

ഒരു ഐഫോൺ സ്വന്തമാക്കുക എന്നത് നമ്മളിൽ പലരുടെയും ഒരു സ്വപ്നമായിരിക്കും. കേവലം ഒരു യൂസർ അനുഭവത്തിന് വേണ്ടി മാത്രമല്ല ഐഫോൺ നമ്മൾ തെരഞ്ഞെടുക്കുക, ഒരു ബ്രാൻഡിന്റെ ഭാഗമാകാൻ കൂടിയാണ്. ഓരോ ഐഫോൺ ലോഞ്ചിന്റെ അന്നും വലിയ വരിയായിരിക്കും ആപ്പിൾ സ്റ്റോറുകളിൽ ഉണ്ടാകുക. തിക്കും തിരക്കും സ്വാഭാവികമാണ്. അത്തരത്തിൽ വലിയ ഒരു ഫാൻബേസ് തന്നെ ഐഫോണിനുണ്ട്.
എന്നാൽ പൊതുവെ ഐഫോണുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ചില വിമർശനങ്ങളുണ്ട്. അവയിൽ ഏറ്റവും കൂടുതൽ അപ്ഗ്രഡേഷനുമായി ബന്ധപ്പട്ടുള്ളതാകും. ഡിസൈനിന്റെ കാര്യത്തിൽ മറ്റ് കമ്പനികൾ ഒരുപാട് ദൂരം മുന്നോട്ടുപോയെങ്കിലും ആപ്പിൾ ഒരു പരീക്ഷണത്തിനും മുതിരാറില്ല എന്നതാണ് ആ വിമർശനം. ഒടുവിൽ ആ വിമർശനത്തിന്റെ മുനയൊടിക്കാൻ ആപ്പിൾ തീരുമാനിച്ചിരിക്കുകയാണ്.
ആപ്പിൾ തങ്ങളുടെ ആദ്യത്തെ ഫോൾഡബിൾ ഐഫോൺ പുറത്തിറക്കാൻ പോകുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ഐഫോൺ 18ലാകും ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഉണ്ടാകുക. ഐഫോൺ അൾട്രാ എന്ന് അറിയപ്പെടാൻ പോകുന്ന ഫോൾഡബിൾ ഐഫോൺ നിർമിക്കാൻ ആപ്പിൾ തങ്ങളുടെ വിതരണക്കാരെ അറിയിച്ചു എന്നാണ് റിപ്പോർട്ടുകൾ. 10 മില്യൺ ഫോൾഡബിൾ ഐഫോണുകൾ നിർമിക്കാനാണ് ആപ്പിൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഫോൾഡബിൾ ഐഫോൺ വൻ വിജയമാകുമെന്നാണ് ആപ്പിളിന്റെ പ്രതീക്ഷ. ഉത്‌പാദനം ഏത് നിമിഷവും വർധിപ്പിക്കാനും ആപ്പിൾ നിർദേശം നൽകിയിട്ടുണ്ട്.
ഫോൾഡബിൾ മോഡലിനൊപ്പം 18 പ്രൊ, 18 പ്രൊ മാക്സ് മോഡലുകളുടെ നിർമാണം ആരംഭിക്കാനും ആപ്പിൾ വിതരണക്കാരോട് ആവശ്യപ്പെട്ടുകഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. 80 മില്യൺ ഫോണുകളാണ് 2026ന്റെ രണ്ടാം പകുതിയിൽ ആപ്പിൾ നിർമിക്കാൻ ഒരുങ്ങുന്നത്. ആപ്പിളിന്റെ ഏറ്റവും വിലയേറിയ ഫോൺ ആയിരിക്കുമിത്.
ആപ്പിൾ അൾട്രയുടെ വിലയുടെ കാര്യത്തിലും ഏകദേശ തീരുമാനമായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഫോൾഡബിൾ ഐഫോൺ അൾട്രയ്ക്ക് 2,38,336 രൂപ വില വരും എന്നാണ് റിപ്പോർട്ടുകൾ. ഉയർന്ന വേരിയന്റുകൾക്ക് 2,86,003 രൂപ വരെ വില വരുമെന്നും കണക്കാക്കപ്പെടുന്നുണ്ട്. ആപ്പിളിന്റെ ഇതുവരെയുള്ള സീരീസുകളിലെ ഏറ്റവും ഉയർന്ന വിലയാകും ഇത്.
2026-ൽ ആപ്പിളിന്റെ മൊത്തത്തിലുള്ള ഐഫോൺ ഉത്പാദനം 220 ദശലക്ഷം യൂണിറ്റിലെത്തുമെന്നാണ് '9to5Mac' റിപ്പോർട്ട് അവകാശപ്പെടുന്നത്. ഈ കണക്ക് സമീപകാല വിപണി പ്രവചനങ്ങളുമായി യോജിക്കുന്നതാണ്. എന്നാൽ ഗവേഷണ സ്ഥാപനമായ IDC കണക്കാക്കുന്നത് ആപ്പിളിന് വർഷം 240 മില്യൺ ഐഫോണുകൾ കയറ്റുമതി ചെയ്യാൻ കഴിയുമെന്നാണ്.
Content Highlights: Reports suggest Apple is preparing to launch its first foldable iPhone as part of the iPhone 18 lineup. The device, expected to be branded as the iPhone Ultra, is reportedly moving forward with supplier preparations, signaling Apple's entry into the foldable smartphone segment.