

കല്യാൺ ജ്വല്ലേഴ്‌സ് ഓഹരിയിൽ ശക്തമായ വാങ്ങൽ തരംഗം. വ്യാഴാഴ്ച ഇൻട്രാഡേ വ്യാപാരത്തിൽ ഓഹരി ഏകദേശം 18 ശതമാനം വരെ ഉയർന്നു . ഇതോടെ തുടർച്ചയായ രണ്ട് ദിവസം കൊണ്ട് ഓഹരികൾ 24 ശതംനത്തിന്റെ മുന്നേറ്റമാണ് നൽകിയത്. ആഗോള ബ്രോക്കറേജ് സ്ഥാപനമായ സിറ്റിഗ്രൂപ്പ് കമ്പനിയിൽ ബുള്ളിഷ് നിലപാട് ആവർത്തിച്ചതാണ് ഓഹരിക്ക് വലിയ പിന്തുണയായത്.
സിറ്റിഗ്രൂപ്പ് കല്യാൺ ജ്വല്ലേഴ്‌സിന് 'Buy’ റേറ്റിംഗ് നിലനിർത്തുകയും, ഓഹരിക്ക് 750 രൂപ ലക്ഷ്യവില നിശ്ചയിക്കുകയും ചെയ്തു. നിലവിലെ നിലയിൽ നിന്ന് ഓഹരിക്ക് വലിയ ഉയർച്ചാ സാധ്യതയുണ്ടെന്നാണ് ബ്രോക്കറേജിന്റെ വിലയിരുത്തൽ. ഏകദേശം ഇരട്ടിയോളം.
സിറ്റിയുടെ പോസിറ്റീവ് നിലപാടിന് പിന്നിൽ കമ്പനിയുടെ ദീർഘകാല വളർച്ചാ തന്ത്രങ്ങളാണ് പ്രധാന കാരണം. പ്രത്യേകിച്ച് ഫ്രാഞ്ചൈസി അടിസ്ഥാനത്തിലുള്ള വിപുലീകരണ മാതൃക, സ്റ്റോർ ശൃംഖലയുടെ വളർച്ച, ഡിജിറ്റൽ ആഭരണ പ്ലാറ്റ്‌ഫോമായ കാൻഡെറെയുടെ മുന്നേറ്റം എന്നിവ കമ്പനിയുടെ ഭാവി വളർച്ചയ്ക്ക് കരുത്താകുമെന്ന് ബ്രോക്കറേജ് വിലയിരുത്തുന്നു.
2026 സാമ്പത്തിക വർഷത്തിലെ ജൂൺ പാദത്തിൽ കല്യാൺ ജ്വല്ലേഴ്‌സ് ഏകീകൃത വരുമാനത്തിൽ ഏകദേശം 38 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ബിസിനസും സമാനമായി 38 ശതമാനം വളർച്ച നേടി. നിലവിലുള്ള ഷോറൂമുകളിലെ വിൽപ്പന വളർച്ച (Same Store Sales Growth - SSSG) 28 ശതമാനമായിരുന്നു. കമ്പനിയുടെ അന്താരാഷ്ട്ര ബിസിനസും മികച്ച പ്രകടനം കാഴ്ചവച്ചു.
മിഡിൽ ഈസ്റ്റ് വിപണിയിൽ വളർച്ച തുടരുകയും, വിദേശ ബിസിനസ് കമ്പനിയുടെ മൊത്തം വരുമാനത്തിൽ ശ്രദ്ധേയമായ പങ്ക് വഹിക്കുകയും ചെയ്തു.കല്യാൺ ജ്വല്ലേഴ്‌സിന്റെ ഡിജിറ്റൽ ആഭരണ ബ്രാൻഡായ കാൻഡെറെ മികച്ച വളർച്ചയാണ് നേടുന്നത്. ജൂൺ പാദത്തിൽ കാൻഡെറെയുടെ വരുമാനം മുൻവർഷത്തേക്കാൾ 112 ശതമാനം ഉയർന്നു. ഓൺലൈൻ-ഓഫ്‌ലൈൻ സംയോജിത വ്യാപാര മാതൃക കമ്പനിയുടെ ഭാവി വളർച്ചയിലെ പ്രധാന ഘടകമായി മാറുമെന്ന് സിറ്റി ബ്രോക്കറേജ് വിലയിരുത്തുന്നു.
കമ്പനി ജൂൺ പാദത്തിൽ പുതിയ കല്യാൺ ഷോറൂമുകളും കാൻഡെറെ സ്റ്റോറുകളും ആരംഭിച്ചു. ഇതോടെ മൊത്തം ഷോറൂം ശൃംഖല കൂടുതൽ വിപുലമായി. വരാനിരിക്കുന്ന ഉത്സവ-വിവാഹ സീസണിൽ ഉപഭോക്തൃ ഡിമാൻഡ് ശക്തമാകുമെന്ന പ്രതീക്ഷയും കമ്പനിക്ക് പിന്തുണ നൽക്കുന്നുണ്ട്.
ജൂൺ പാദത്തിലെ ബിസിനസ് അപ്‌ഡേറ്റിന് പിന്നാലെ നിക്ഷേപകർ ചില ആശങ്കകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഓഹരി ഏകദേശം 7 ശതമാനം ഇടിഞ്ഞിരുന്നു. വരുമാന വളർച്ച മികച്ചതായിരുന്നെങ്കിലും വിപണി പ്രതീക്ഷകളെ അപേക്ഷിച്ച് കുറവാണെന്ന വിലയിരുത്തലായിരുന്നു കാരണം. എന്നാൽ സിറ്റിയുടെ പോസിറ്റീവ് റിപ്പോർട്ടിന് പിന്നാലെ നിക്ഷേപകരുടെ ആത്മവിശ്വാസം തിരിച്ചെത്തുകയായിരുന്നു. ബ്രോക്കറേജുകൾ ദീർഘകാല വളർച്ചാ സാധ്യതകൾ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും, ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളും ആഭരണ മേഖലയിലെ വെല്ലുവിളികളും നിക്ഷേപകർ പരിഗണിക്കേണ്ടതാണ്.
Content Highlights: Kalyan Jewellers stock soars 18%, extends two-day rally to 24% after Citi's bullish call