യമോ പ്രകടിപ്പിക്കുക.

വൈകാരികമായ പ്രകോപനങ്ങള്‍: പരിചിതമായ ചുറ്റുപാടുകളില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളോട് പൊരുത്തപ്പെടാന്‍ സാധിക്കാതെ വരികയും, കടുത്ത ദേഷ്യമോ അകാരണമായ കരച്ചിലോ പ്രകടിപ്പിക്കുക.

symptoms of autism in children

സാധ്യതാ ഘടകങ്ങളും കാരണങ്ങളും

ഓട്ടിസത്തിന് കൃത്യമായ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ആധുനിക വൈദ്യശാസ്ത്രത്തിന് ഇനിയും സാധിച്ചിട്ടില്ല. എങ്കിലും ചില പ്രധാന ഘടകങ്ങള്‍ ഇതിലേക്ക് നയിക്കാമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ജനിതക ഘടകങ്ങള്‍ (Genetic Factors)

കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും ഓട്ടിസം പാരമ്പര്യമായി ഉണ്ടെങ്കില്‍ കുട്ടികളിലും ഇതിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ചില ജീനുകളിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഇതിന് കാരണമാകാം.

നാഡീവ്യൂഹ സംബന്ധമായ മാറ്റങ്ങള്‍

തലച്ചോറിന്റെ ഘടനയിലും, നാഡീകോശങ്ങള്‍ തമ്മിലുള്ള വിനിമയ സംവിധാനങ്ങളിലും ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ ഓട്ടിസത്തിന് കാരണമാകാറുണ്ട്.

ഗര്‍ഭകാലത്തെ ഘടകങ്ങള്‍ (Prenatal Factors): മാതാപിതാക്കളുടെ അമിത പ്രായം, ഗര്‍ഭകാലത്തുണ്ടാകുന്ന സങ്കീര്‍ണ്ണമായ ചില അണുബാധകള്‍, ചില തരം മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, മാസം തികയാതെയുള്ള പ്രസവം എന്നിവ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.

symptoms of autism in children

രോഗനിര്‍ണ്ണയത്തിന്റെ പ്രാധാന്യം

കൃത്യസമയത്തുള്ള രോഗനിര്‍ണ്ണയവും ശാസ്ത്രീയമായ ഇടപെടലുകളും (Early Intervention) കുട്ടിയുടെ ജീവിതനിലവാരം ഗണ്യമായി മെച്ചപ്പെടുത്തും. സാധാരണയായി മൂന്ന് വയസ്സിന് മുന്‍പ് തന്നെ രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ക്ക് വിധേയമാക്കുന്നത് വഴി കുട്ടിയുടെ തലച്ചോറിന്റെ വികാസം ശരിയായ ദിശയിലേക്ക് നയിക്കാന്‍ സാധിക്കും. സ്പീച്ച് തെറാപ്പി, ബിഹേവിയറല്‍ തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി എന്നിവയിലൂടെ കുട്ടികളിലെ ആശയവിനിമയ ശേഷിയും സാമൂഹിക ഇടപെടലുകളും മെച്ചപ്പെടുത്താനും അവരുടെ സ്വഭാവ വൈകല്യങ്ങള്‍ ഒരു പരിധി വരെ നിയന്ത്രിക്കാനും സാധിക്കും.

symptoms of autism in children

ഓട്ടിസം ബാധിച്ച കുട്ടികള്‍ പ്രകടിപ്പിക്കുന്ന സ്വഭാവങ്ങള്‍ വെറുമൊരു ശാഠ്യമായി കണ്ട് തള്ളിക്കളയരുത്. പലപ്പോഴും 'ഉദരജന്യ അസ്വസ്ഥതകള്‍' അല്ലെങ്കില്‍ ശാരീരികമായ മറ്റ് ബുദ്ധിമുട്ടുകള്‍ കൃത്യമായി പ്രകടിപ്പിക്കാന്‍ കഴിയാത്തതുകൊണ്ടാകാം അവര്‍ പ്രകോപിതരാകുന്നത്. അവരുടെ ദൈനംദിന കാര്യങ്ങള്‍ക്ക് കൃത്യമായ ഒരു സമയക്രമം നിശ്ചയിക്കുന്നത് അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കും. ദൃശ്യമാധ്യമങ്ങളുടെ ഉപയോഗം പൂര്‍ണ്ണമായും നിയന്ത്രിക്കുകയും, പ്രകൃതിദത്തമായ അന്തരീക്ഷത്തില്‍ സമയം ചിലവഴിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും വേണം. ശാന്തവും സ്‌നേഹനിര്‍ഭരവുമായ കുടുംബ പശ്ചാത്തലമാണ് ഇത്തരം കുട്ടികളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും അനിവാര്യം.

Content Highlights :Although the symptoms of autism in children vary, the following early signs can be identified:




                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image