

ദുബായിൽ ഇനി തൊഴിലാളികളെ ചൂഷണം ചെയ്യുന്നവർക്ക് കുരുക്ക് മുറുകും. സ്വകാര്യ മേഖലയിലെ തൊഴിൽചൂഷണം റിപ്പോർട്ട് ചെയ്യാനായി ദുബായ് നൗ ആപ്പിൽ സൗകര്യമൊരുക്കി. ദുബായ് പൊലീസാണ് സൗകര്യം ഒരുക്കിയത്. 'ഡിജിറ്റൽ ദുബായ്'യുടെ എക്സ് പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. തൊഴിലാളികൾക്ക് ഒറ്റയ്ക്കോ കൂട്ടമായോ ഇനി തൊഴിലുടമയ്‌ക്കെതിരെ ആപ്പിൽ പരാതി നൽകാം. 'വർക്കേഴ്സ് വോയിസ്' എന്ന ഈ സർവീസിലൂടെ വേതനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ജോലി സ്ഥലത്തെ സാഹചര്യങ്ങൾ, താമസം, സുരക്ഷാ പ്രശ്നങ്ങൾ എന്നിവ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താം.
അതേസമയം,ട്രാഫിക് പിഴകൾ, പാർക്കിങ് ലംഘനങ്ങൾ, സാലക് പിഴകൾ തുടങ്ങി വിവിധ സർക്കാർ വകുപ്പുകൾ ചുമത്തുന്ന പിഴകൾ ഇനി മുതൽ ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ ഒന്നിച്ച് അടയ്ക്കാനുള്ള പുതിയ സംവിധാനം അവതരിപ്പിച്ച് ദുബായ് സർക്കാർ. ഡിജിറ്റൽ ദുബായ് തങ്ങളുടെ ഔദ്യോഗിക സ്മാർട്ട് ആപ്ലിക്കേഷനായ 'ദുബായ് നൗ'വിൽ ആണ് 'പേ ഓൾ ഫൈൻസ്' എന്ന ഈ പുത്തൻ സേവനം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ വ്യത്യസ്ത വെബ്‌സൈറ്റുകളോ ആപ്പുകളോ മാറിമാറി സന്ദർശിച്ച് പിഴകൾ അടയ്ക്കേണ്ടി വരുന്ന പ്രവാസികളുടെയും സ്വദേശികളുടെയും വലിയ ബുദ്ധിമുട്ടിനാണ് പരിഹാരമായിരിക്കുന്നത്.
ദുബായ് സർക്കാരിന്റെ ഔദ്യോഗിക ആപ്പായ 'ദുബായ് നൗ' വഴി നിലവിൽ വിവിധ സർക്കാർ-സ്വകാര്യ മേഖലകളിലെ 320-ലധികം സേവനങ്ങൾ ലഭ്യമാണ്. വാട്ടർ-ഇലക്ട്രിസിറ്റി ബില്ലുകൾ അടയ്ക്കൽ, വിസ സേവനങ്ങൾ, സാലക് അക്കൗണ്ട് റീചാർജ് ചെയ്യൽ എന്നിവയെല്ലാം ഇതിലൂടെ സാധ്യമാകും. ഇതിന് പിന്നാലെയാണ് ഉപഭോക്താക്കളുടെ സൗകര്യം ഇരട്ടിയാക്കിക്കൊണ്ട് എല്ലാത്തരം പിഴകളും ഒന്നിച്ച് അടയ്ക്കാനുള്ള സംവിധാനവും ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇനി മുതൽ ആളുകൾക്ക് തങ്ങളുടെ എമിറേറ്റ്സ് ഐഡിയുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ പിഴകളുടെയും പൂർണ്ണമായ വിവരങ്ങൾ ഒരൊറ്റ സ്ക്രീനിൽ കാണാനും ഒരൊറ്റ ട്രാൻസാക്ഷനിലൂടെ അവ മുഴുവനായി അടച്ചുതീർക്കാനും സാധിക്കും.
വളരെ ലളിതമായി ഉപയോഗിക്കാവുന്ന ഈ സേവനത്തിന്റെ പ്രവർത്തനം ഇപ്രകാരമാണ്;
വിവിധ അതോറിറ്റികൾ നൽകുന്ന പിഴകൾ കൃത്യസമയത്ത് അറിയാനും അവ ട്രാക്ക് ചെയ്യാനും ഈ സംവിധാനം ഏറെ സഹായിക്കും. പിഴകൾ അടയ്ക്കാൻ വൈകുന്നത് വഴിയുണ്ടാകുന്ന അധിക പിഴകൾ ഒഴിവാക്കാനും, വാഹന രജിസ്ട്രേഷൻ പുതുക്കുന്നതിലെ താമസം, മറ്റ് സർക്കാർ ഇടപാടുകൾക്കുള്ള തടസ്സങ്ങൾ എന്നിവ ഇല്ലാതാക്കാനും ഈ പുതിയ ഡിജിറ്റൽ സേവനം ഉപഭോക്താക്കളെ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Content Highlights: Dubai Police has introduced a facility on the Dubai Now app to help private-sector employees report labour exploitation and workplace violations. The initiative aims to strengthen worker protection, ensure compliance with UAE labour laws, and take action against employers involved in unfair practices.