പശ്ചിമേഷ്യൻ സംഘർഷം: യുഎഇയിൽ കുടുങ്ങിപ്പോയ വിദേശികൾക്ക് അനുവദിച്ച 30 ദിവസത്തെ വിസ ഇളവ് കാലാവധി അവസാനിച്ചു

ഇളവ് കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവര്‍ക്കെതിരെ നാളെ മുതല്‍ കര്‍ശന നിയമനടപടികളും ഓവര്‍‌സ്റ്റേ പിഴയും ഈടാക്കിത്തുടങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കി

പശ്ചിമേഷ്യൻ സംഘർഷം: യുഎഇയിൽ കുടുങ്ങിപ്പോയ വിദേശികൾക്ക് അനുവദിച്ച 30 ദിവസത്തെ വിസ ഇളവ് കാലാവധി അവസാനിച്ചു
dot image

പശ്ചിമേഷ്യന്‍ പ്രതിസന്ധിയെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടത് മൂലം യുഎഇയില്‍ കുടുങ്ങിപ്പോയ വിദേശികള്‍ക്ക് അനുവദിച്ച മുപ്പത് ദിവസത്തെ വിസ ഇളവ് കാലാവധി ഇന്ന് അവസാനിച്ചു. യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി അനുവദിച്ച പ്രത്യേക ഗ്രേസ് പിരീഡാണ് ഇതോടെ പൂര്‍ത്തിയായത്.

താമസരേഖകള്‍ നിയമവിധേയമാക്കാനോ അധിക നടപടിക്രമങ്ങളില്ലാതെ രാജ്യം വിടാനോ ജൂണ്‍ പത്ത് മുതലായിരുന്നു ഈ ആനുകൂല്യം നല്‍കിയിരുന്നത്. ഇളവ് കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവര്‍ക്കെതിരെ നാളെ മുതല്‍ കര്‍ശന നിയമനടപടികളും ഓവര്‍‌സ്റ്റേ പിഴയും ഈടാക്കിത്തുടങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടര്‍ന്ന് വ്യോമപാതകള്‍ അടച്ചതും വിമാന സര്‍വീസുകള്‍ റദ്ദാക്കിയതും കാരണം നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ കുടുങ്ങിയ സന്ദര്‍ശകര്‍ക്കാണ് യുഎഇ ഭരണകൂടം നേരത്തെ ഓവര്‍‌സ്റ്റേ പിഴകളില്‍ താല്‍ക്കാലിക ഇളവ് അനുവദിച്ചിരുന്നത്. എന്നാല്‍ നിലവില്‍ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലായ സാഹചര്യത്തിലാണ്, ഇത്തരക്കാര്‍ക്ക് സ്റ്റാറ്റസ് നിയമവിധേയമാക്കാനോ രാജ്യം വിടാനോ അവസാന അവസരം നല്‍കിയിരുന്നത്.

ബാധിക്കപ്പെട്ട സന്ദര്‍ശകര്‍ക്ക് മുന്നില്‍ പ്രധാനമായും മൂന്ന് വഴികളാണുണ്ടായത്. യോഗ്യതയുള്ളവര്‍ക്ക് വിസിറ്റ് വിസ പുതുക്കി സ്റ്റാറ്റസ് മാറ്റാം, പുതിയ ജോലി ലഭിച്ചവര്‍ക്ക് എംപ്ലോയ്‌മെന്റ് വിസ നടപടികള്‍ പൂര്‍ത്തിയാക്കാം, അല്ലെങ്കില്‍ ജൂലൈ ഒമ്പതിനകം യുഎഇയില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാം. പലരും ഇതിനകം തന്നെ വിസ നടപടികള്‍ പൂര്‍ത്തിയാക്കുകയോ രാജ്യം വിടുകയോ ചെയ്തിട്ടുണ്ടെന്ന് എമിഗ്രേഷന്‍ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

അതേസമയം, ഈ സമയപരിധി സാധാരണ താമസ വിസക്കാര്‍ക്ക് ബാധകമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വിസ റദ്ദാക്കപ്പെട്ടതോ കാലാവധി കഴിഞ്ഞതോ ആയ താമസക്കാരുടെ ഗ്രേസ് പിരീഡ് അവരുടെ വിസ കാറ്റഗറിയും തൊഴിലും അനുസരിച്ചുള്ള നിലവിലെ യുഎഇ നിയമപ്രകാരം തന്നെയായിരിക്കും തുടരുക. പിഴാ നടപടികള്‍ ഒഴിവാക്കാനായി അവസാന നിമിഷം വരെ കാത്തുനില്‍ക്കാതെ അടിയന്തരമായി ആമര്‍ സെന്ററുകളുമായോ എമിഗ്രേഷന്‍ അധികൃതരുമായോ ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ട്രാവല്‍ ഏജന്‍സികള്‍ നല്‍കുന്ന നിര്‍ദ്ദേശം.

Content Highlights: The 30-day visa relief period provided by the UAE for foreign nationals stranded in the country due to flight disruptions caused by the West Asia crisis has ended

dot image
To advertise here,contact us
dot image