തെറാപ്പി മുടങ്ങി, ഇരുന്ന് എഴുനേൽക്കുമ്പോൾ നല്ല വേദനയാണ്, സാമ്പത്തികമാണ് പ്രശ്നം; ഉല്ലാസ് പന്തളം

തെറാപ്പി ചെയ്താലേ ഇനിയും ആരോഗ്യവാനാകൂ. തത്ക്കാലം തെറാപ്പി മുടങ്ങി നിൽക്കുകയാണ്. സാമ്പത്തികമാണ് കാരണം.

തെറാപ്പി മുടങ്ങി, ഇരുന്ന് എഴുനേൽക്കുമ്പോൾ നല്ല വേദനയാണ്, സാമ്പത്തികമാണ് പ്രശ്നം; ഉല്ലാസ് പന്തളം
dot image

മിമിക്രിയിലൂടെയും കോമഡി ഷോകളിലൂടെയും മലയാളികൾക്ക് സുപരിചിതനായ കലാകാരനാണ് ഉല്ലാസ് പന്തളം. മസ്തിഷ്കാഘാതം മൂലം ഒരു വശം ഭാഗികമായി തളർച്ച നേരിടുന്ന അവസ്ഥയിലാണ് നടനിപ്പോൾ. താരം അസുഖബാധിതനാണെന്ന് പുറം ലോകം അറിഞ്ഞത് ഇക്കഴിഞ്ഞ ഒക്ടോബറിലാണ്. ഇപ്പോഴിതാ ആരോഗ്യം പതുകെ വീണ്ടെടുക്കുകയാണ് താരം. ലക്ഷ്മി നക്ഷത്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.തെറാപ്പി മുടങ്ങിയെന്നും സ്ഥിര വരുമാനം ഇല്ലാത്തത് പ്രശ്നമാണെന്നും ഉല്ലാസ് അഭിമുഖത്തിൽ പറയുന്നുണ്ട്.

'ആദ്യത്തെ അവസ്ഥയിൽ നിന്ന് ഇപ്പോൾ നല്ല വ്യത്യാസമുണ്ട്. ‌‌ചികിത്സയുടെ ഭാഗമായി ഇപ്പോൾ ഫിസിയോതെറാപ്പിയാണ് ചെയ്യുന്നത്. ഇനിയും ഒന്നര വർഷം കൂടി തെറാപ്പി ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്. പഴയ രീതിയിലേക്ക് ആകാനാണ് ഈ ഒന്നര വർഷം. ഇപ്പോൾ കയ്യൊക്കെ പൊക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ്. പക്ഷേ കാലിന് അത്ര പ്രശ്നനമില്ല. എന്നാൽ കാൽമുട്ടിനും നടുവിനുമൊക്കെ നല്ല വേദനയാണ്. കുറേ നേരം ഇരുന്നു കഴിഞ്ഞാല്‍ എഴുന്നേൽക്കാൻ നല്ല വേദനയാണ്. എന്തായാലും ഈ സീസണിൽ ഞാൻ സ്റ്റേജിൽ പ്രോഗ്രാം കളിക്കാൻ കേറും. ഫിസിയോ തെറാപ്പി എല്ലാ ദിവസവും ചെയ്യണം. ഇടയ്ക്ക് അത് നിന്നു പോയി, വൈകാതെ വീണ്ടും തുടങ്ങണം. ഡോക്ടർമാർ പറയുന്നത് തെറാപ്പി മുടക്കരുതെന്നാണ്.

തെറാപ്പി ചെയ്താലേ ഇനിയും ആരോഗ്യവാനാകൂ. തത്ക്കാലം തെറാപ്പി മുടങ്ങി നിൽക്കുകയാണ്. സാമ്പത്തികമാണ് കാരണം. ഒരുപാടു ലോണും കാര്യങ്ങളുമുണ്ട്. ആശുപത്രിയിലായിരുന്ന സമയത്തെ കാര്യങ്ങളൊക്കെ വളരെ നന്നായി നടന്നു. ലോണാണ് ഇപ്പോഴത്തെ പ്രതിസന്ധി. അതിനുള്ള പരിഹാരമാണ് നോക്കുന്നത്. ഇപ്പോഴത്തെ പ്രതിസന്ധികളെല്ലാം മാറണമെങ്കിൽ സ്ഥിരവരുമാനം വേണം. അതിനുള്ള ഒരു പ്ലാനാണ് ഇപ്പോൾ മനസിലുള്ളത്. അസുഖം വന്നതിന് ശേഷം തുടങ്ങിയ 'മുന്തിരിപ്പന്തൽ' എന്ന ഹോട്ടൽ ഇത്തിരി ഉള്ളിലാണ്. അതിനാൽ എല്ലാവർക്കും ഒന്നും എത്തിപ്പെടാൻ കഴിയാറില്ല,' ഉല്ലാസ് പന്തളം പറഞ്ഞു.

കലാകാരന് നല്ല ആരോഗ്യം നേർന്ന് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വിശുദ്ധ പുസ്തകം, കുട്ടനാടൻ മാർപ്പാപ്പ, നാം, ചിന്ന ദാദ തുടങ്ങിയ സിനിമകളിൽ ഉല്ലാസ് അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയാണ് ഉല്ലാസ് പന്തളം രണ്ടാമതും വിവാഹിതനായത്. ആദ്യ ഭാര്യയുടെ മരണശേഷം പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ദിവ്യയെയാണ് ലളിതമായ ചടങ്ങിൽ ഉല്ലാസ് വിവാഹം ചെയ്തത്.


Content Highlights: Malayalam comedian Ullas Pandalam has spoken about his health condition, revealing that his therapy has been interrupted. He also shared that financial difficulties have become a challenge during his treatment process. The actor’s statement has drawn attention from fans and well-wishers.

dot image
To advertise here,contact us
dot image