

ജൂൺ മാസത്തിലെ യുഎസിൽ നിന്നുള്ള ഇന്ത്യയുടെ എൽപിജി ഇറക്കുമതി റെക്കോർഡിലേക്ക്. പശ്ചിമേഷ്യൻ സംഘർഷം മൂലം ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയിൽ പ്രതിസന്ധി നേരിട്ടിരിക്കെയാണ് യുഎസിൽ നിന്നുള്ള ഇറക്കുമതി വർധിച്ചിരിക്കുന്നത്. ജൂൺ മാസത്തിൽ 1.1 മുതൽ 1 .2 മില്യൺ ടൺ വരേയ്ക്കും ഇന്ത്യ ഇറക്കുമതി ചെയ്യുമെന്നാണ് വിലയിരുത്തൽ.
ജൂൺ മാസത്തിൽ ഇതുവരെയ്ക്കും 635000 ടൺ ഏൽപിജിയാണ് യുഎസിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. മൊത്തം ഇറക്കുമതിയുടെ 65 ശതമാനത്തോളം വരുമിത്. പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ യുഎസിൽ നിന്നുള്ള എൽപിജി ഇറക്കുമതി ഇന്ത്യ വർദ്ധിപ്പിച്ചിരുന്നു.
അതേസമയം, യുഎസുമായുള്ള വ്യാപാര കരാറിനെ സംബന്ധിച്ച് കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയൽ പറഞ്ഞ വാക്കുകളും ശ്രദ്ധേയമാകുകയാണ്. കുറഞ്ഞ താരിഫുകൾക്കും തുറന്ന വിപണിക്കുമായാണ് ഇന്ത്യ യുഎസിന് മേൽ സമ്മർദ്ദം ചെലുത്തുന്നതെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയൽ കഴിഞ്ഞ ദിവസം പറഞ്ഞു. ജൂലൈ 24ന് മുൻപായി ഇന്ത്യ യുഎസ് കരാറിന്റെ ആദ്യ ഘട്ടം ഒപ്പുവെയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
താരിഫുകളുമായി ബന്ധപ്പെട്ട ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ തുടരുന്നതിനാലാണ് കരാർ വൈകുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് മേൽ അമേരിക്ക ചുമത്തിയ 50% താരിഫ് ഒരു പ്രശ്നമാണ്. കുറഞ്ഞ താരിഫും തുറന്ന വിപണിയുമാണ് അമേരിക്കയോട് നമ്മൾ ആവശ്യപ്പെടുന്നത്. ഉത്പന്നങ്ങൾ എവിടെ നിർമ്മിച്ചതാണെന്ന് അറിയാനുള്ള റൂൾസ് ഓഫ് ഒറിജിൻ, അവ വ്യാപാരയോഗ്യമാണോ എന്നറിയാനുള്ള വ്യവസ്ഥകൾ, ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപസാധ്യതകളെ ഊട്ടിയുറപ്പിക്കുന്ന നിയമങ്ങൾ എന്നിവയും കരാറിൽ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.കരാർ ഒപ്പുവെച്ചാൽ അതിൽ ഏറ്റവും കൂടുതൽ സന്തോഷം തനിക്കാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയുമായി വ്യാപാരം വിപുലീകരിക്കാൻ തന്നെയാണ് ഇന്ത്യയുടെ പദ്ധതിയെങ്കിലും പ്രധാനപ്പെട്ട മേഖലയായ കൃഷി, ഫിഷറീസ്, ഡയറി എന്നിവയെ സംരക്ഷിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ, മീൻ കർഷകരുടെ, ഡയറി മേഖലയുടെ താത്പര്യങ്ങൾക്കാകും ചർച്ചകളിൽ മുൻഗണന. ഇതിന് പുറമെ ചർച്ചകളിൽ പ്രതിരോധം, മിനറൽസ്, നിക്ഷേപം തുടങ്ങിയ കാര്യങ്ങളും ചർച്ചയാകുന്നുണ്ട്.
സർവീസ് മേഖലയിൽ യുഎസിനും യൂറോപ്യൻ യൂണിയനും ഒപ്പമുള്ള വ്യാപാര കരാർ വലിയ ചലനമുണ്ടാക്കും എന്നും മന്ത്രി പറഞ്ഞു. ഐടി, കൺസൾട്ടിങ്, എഞ്ചിനീയറിംഗ്, ബിസിനസ് പ്രോസസ്സ് മാനേജ്‌മന്റ് മേഖലയിലെ ഏറ്റവും വലിയ സേവനദാതാക്കളാണ് ഇന്ത്യ. ഇന്ത്യക്കാർക്ക് ഈ മേഖലകൾ തുറന്നുകിട്ടുന്നത് കൂടി കരാറിൽ പരിഗണിച്ചേക്കും. യുഎസിന് പുറമെ കാനഡ, ഇസ്രയേൽ, ജിസിസി തുടങ്ങിയവരുമായും കരാർ സംബന്ധിച്ചുള്ള ചർച്ചകൾ തുടരുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
Content Highlights: India's LPG imports from the United States are set to reach a record level in June as disruptions and uncertainties linked to the ongoing West Asia conflict affect supplies from Gulf countries. The increased imports from the US are helping India maintain energy security and meet growing domestic demand amid changing global energy trade patterns.