

രാവിലെ എഴുന്നേറ്റ ഉടനെ ചൂടുവെള്ളം കുടിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുന്ന ശീലം പലര്‍ക്കും ഉണ്ട്. ഇവയെല്ലാം നല്ല ശീലങ്ങളാണ്. എന്നാല്‍ മറുവശത്ത് വാര്‍ത്തകളും മെസേജുകളും സോഷ്യല്‍ മീഡിയയിലെ സംഭവങ്ങളും ഒക്കെ ശ്രദ്ധിച്ചുകൊണ്ട് ഒരു ദിവസം ആരംഭിക്കുന്ന ആളുകളും ഉണ്ട്. എന്നാല്‍ എഴുന്നേറ്റ ഉടനെ ഫോണ്‍ ഉപയോഗിക്കുന്നത് ആരോഗ്യകരമായ ശീലമല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഏകദേശം 70 മുതല്‍ 80 ശതമാനം വരെ ആളുകള്‍ ഉറക്കമുണര്‍ന്ന് 10 മുതല്‍ 15 മിനിറ്റിനുള്ളില്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ് എന്നാണ് നിരവധി റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. നിസ്സാരമെന്ന് തോന്നുന്ന ഈ ശീലം ക്രമേണ ശരീരത്തിനും മനസ്സിനും ദോഷം ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
അതുകൊണ്ടുതന്നെ ഈ ശീലം മാറ്റിയെടുക്കേണ്ടതുണ്ട്.

രാവിലെ ഫോണ്‍ ഉപയോഗിച്ചാല്‍ എന്താണ് സംഭവിക്കുന്നതെന്നാവും പലരും ചിന്തിക്കുന്നത്. നമ്മള്‍ ഉണരുമ്പോള്‍ നമ്മുടെ തലച്ചോറ് നേരിയ ഉറക്കത്തിനും ഉണര്‍വിനും ഇടയിലുള്ള ഒരു അവസ്ഥയിലാണ് ഉണ്ടാവുക. ഇതിനെ വിദഗ്ധര്‍ 'Sleep inertia' എന്ന് വിളിക്കുന്നു. ഈ സമയത്ത് തലച്ചോറ് പതുക്കെ ഉണര്‍ന്ന് ശാന്തമായ രീതിയില്‍ സജീവമാകേണ്ടതുണ്ട്. എന്നാല്‍ നമ്മള്‍ ഫോണ്‍ എടുത്ത് സന്ദേശങ്ങള്‍, ഇമെയിലുകള്‍ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ എന്നിവയൊക്കെ പരിശോധിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ തലച്ചോറ് പെട്ടെന്ന് ധാരാളം വിവരങ്ങള്‍ കൊണ്ട് നിറയും. ഈ പ്രക്രിയ ദിവസവും ആവര്‍ത്തിക്കുകയാണെങ്കില്‍, ക്രമേണ ശരീരം എപ്പോഴും നേരിയ സമ്മര്‍ദ്ദത്തില്‍ തുടരാന്‍ തുടങ്ങും.

ഈ ശീലം മാനസികാരോഗ്യത്തെ മാത്രമല്ല മൊത്തത്തിലുള്ള ഉറക്ക രീതികളെയും തടസ്സപ്പെടുത്തുന്നു. രാവിലെ ഫോണ്‍ സ്‌ക്രീനില്‍ നിന്നുള്ള വെളിച്ചം നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക ഘടികാരത്തെ തടസ്സപ്പെടുത്തുന്നു. ഇത് രാത്രിയിലെ ശരിയായ ഉറക്കം തടയുന്നു. ഉറക്കക്കുറവ് ദിവസം മുഴുവന്‍ നിങ്ങളുടെ ഊര്‍ജ്ജത്തെയും ഓര്‍മ്മശക്തിയെയും മൊത്തത്തിലുള്ള പ്രകടനത്തെയും ബാധിക്കുന്നു. കൂടാതെ, അതിരാവിലെ ഉണര്‍ന്ന് നെഗറ്റീവ് വാര്‍ത്തകളോ സമ്മര്‍ദ്ദകരമായ വിവരങ്ങളോ അറിയാന്‍ തുടങ്ങുന്ന ആളുകള്‍ പലപ്പോഴും ദിവസം മുഴുവന്‍ അസ്വസ്ഥരായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.

ഉറക്കമുണര്‍ന്നയുടനെ ഫോണ്‍ ഉപയോഗിക്കുന്ന ശീലമുള്ളവര്‍ കിടക്കുമ്പോള്‍ത്തന്നെ ഫോണ്‍ കിടപ്പുമുറിക്ക് പുറത്തോ കിടക്കയില്‍ നിന്ന് അകലെയോ വയ്ക്കണം. അങ്ങനെ അവര്‍ ഉണരുമ്പോള്‍ തന്നെ ഫോണിലേക്ക് കൈ നീട്ടില്ല. മാത്രമല്ല രാവിലെ എഴുന്നേല്‍ക്കാന്‍ അലാറം വേണമെന്നുള്ളവര്‍ അതിനായി ടൈംപീസ് സെറ്റ് ചെയ്ത് വയ്ക്കുകയോ മറ്റെന്തെങ്കിലും വഴികള്‍ തേടുകയോ ചെയ്യേണ്ടതാണ്.
രാവിലെ എഴുന്നേറ്റ ഉടനെ 10 മിനിറ്റ് യോഗ ചെയ്യാനോ നടക്കാനോ മാറ്റി വയ്ക്കുക. 15 മിനിറ്റ് നേരം വാതിലോ ജനാലയോ തുറന്ന് അല്‍പം കാറ്റും വെളിച്ചവും കൊളളുക. എഴുന്നേറ്റാലുടന്‍ തനിക്ക് ചെയ്യാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്നും അവ ഏതൊക്കെയാണെന്നും പ്ലാന്‍ ചെയ്യുക. അങ്ങനെ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഫോണ്‍ എടുത്തുനോക്കാന്‍ തിരക്ക് കൂട്ടില്ല.
Content Highlights :The habit of checking your phone immediately after waking up can adversely affect your brain, sleep, and mental health.