ഇന്‍സ്റ്റഗ്രാം റീല്‍സുകളില്‍ നിന്ന് വെള്ളിത്തിരയിലേയ്ക്ക് എത്തിയ ഡോളി ജൂണ്‍; കയ്യടി നേടി ബാലനിലെ അമ്മൂമ്മ

കൊച്ചുമകന്‍ റിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോകളിലൂടെയാണ് ഡോളി ജൂണ്‍ ആദ്യമായി പ്രേക്ഷക ശ്രദ്ധേയയായത്

ഇന്‍സ്റ്റഗ്രാം റീല്‍സുകളില്‍ നിന്ന് വെള്ളിത്തിരയിലേയ്ക്ക് എത്തിയ ഡോളി ജൂണ്‍; കയ്യടി നേടി ബാലനിലെ അമ്മൂമ്മ
dot image

കൊച്ചു മകനൊപ്പം ഇന്‍സ്റ്റഗ്രാം റീല്‍സുകളില്‍ പ്രത്യക്ഷപ്പെട്ട 76കാരി ഡോളി ജൂണ്‍ ഇപ്പോള്‍ മലയാള സിനിമാ പ്രേക്ഷകരുടെ കയ്യടി നേടുന്നു. മഞ്ഞുമ്മല്‍ ബോയ്‌സിനു ശേഷം സംവിധായകന്‍ ചിദംബരത്തിന്റെ പുതിയ ചിത്രമായ ബാലന്‍ സിനിമയില്‍ തന്റേടിയായ അമ്മൂമ്മയുടെ വേഷത്തിലെത്തിയാണ് തൃശൂര്‍ കയ്പറമ്പ് സ്വദേശിനിയായ ഡോളി ജൂണ്‍ ശ്രദ്ധ നേടുന്നത്.

കൊച്ചുമകന്‍ റിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോകളിലൂടെയാണ് ഡോളി ജൂണ്‍ ആദ്യമായി പ്രേക്ഷക ശ്രദ്ധേയയായത്. രസകരമായ മറുപടികളും സ്വാഭാവിക അഭിനയശൈലിയും സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സിനിമയിലേയ്ക്കുള്ള അവസരവും എത്തി. കാസ്റ്റിങ് ഡയറക്ടര്‍ ഗണപതിയാണ് ഇന്‍സ്റ്റഗ്രാം വീഡിയോകള്‍ കണ്ട ശേഷം ഡോളി ജൂണിനെ ബാലന്‍ ദി ബോയ് സിനിമയിലേയ്ക്ക് ക്ഷണിച്ചത്. സിനിമയില്‍ തോക്കുമായി എത്തുന്ന അമ്മൂമ്മയുടെ കഥാപാത്രം പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. തന്റേടവും ആത്മവിശ്വാസവും നിറഞ്ഞ കഥാപാത്രത്തെ ഡോളി ജൂണ്‍ അനായാസമായി അവതരിപ്പിച്ചുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

മുണ്ടക്കയത്ത് ജനിച്ച ഡോളി ജൂണ്‍ പിന്നീട് കുടുംബത്തോടൊപ്പം നിലമ്പൂരിലേയ്ക്കും വിവാഹശേഷം തൃശൂരിലേയ്ക്കും താമസം മാറി. നാലു പെണ്‍മക്കളുള്ള കുടുംബത്തിലെ ഒരാള്‍ മരണപ്പെട്ടിട്ടുണ്ട്. ഭര്‍ത്താവ് താര ജൂണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്തരിച്ചു. ഇപ്പോള്‍ ഡോളി ജൂണ്‍ കൊച്ചുമകന്‍ റിയോയുടെ വെള്ളേപ്പം നിര്‍മ്മാണ സംരംഭത്തില്‍ സഹായിക്കുകയും സജീവമാകുകയും ചെയ്യുന്നു. ഒരുകാലത്ത് അമ്മൂമ്മയുമായുള്ള റീലുകള്‍ ചിത്രീകരിക്കുന്നതില്‍ നിന്ന് റിയോയെ വിലക്കിയിരുന്ന കുടുംബാംഗങ്ങള്‍ ഇന്ന് ഡോളി ജൂണിന്റെ സിനിമാ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്ന് കുടുംബം പറയുന്നു.

സിനിമയില്‍ അഭിനയിക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് പറയുന്ന ഡോളി ജൂണിന് ഒരു സ്വപ്നം കൂടിയുണ്ട്. മലയാളത്തിന്റെ പ്രമുഖ താരങ്ങളായ മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ കൂടെ, ചെറിയൊരു കഥാപാത്രമായാലും അഭിനയിക്കണമെന്നാണ് ആ ആഗ്രഹം. അപ്രതീക്ഷിതമായി ലഭിച്ച താരപദവിയും പ്രേക്ഷകരുടെ സ്‌നേഹവും ആസ്വദിക്കുകയാണ് ഇപ്പോള്‍ ഡോളി അമ്മൂമ്മ.

Content Highlights: -Dolly June, who came to the silver screen from Instagram reels; The grandmother of Balan won applause. Dolly June first came to the attention of the audience through videos shared by her grandson Rio on social media

dot image
To advertise here,contact us
dot image