വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഒമാനില്‍; രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം

ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും പ്രധാന മേഖലകളിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതും ലക്ഷ്യം

വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഒമാനില്‍; രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം
dot image

ഉന്നതതല ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഒമാനിലെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശന വേളയില്‍ ഉഭയകക്ഷി ബന്ധങ്ങള്‍, സിഇപിഎ നടപ്പാക്കല്‍, പ്രാദേശിക സംഭവവികാസങ്ങള്‍ എന്നിവ അവലോകനം ചെയ്യും. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും പ്രധാന മേഖലകളിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി മന്ത്രി എസ് ജയശങ്കര്‍ ഒമാനില്‍ എത്തിയത്.

ഇന്ന് ഒമാനില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ ഷെയ്ഖ് അഹമ്മദ് അല്‍ മസ്‌കരിയുടെ ഊഷ്മളമായ സ്വീകരണത്തിന് നന്ദിയുണ്ടെന്നും ജയശങ്കര്‍ എക്‌സില്‍ കുറിച്ചു. സന്ദര്‍ശന വേളയില്‍ ജയശങ്കര്‍ ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ അല്‍ ബുസൈദിയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.

വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജ സഹകരണം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയുള്‍പ്പെടെ ഇന്ത്യ-ഒമാന്‍ ബന്ധങ്ങളുടെ മുഴുവന്‍ സ്‌പെക്ട്രവും ചര്‍ച്ചകളില്‍ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാന്‍ സന്ദര്‍ശന വേളയില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത് ഇരുപക്ഷവും അവലോകനം ചെയ്യുകയും ജൂണ്‍ 1 ന് പ്രാബല്യത്തില്‍ വന്ന ഇന്ത്യ-ഒമാന്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സിഇപിഎ) രൂപരേഖ ചര്‍ച്ച ചെയ്യുകയും ചെയ്യും.

ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ശേഷം നടത്തുന്ന മൂന്നാമത്തെ ഒമാന്‍ സന്ദര്‍ശനം ആണിത്. ഔദ്യോഗിക ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി വിദേശകാര്യ മന്ത്രി ബഹ്‌റൈനും സന്ദര്‍ശിച്ചിരുന്നു. ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ണ്ണായക കൂടിക്കാഴ്ച നടന്നത്.

ബഹ്റൈനില്‍ താമസിക്കുന്ന പ്രവാസി ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി ബഹ്റൈന്‍ ഭരണകൂടം സ്വീകരിച്ചുവരുന്ന മികച്ച നടപടികള്‍ക്ക് മന്ത്രി ആത്മാര്‍ത്ഥമായ നന്ദി അറിയിച്ചു. ലക്ഷക്കണക്കിന് വരുന്ന പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനായി ബഹ്റൈന്‍ സര്‍ക്കാര്‍ നല്‍കുന്ന നിരന്തരമായ പിന്തുണയെയും കരുതലിനെയും ഇന്ത്യ ഏറെ അഭിനന്ദിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

Content Highlights: Indian External Affairs Minister S Jaishankar arrived in Oman for high-level talks

dot image
To advertise here,contact us
dot image