നാലാം ദിനവും കുതിപ്പ്; 521 പോയിന്റ് ഉയർന്ന് സെൻസെക്സ്; 24,400ന് മുകളിൽ നിഫ്റ്റി

നിഫ്റ്റി വീണ്ടും 24,400 എന്ന സുപ്രധാന നിലവാരത്തിന് മുകളിലെത്തിയത് നിക്ഷേപകരിൽ വലിയ ആവേശം പകർന്നു

നാലാം ദിനവും കുതിപ്പ്; 521 പോയിന്റ് ഉയർന്ന് സെൻസെക്സ്; 24,400ന് മുകളിൽ നിഫ്റ്റി
dot image

തുടർച്ചയായ നാലാം വ്യാപാര ദിനവും ആഭ്യന്തര വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ശക്തമായ വാങ്ങൽ, അനുകൂലമായ ആഗോള വിപണി സാഹചര്യം, ക്രൂഡ് ഓയിൽ വിലയിലെ സ്ഥിരത, മികച്ച മൺസൂൺ പ്രതീക്ഷ എന്നിവയുടെ പിന്തുണയിലാണ് വിപണി വീണ്ടും ഉയർന്നത്.

വ്യാപാരാവസാനത്തിൽ ബിഎസ്ഇ സെൻസെക്സ് 521.16 പോയിന്റ് അഥവാ 0.67 ശതമാനം ഉയർന്ന് 78,285.07ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 50 സൂചിക 159.50 പോയിന്റ് (0.66 ശതമാനം) നേട്ടത്തോടെ 24,430.35ൽ വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ നിഫ്റ്റി വീണ്ടും 24,400 എന്ന സുപ്രധാന നിലവാരത്തിന് മുകളിലെത്തിയത് നിക്ഷേപകരിൽ വലിയ ആവേശം പകർന്നു.

ബാങ്കിങ് ഓഹരികൾ വിപണിക്ക് തുടക്കം മുതൽ തന്നെ മികച്ച സംഭാവനയാണ് നൽകിയത്. നിഫ്റ്റി ബാങ്ക് സൂചിക 350-ലധികം പോയിന്റ് ഉയർന്ന് 58,291.50ൽ ക്ലോസ് ചെയ്തു. വലിയ കമ്പനികൾക്കൊപ്പം മിഡ്ക്യാപ്, സ്മോൾക്യാപ് വിഭാഗങ്ങളിലും വാങ്ങൽ ശക്തമായതോടെ വിപണിയുടെ വ്യാപ്തി മെച്ചപ്പെട്ടു. മിഡ്ക്യാപ് സൂചിക ഏകദേശം 0.4 ശതമാനവും സ്മോൾക്യാപ് സൂചിക 0.7 ശതമാനവും ഉയർന്നു.

സെക്റ്ററുകളിൽ റിയൽറ്റി, ഓട്ടോമൊബൈൽ, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, കൺസ്യൂമർ ഡ്യൂറബിൾസ് ഓഹരികളിലാണ് കൂടുതൽ വാങ്ങൽ നടന്നത്. അതേസമയം ഐടി, മീഡിയ, പൊതുമേഖലാ ബാങ്കിങ് ഓഹരികളിൽ ലാഭമെടുപ്പിന്റെ സമ്മർദ്ദവും പ്രകടമായിരുന്നു.

എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഹിൻഡാൽകോ, ഒഎൻജിസി, ബജാജ് ഓട്ടോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയാണ് ഇന്നത്തെ വ്യാപാരത്തിലെ പ്രധാന നേട്ടക്കാരായി മാറിയത്. മറുവശത്ത് കൊട്ടക് മഹീന്ദ്ര ബാങ്ക്, ടി.സി.എസ്, ബജാജ് ഫിൻസെർവ്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

കമ്പനികളുടെ പാദഫലങ്ങളിലാണ് ഇനി വിപണിയുടെ പ്രതീക്ഷ. പ്രമുഖ ഐടി കമ്പനികൾ റിസൾട്ട് സീസണിന് തുടക്കമിടുമ്പോൾ മികച്ച പ്രതീക്ഷയിലാണ് കമ്പനികൾ. മികച്ച ഫലങ്ങളാണ് വരുന്നതെങ്കിൽ വിപണിയുടെ കുതിപ്പ് വീണ്ടും തുടരുമെന്ന് പ്രതീക്ഷയിലാണ് നിക്ഷേപകർ.

Content Highlights: Taking Stock: Market rally extends to fourth day; Nifty closes above 24,400, Sensex climbs 521 pts

dot image
To advertise here,contact us
dot image