വിപണിയിൽ വൻ കുതിപ്പ്; സെൻസെക്സ് 800 പോയിന്റിലേറെ ഉയർന്നു, 24200 മറികടന്ന് നിഫ്റ്റി

നിക്ഷേപകരുടെ ആകെ സമ്പത്തിൽ ഏകദേശം 5 ലക്ഷം കോടിയുടെ വർധനയുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു

വിപണിയിൽ വൻ കുതിപ്പ്; സെൻസെക്സ് 800 പോയിന്റിലേറെ ഉയർന്നു, 24200 മറികടന്ന് നിഫ്റ്റി
dot image

ആഴ്ച്ചയുടെ അവസാന ദിനത്തിൽ ശക്തമായ കുതിപ്പാണ് ആഭ്യന്തര വിപണിയിൽ റിപ്പോർട്ട് ചെയ്യുന്നത്. സെൻസെക്സ് 800 പോയിന്റിലേറെ ഉയർന്നപ്പോൾ 24,124.70 ൽ തുടങ്ങിയ നിഫ്റ്റി നിഫ്റ്റി 24,200 ഉം കടന്നു മുന്നേറി. ഇതോടെ നിക്ഷേപകരുടെ ആകെ സമ്പത്തിൽ ഏകദേശം 5 ലക്ഷം കോടിയുടെ വർധനയുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.

വിപണിയുടെ മുന്നേറ്റത്തിന് പ്രധാന കാരണം ടാറ്റ കൺസൾട്ടൻസി സർവീസസ് പുറത്തുവിട്ട മികച്ച ഒന്നാം പാദ ഫലങ്ങളാണ്. പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം ഐടി ഓഹരികളിൽ വ്യാപകമായ വാങ്ങൽ താൽപര്യം സൃഷ്ടിക്കുകയും മറ്റ് മേഖലകളിലേക്കും അനുകൂല വികാരം വ്യാപിപ്പിക്കുകയും ചെയ്തു.

ആഗോള വിപണികളിൽ നിന്നുള്ള അനുകൂല സൂചനകളും ഇന്ത്യൻ വിപണിക്ക് കരുത്തേകിയിട്ടുണ്ട്. വിദേശ വിപണികളിലെ സ്ഥിരതയും റിസ്ക് എടുക്കാനുള്ള നിക്ഷേപകരുടെ താൽപര്യവും ഇന്ത്യൻ ഓഹരികളിലേക്കുള്ള നിക്ഷേപം വർധിപ്പിക്കാൻ സഹായിച്ചു.ഇറാൻ–അമേരിക്ക സംഘർഷവുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിന്നിരുന്നെങ്കിലും നിക്ഷേപകർ അതിനെ തൽക്കാലം അവഗണിച്ച് കമ്പനികളുടെ സാമ്പത്തിക പ്രകടനത്തിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതും വിപണിക്ക് അനുകൂലമായി. ടെക് മഹീന്ദ്ര, ടിസിഎസ്, എച്ച്സിഎൽ ടെക് എന്നിവയാണ് ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ. അതേസമയം ഭാരതി എയർടെൽ, എറ്റേണൽ, സൺ ഫാർമ എന്നിവയാണ് ഇന്നത്തെ വ്യാപാരത്തിൽ സമ്മർദ്ദം നേരിടുന്ന ഓഹരികൾ.

അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയിലെ നീക്കങ്ങളും വിപണിയുടെ മനോഭാവത്തെ സ്വാധീനിച്ചു. എണ്ണവിലയിലെ മാറ്റങ്ങൾ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായകമായതിനാൽ നിക്ഷേപകർ അതും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

അതേസമയം, വിദേശ സ്ഥാപന നിക്ഷേപകരുടെ തുടർച്ചയായ വാങ്ങലും വിപണിക്ക് ശക്തമായ പിന്തുണ നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് വലിയ കമ്പനികളുടെ ഓഹരികളിൽ ഉണ്ടായ വാങ്ങൽ താല്പര്യങ്ങളാണ് സൂചികകളെ ഉയർന്ന നിലയിലേക്ക് നയിച്ചത്. കോർപ്പറേറ്റ് കമ്പനികളുടെ മികച്ച സാമ്പത്തിക ഫലങ്ങൾ തുടർന്നും ലഭിക്കുകയും ആഗോള സാഹചര്യം അനുകൂലമായി തുടരുകയും ചെയ്താൽ വിപണിയിലെ മുന്നേറ്റത്തിന് തുടർന്നും കൂടുതൽ കരുത്ത് ലഭിക്കാനിടയുണ്ട് എന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.

Content Highlights:  Sensex zooms over 800 pts, Nifty above 24,200; IT, metal stocks shine

dot image
To advertise here,contact us
dot image