

കഴിഞ്ഞ ദിവസങ്ങളിലാണ് കേന്ദ്രസർക്കാർ ഇപിഎഫ് സ്കീമുമായി ബന്ധപ്പെട്ട സുപ്രധാനമായ ഒരു വിജ്ഞാപനം പുറത്തിറക്കിയത്. സോഷ്യൽ സെക്യൂരിറ്റി കോഡ്, 2020 പ്രകാരം നിലവിൽ വന്ന ഇപിഎഫ് സ്കീം 2026-ൽ, ജീവനക്കാരന്റെയും തൊഴിലുടമയുടെയും നിർബന്ധ പ്രൊവിഡന്റ് ഫണ്ട് സംഭാവന പ്രതിമാസം 1,800 രൂപയായി ആയി പരിമിതപ്പെടുത്തുകയായിരുന്നു കേന്ദ്രം ചെയ്തത്. ഇതിന് മുകളിലുള്ള പിഎഫ് സംഭാവന ഇനി നിർബന്ധമല്ല. ജീവനക്കാരനും തൊഴിലുടമയും ആഗ്രഹിച്ചാൽ മാത്രം അധിക തുക PF അക്കൗണ്ടിലേക്ക് നിക്ഷേപിക്കാം.
എന്നാൽ ഈ പുതിയ പരിഷ്‌കാരം മൂലം തൊഴിലാളികളുടെ കയ്യിൽ കൂടുതൽ പണം നിൽക്കുമോ എന്ന ചോദ്യവും ശക്തമാണ്. അവർക്ക് കയ്യിൽ ലഭിക്കുന്ന പണം വർധിക്കുമോ എന്നതാണ് എല്ലാവരുടെയും ചോദ്യം. എന്നാൽ അത് ജീവനക്കാരെ അനുസരിച്ച് ഇരിക്കും എന്നാണ് വിദഗ്ധർ നൽകുന്ന മറുപടി.
ചില ജീവനക്കാർ നിർബന്ധിത തുകയ്ക്ക് അപ്പുറം സംഭാവന നൽകാതിരുന്നാൽ കൂടുതൽ പണം കയ്യിൽ നിന്നേക്കും. ജീവനക്കാർക്കും തൊഴിലുടമകൾക്കും താല്പര്യമുണ്ടെങ്കിൽ മാത്രം ഈ തുകയേക്കാൾ കൂടുതൽ സംഭാവന ചെയ്യാം. നിലവിൽ ഇപിഎഫ് സംഭാവന 1800 രൂപയായി പരിമിതപ്പെടുത്തിയവർക്ക് ബാക്കി സംഭാവന കയ്യിൽ ശമ്പളമായി ലഭിച്ചേക്കും. ഈ പണം വീട്ടുകാര്യങ്ങൾക്കും മറ്റും ഉപയോഗപ്പെടുത്താവുന്നതാണ്. എന്നാൽ ഭാവി കാലത്തേക്കുള്ള ഒരു നിക്ഷേപമായി പിഎഫിനെ കണക്കാക്കുന്നവർ കൂടുതൽ പണം അതിലേക്ക് വകമാറ്റുന്നതാണ് ബുദ്ധി എന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. കാരണം പിഎഫ് തുകയ്ക്ക് പലിശയുണ്ട്. സംഭാവന കുറയുന്നതോടെ പലിശയുടെ നേട്ടം കുറയുകയും വിരമിക്കുമ്പോൾ ലഭിക്കുന്ന ആകെ പിഎഫ് കോർപ്പസിനെ ബാധിക്കുകയും ചെയ്യും.
തൊഴിലുടമകൾക്ക് ഇത് കൂടുതൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. പിഎഫ് സംഭാവന നിയമപരമായ വേതന പരിധിയുമായി വ്യക്തമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ഇത് കമ്പനികൾക്ക് അവരുടെ പ്രൊവിഡന്റ് ഫണ്ട് ബാധ്യതകൾ, പ്രത്യേകിച്ച് ഉയർന്ന ശമ്പളമുള്ള ജീവനക്കാർക്ക്, നന്നായി കണക്കാക്കാൻ കഴിയും. വ്യത്യസ്ത ശമ്പളമുള്ളവർക്ക് വേണ്ട കിഴിവുകളെക്കുറിച്ച് ഇപ്പോഴുള്ള നിർദ്ദേശം കൂടുതൽ വ്യക്തത വരുത്തുമെന്നാണ് പറയപ്പെടുന്നത്.
പുതിയ ഇപിഎഫ് സ്കീം 2026 വന്നെങ്കിലും അടിസ്ഥാന ഘടനയിൽ വലിയ മാറ്റങ്ങളില്ല. ജീവനക്കാരന്റെയും തൊഴിലുടമയുടെയും സംഭാവന നിരക്ക് 12 ശതമാനം തന്നെയാണ്. നിയമപരമായ വേതനപരിധി 15,000 തന്നെയാണ്. ഇപിഎഫ് പലിശനിരക്കിൽ മാറ്റമില്ല. നിലവിലുള്ള UAN സംവിധാനവും ഇപിഎഫ് അംഗത്വവും തുടരും.
പിഎഫ് സംഭാവനയിലെ വ്യക്തതയ്ക്കൊപ്പം, പിൻവലിക്കൽ ചട്ടങ്ങളും ലളിതമാക്കിയിട്ടുണ്ട്. മുമ്പുണ്ടായിരുന്ന നിരവധി പിൻവലിക്കൽ വിഭാഗങ്ങൾ ചുരുക്കി മൂന്ന് പ്രധാന വിഭാഗങ്ങളാക്കിയിട്ടുണ്ട്. കൂടാതെ, ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പുതിയ ചട്ടത്തിൽ വ്യവസ്ഥകളുണ്ട്. പുതിയ സ്കീം 2026 ജീവനക്കാർക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം നൽകുമ്പോൾ, വിരമിക്കലിനുള്ള സമ്പാദ്യം എത്രത്തോളം തുടരണമെന്നത് ഇനി വ്യക്തിപരമായ സാമ്പത്തിക ആസൂത്രണത്തെയും തൊഴിലുടമയുമായുള്ള ധാരണയെയും ആശ്രയിച്ചായിരിക്കും.
Content Highlights: Employees limiting EPF contributions to ₹1,800 may receive higher take-home salary, but experts recommend higher PF investments for stronger retirement savings and long-term financial security.