കൂട്ടപ്പിരിച്ചുവിടലില്‍ ധാരണ തെറ്റിച്ച് കോറോ ഹെല്‍ത്ത്; ജീവനക്കാരെ ഓഫീസീല്‍ കയറ്റിയില്ല

കമ്പനി മാനോജ്‌മെന്റ് അംഗങ്ങളോ പ്രതിനിധികളോ സ്ഥലത്തെത്തിയിട്ടില്ല

കൂട്ടപ്പിരിച്ചുവിടലില്‍ ധാരണ തെറ്റിച്ച് കോറോ ഹെല്‍ത്ത്; ജീവനക്കാരെ ഓഫീസീല്‍ കയറ്റിയില്ല
dot image

കൊച്ചി/കോഴിക്കോട്: കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ നടത്തിയ ചർച്ചയിലെ ധാരണ തെറ്റിച്ച് അമേരിക്കന്‍ കമ്പനി കോറോ ഹെല്‍ത്ത്. കൊച്ചിയിലും കോഴിക്കോടും ജീവനക്കാരെ ഇന്നും ജോലി ചെയ്യുന്നതിനായി ഓഫീസിന് അകത്തേക്ക് കടത്തിവിട്ടില്ല. ഓഫീസിന് മുന്നില്‍ ജീവനക്കാര്‍ കാത്തുനില്‍ക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ട്രേഡ് യൂണിയന്‍ നേതാക്കളും ഉമാ തോമസ് എംഎല്‍എയുമടക്കം ഓഫീസിന് മുന്നിലെത്തിയിട്ടുണ്ട്. ലേബര്‍ ഉദ്യോഗസ്ഥനും സ്ഥലത്തെത്തുമെന്നാണ് വിവരം. മാനേജ്‌മെന്റുമായി തൊഴില്‍മന്ത്രി വെള്ളിയാഴ്ച നേരിട്ട് ചര്‍ച്ച നടത്തുന്നതുവരെ സാധാരണ രീതിയില്‍ ജോലിചെയ്യാമെന്നായിരുന്നു കഴിഞ്ഞ ദിവസം ലേബര്‍ കമ്മീഷണര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ 9 മണിയോടെ ജീവനക്കാര്‍ എത്തിയപ്പോള്‍ കൊച്ചി ഓഫീസിന്റെ വാതിലുകള്‍ പോലും തുറന്നിരുന്നില്ല. താത്കാലികമായി ജീവനക്കാരെ ഓഫീസിൽ പ്രവേശിപ്പിക്കാമെന്ന ഉറപ്പാണ് കമ്പനി ലംഘിച്ചത്.

കമ്പനിയുടെ കൊച്ചി ഓഫീസിൽ നിലവില്‍ സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് ഉള്ളത്. കമ്പനി മാനോജ്‌മെന്റ് അംഗങ്ങളോ പ്രതിനിധികളോ സ്ഥലത്തെത്തിയിട്ടില്ല. സുരക്ഷാ കാരണങ്ങള്‍ കൊണ്ട് ആരെയും അകത്തേക്ക് കടത്തിവിടരുതെന്നാണ് സുരക്ഷാ ജീവനക്കാര്‍ക്ക് ലഭിച്ചിരിക്കുന്ന നിർദേശം. കമ്പനിയുടെ കൊച്ചി ഓഫീസില്‍ മാത്രം അറുന്നൂറോളം പേരാണ് ജോലി ചെയ്യുന്നത്. ജീവനക്കാര്‍ ഓഫീസിന് മുന്നില്‍ തന്നെ നിലയുറപ്പിച്ചതിന് പിന്നാലെ തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരെത്തി അവരുടെ ഹാജര്‍ രേഖപ്പെടുത്തി. കമ്പനി അധികൃതരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പ്രതികരണം ലഭിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ കമ്പനിയുടെ ലീഗല്‍ അഡ്വൈസർ മാത്രമാണ് പങ്കെടുത്തത്. അദ്ദേഹത്തിനോട് എംഎല്‍എയും ലേബര്‍ കമ്മീഷണറും സ്റ്റാറ്റസ്‌ കോ നിലനിര്‍ത്തി സ്ഥാപനം തുറന്നുകൊടുക്കണമെന്ന നിര്‍ദേശം നല്‍കി. എന്നാൽ ലീഗല്‍ അഡ്വൈസർ ഇക്കാര്യം കമ്പനി അധികൃതരെ അറിയിച്ചിട്ടും അവര്‍ പ്രതികരിച്ചിട്ടില്ലെന്നാണ് തൊഴില്‍വകുപ്പ് അധികൃതര്‍ പറയുന്നത്. ഫേസ്ആപ്പ് വഴിയാണ് ജീവനക്കാര്‍ക്ക് ഓഫീസിനുള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളു. ഈ സാഹചര്യത്തിലാണ് തൊഴില്‍വകുപ്പ്, ജീവനക്കാരുടെ അറ്റന്‍ഡന്‍സ് രേഖപ്പെടുത്തുന്നതെന്നും അധികൃതര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച മൂലമല്ല ജോലി നഷ്ടപ്പെടുന്ന സാഹചര്യമെന്നതിനാല്‍, വരും ദിവസങ്ങളിലും ഓഫീസിലെത്തുന്ന ജീവനക്കാരുടെ അറ്റന്‍ഡന്‍സ് രേഖപ്പെടുത്താനാണ് തൊഴില്‍ വകുപ്പിന്റെ തീരുമാനം. കമ്പനി വൈസ് പ്രസിഡന്റ്, എച്ച്ആര്‍, ലീഗല്‍ അഡൈ്വസര്‍ എന്നിവരെ നിരന്തരമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആരും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

കമ്പനിയുടെ അഡ്മിന്‍ മാനേജരെ ബന്ധപ്പെട്ടപ്പോള്‍ കമ്പനിയുടെ ടീം ഇതുമായി ബന്ധപ്പെട്ട് മറുപടി നല്‍കുമെന്ന ഒരു സന്ദേശമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ലേബര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. വരുന്ന ജൂലായ് 10ാം തീയതി മുതല്‍ ഏത് ദിവസവും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കമ്പനി അറിയിച്ചതോടെ അന്നേ ദിവസം മന്ത്രി ബിന്ദുകൃഷ്ണ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കാട്ടി അവര്‍ക്ക് മെയില്‍ അയയ്ക്കുകയും ചെയ്തിരുന്നു. ഇന്റേണല്‍ യോഗത്തിന് ശേഷം ബന്ധപ്പെടാമെന്ന് അറിയിച്ച കമ്പനി അധികൃതര്‍ പിന്നീട് ബന്ധപ്പെട്ടിട്ടില്ലെന്നും വിവരമുണ്ട്.

കോറേ ഹെൽത്തിന്റെ കോഴിക്കോട് ഓഫീസിലും സമാനസാഹചര്യമാണ്. മുന്നൂറോളം ജീവനക്കാരാണ് കഴിഞ്ഞ ദിവസത്തെ തീരുമാനപ്രകാരം കോഴിക്കോട് ഓഫീസിലെത്തിയത്. കോഴിക്കോടും തൊഴില്‍വകുപ്പ് അധികൃതരെത്തി ജീവനക്കാരുടെ പേരും മൊബൈല്‍ നമ്പരും അടക്കം അറ്റന്‍ഡന്‍സ് രേഖപ്പെടുത്തി. നാളെ മുതല്‍ എല്ലാ ജീവനക്കാരും ഓഫീസില്‍ എത്തേണ്ടതില്ലെന്നും ഓഫീസിന് സമീപം താമസിക്കുന്നവര്‍ എത്തിയാല്‍ മതിയെന്നുമുള്ള ഒരു നിര്‍ദേശം സർക്കാർ നല്‍കിയിട്ടുണ്ട്.

പത്താം തീയതി വരെ ജീവനക്കാര്‍ ജോലിയെടുത്തുവെന്ന കണക്ക് നല്‍കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. സംഭവത്തില്‍ സിഐടിയു പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് കമ്പനി പ്രവര്‍ത്തിക്കുന്ന ബില്‍ഡിങ്ങിന്റെ ഉടമയ്ക്ക് അകത്തേക്ക് പ്രവേശിക്കാനുള്ള താക്കോല്‍ മാത്രമാണ് അവിടെയുള്ളത്. സര്‍വീസ് പ്രൊവൈഡര്‍മാരെ ഉള്‍പ്പെടെ കമ്പനി ഇവിടെ നിന്നും മാറ്റിയിട്ടുണ്ട്.

Content Highlights: CorroHealth is facing controversy after employees affected by mass layoffs were reportedly denied entry to the office. The dispute involves severance-related concerns, with affected workers questioning the company's handling of the layoff process.

dot image
To advertise here,contact us
dot image