

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നെഞ്ചുവേദനയുമായി എത്തിയ രോഗി മരിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ഡോ. ഹാരിസ് ചിറക്കല്‍. രോഗിയെ ഒപി ടിക്കറ്റിനായി ക്യൂവില്‍ നിര്‍ത്തിയതും, അടിയന്തര ചികിത്സ നല്‍കാതെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതും ഗുരുതര അനാസ്ഥയാണെന്ന് ഫെയ്‌സ് ബുക്ക് കുറിപ്പില്‍ അദ്ദേഹം പറയുന്നു. രോഗിയുടെ ജീവന്‍ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും സ്വീകരിച്ച ഈ നടപടികള്‍ക്കെതിരെ ശക്തമായ അന്വേഷണം വേണമെന്നും ഡോ. ഹാരിസ് ചിറക്കല്‍ കുറിപ്പില്‍ ആവശ്യപ്പെട്ടു. ചര്‍ച്ചയായതോടെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
സംഭവത്തില്‍ ജീവനക്കാര്‍ക്ക് അനാസ്ഥ ഉണ്ടായെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു. 'നെഞ്ചുവേദനയുമായി വരുന്നവരെ ഇങ്ങനെയല്ല ചികിത്സിക്കേണ്ടത്. ക്യൂവില്‍ നിര്‍ത്തിയും ഓപി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്. നിമിഷങ്ങള്‍ കൊണ്ട് രോഗി ഹൃദയസ്തംഭനം വന്ന് മരണത്തിലേക്ക് പോകുമെന്നത് അറിയാവുന്ന കാര്യമാണ്. ഏറ്റവും അടിയന്തിരമായി എമര്‍ജന്‍സി വിഭാഗത്തിലും ഐസിയുവിലും അഡ്മിറ്റ് ചെയ്ത് നിരീക്ഷിക്കേണ്ടതായിരുന്നു. മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു കുറിപ്പ് നല്‍കിയത്രെ. ഒരു ജനറല്‍ ആശുപത്രിയിലാണ് സംഭവം. ഹൃദയ സ്തംഭനത്തിലേക്ക് നീങ്ങുന്ന രോഗിയ്ക്ക് മെഡിക്കല്‍ കോളേജിലേക്ക് റഫറല്‍ ലെറ്റര്‍ നല്‍കുന്നു. ഒരു മണിക്കൂര്‍ എടുക്കും മെഡിക്കല്‍ കോളേജില്‍ എത്താന്‍. സീരിയസ് രോഗികളെ അങ്ങനെയല്ല റഫര്‍ ചെയ്യേണ്ടത്. ശക്തമായ അന്വേഷണവും നടപടികളും ആവശ്യമാണ്', പോസ്റ്റില്‍ പറയുന്നു.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി മരിക്കുന്നത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോലി സ്ഥലത്തുനിന്നാണ് രാജേഷിനെ ആശുപത്രിയില്‍ എത്തിച്ചത്. ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത് സെക്യൂരിറ്റി ജീവനക്കാരന്‍ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ക്യൂവില്‍ നിവല്‍ക്കണമെന്നാണ് പറഞ്ഞതെന്നും രാജേഷിന്റെ ബന്ധുക്കള്‍ പ്രതികരിച്ചിരുന്നു. വേദനയോടെ രാജേഷ് ക്യൂവില്‍ നിന്നു. ഇതിനിടെ ഭാര്യ അവിടേയ്ക്ക് എത്തി. അതിന് ശേഷം രാജേഷിനെ ഒരു കസേരയില്‍ ഇരുത്തി. തൊട്ടുപിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഇതിന് ശേഷമാണ് ഡോക്ടര്‍ എത്തി പരിശോധിച്ചത്. തുടര്‍ന്ന് ഇസിജി എടുത്തു. ഹൃദയാഘാതം സംഭവിച്ചതാണെന്ന് പറഞ്ഞു. ഹൃദയാഘാതം സംഭവിച്ചാല്‍ നല്‍കേണ്ട പ്രാഥമിക ചികിത്സ പോലും ലഭ്യമാക്കിയില്ല. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു. ആംബുലന്‍സ് എത്തിയപ്പോഴേക്കും രാജേഷ് മരിക്കുകയുമായിരുന്നു എന്നും ബന്ധു പറഞ്ഞു. 52 വയസ് മാത്രമേ രാജേഷിന് പ്രായമുണ്ടായിരുന്നുള്ളൂ. ആശുപത്രി അധികൃതര്‍ ഗൗരവത്തിലെടുക്കേണ്ടതായിരുന്നു. അത്യാഹിത വിഭാഗത്തില്‍ ഒരു ഡോക്ടര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ എന്നും ബന്ധു പറഞ്ഞിരുന്നു.
സംഭവത്തിന് പിന്നാലെ ആശുപത്രി അധികൃതരും രാജേഷിന്റെ ബന്ധുക്കളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. നെയ്യാറ്റിന്‍കര ഡിവൈഎസ്പി അടക്കമുള്ളവര്‍ സ്ഥലത്തെത്തി രാജേഷിന്റെ ബന്ധുക്കളുമായി സംസാരിച്ചു. ഇതിനിടെ ആശുപത്രി സൂപ്രണ്ട് ജോയ് ജോണും സ്ഥലത്തെത്തി. രോഗിയുടെ ബന്ധുക്കളും ഡോക്ടറുമായും സൂപ്രണ്ട് സംസാരിച്ചു. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
Content Highlights: Doctor Haris Chirakkal has strongly criticised the circumstances surrounding the death of a patient at Neyyattinkara General Hospital.