ജപ്പാൻ്റെ ഫുട്ബോൾ ചരിത്രത്തെ മാറ്റിയെഴുതിയ ആനിമേ സീരീസ്; മെസിയെയും സിദാനെയും സ്വാധീനിച്ച ക്യാപ്റ്റൻ സുബാസ

ഒരു രാജ്യത്തിന്റെ ഫുട്ബോൾ സംസ്കാരത്തെ ആഴത്തിൽ സ്വാധീനിക്കാൻ ഒരു സാങ്കൽപ്പിക കഥാപാത്രത്തിനും കഴിയുമെന്ന് ക്യാപ്റ്റൻ സുബാസ തെളിയിക്കുന്നുണ്ട്

ജപ്പാൻ്റെ ഫുട്ബോൾ ചരിത്രത്തെ മാറ്റിയെഴുതിയ ആനിമേ സീരീസ്; മെസിയെയും സിദാനെയും സ്വാധീനിച്ച ക്യാപ്റ്റൻ സുബാസ
dot image

തുടർച്ചയായി എട്ടാമത്തെ ലോകകപ്പ് പോരാട്ടത്തിനായി ഇറങ്ങിയ ജപ്പാൻ കാൽപ്പന്ത് കളി ആരാധാകരുടെ ഹൃദയം കീഴടക്കിയാണ് രണ്ടാം റൗണ്ടിൽ കരുത്തരായ ബ്രസീലിനോട് പൊരുതി വീണത്. ഇഞ്ചുറി ടൈമിൽ മാ‍ർട്ടിനെല്ലി വലകുലുക്കിയപ്പോൾ നീല സമുറായിമാർക്കൊപ്പം ഫുട്ബോൾ ആരാധാകരും നെടുവീർപ്പ് ഇട്ടിരിക്കാം. 1998 മുതൽ കളിച്ച ലോകകപ്പ് ടൂർണ്ണമെൻ്റുകളിലെല്ലാം മനോഹരമായ നിരവധി ഫുട്ബോൾ മുഹൂർത്തങ്ങൾ സമ്മാനിച്ചായിരുന്നു ജപ്പാൻ്റെ മടക്കം. ഇത്തവണയും ജപ്പാൻ ഫുട്ബോൾ ആരാധാകരുടെ ഹൃദയം കവർന്നാണ് മടങ്ങുന്നത്. കരുത്തരായ നെതർലാൻഡ്സിനെയും സ്വീഡനെയും സമനിലയിൽ തളച്ച ജപ്പാൻ ടൂണീഷ്യൻ വല നിറച്ചായിരുന്നു രണ്ടാം റൗണ്ടിൽ ബ്രസീലിനെ നേരിടാനെത്തിയത്.

2026ൽ ബ്രസീലിനോട് തോറ്റ് മടങ്ങുമ്പോഴും അടയാളപ്പെടുത്തേണ്ടത് ലോകഫുട്ബോളിൻ്റെ നെറുകയിലേയ്ക്കുള്ള ജപ്പാൻ്റെ കഠിനാധ്വാനത്തിൻ്റെ യാത്ര തന്നെയാണ്. 1992ൽ ഫിഫ ആദ്യമായി ലോക റാങ്കിങ് സമ്പ്രദായം തുടങ്ങുമ്പോൾ ജപ്പാൻ്റെ സ്ഥാനം 66-ാമതായിരുന്നു. പിന്നീട് ചരിത്രത്തിലെ തന്നെ അവരുടെ ഏറ്റവും മികച്ച റാങ്കിങ്ങായ 15-ാം സ്ഥാനത്ത് മൂന്ന് വർഷമാണ് ജപ്പാൻ ഇടംനേടിയത്. നിലവിൽ ലോക റാങ്കിങ്ങിൽ 18-ാം സ്ഥാനത്താണ് ജപ്പാൻ. 1998 മുതൽ ലോകകപ്പ് ഫുട്ബോൾ ടൂർണ്ണമെൻ്റുകളിലെ സ്ഥിര സാന്നിധ്യമാണ് ജപ്പാൻ.

FIFA World Cup 2026 - Round of 32 - Brazil v Japan
ഫിഫ ലോകകപ്പ് 2026ൽ ബ്രസീലിനെ നേരിട്ട ജപ്പാൻ ഫുട്ബോൾ ടീം മത്സരത്തിന് മുൻപ്

ലാറ്റിനമേരിക്കൻ, യൂറോപ്യൻ, അഫ്രിക്കൻ ഫുട്ബോൾ കരുത്തിനോട് കിടപിടിക്കുന്ന ഫുട്ബോൾ ശക്തിയായി ജപ്പാൻ വളർന്ന കഥ ഒരുതരത്തിൽ അവിശ്വസനീയമാണ്. ഒരു രാജ്യത്തിന് ഫുട്ബോളിനെ നെഞ്ചിലേറ്റാൻ വേണ്ടത് എന്താണ് എന്ന ചോദ്യത്തിന് ജപ്പാൻ പറയുന്ന കഥ മറ്റേത് രാജ്യങ്ങളിലേതിൽ നിന്നും വ്യത്യസ്തമാണ്. ജപ്പാനിൽ ഫുട്ബോളിന് അടിത്തറയിട്ടത് മികച്ച മൈതാനങ്ങളോ ലോകനിലവാരമുള്ള പരിശീലന കേന്ദ്രങ്ങളോ മാത്രമായിരുന്നില്ല. ഒരു രാജ്യത്തിന്റെ കായിക സംസ്‌കാരം തന്നെ മാറ്റിമറിച്ച ജനകീയ സാംസ്കാരിക മുന്നേറ്റത്തിന്റെ ചരിത്രമാണ് ജപ്പാൻ്റെ കുതിപ്പിന് പിന്നിൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. ക്യാപ്റ്റൻ സുബാസയിൽ (Captain Tsubasa) നിന്ന് ലോകഫുട്ബോളിൻ്റെ നെറുകയിലേയ്ക്കുള്ള ജപ്പാന്റെ അത്ഭുതയാത്ര രസകരമാണ് അതിലേറെ പ്രചോദനപരവുമാണ്. ഒരു കുട്ടിയുടെ സ്വപ്നത്തിൻ്റെ വാങ്മയ ചിത്രങ്ങൾ വരച്ചിട്ട ഒരു മാംഗയും, പിന്നീട് അതിനെ ദൃശ്യവത്കരിച്ച ഒരു ആനിമേയുമാണ് യഥാർത്ഥത്തിൽ ജപ്പാനിൽ ഫുട്ബോളിന് വേരോട്ടമുണ്ടാക്കിയത്. ലക്ഷക്കണക്കിന് ജാപ്പനീസ് കുട്ടികളെ ഫുട്ബോൾ മൈതാനങ്ങളിലേക്ക് ആകർഷിക്കാൻ കഴിഞ്ഞ ക്യാപ്റ്റൻ സുബാസ ഊസോര എന്ന കാ‍ർട്ടൂൺ കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജപ്പാനീസ് ഫുട്ബോൾ അതിൻ്റെ സ്വപ്നങ്ങളുടെ നീലാകാശത്തേയ്ക്ക് പറന്നുയർന്നത്.

1978ൽ അർജൻ്റീനയിൽ നടന്ന ലോകകപ്പാണ് ആദ്യമായി ജപ്പാനിൽ തൽസമയം സംപ്രേക്ഷണം ചെയ്യുന്നത്. 1978ലെ ലോകകപ്പിനായുള്ള ഏഷ്യൻ യോ​ഗ്യതാ റൗണ്ടിൽ ഒരു മത്സരപോലും ജയിക്കാത്ത ടീമായിരുന്നു ജപ്പാൻ എന്നത് കൂടി ഓർമ്മിക്കണം. ​ഗ്രൂപ്പ് 2ൽ നാല് മത്സരം കളിച്ച ജപ്പാൻ്റെ സമ്പാദ്യം ദക്ഷിണ കൊറിയയെ സമനിലയിൽ തളച്ച് നേടിയ ഒരു പോയിൻ്റായിരുന്നു. ടിവിയിലൂടെ തൽസമയം കണ്ട 1978ലെ ലോകകപ്പ് മത്സരങ്ങൾ കാർട്ടൂണിസ്റ്റായ യോച്ചി തകാഹാഷിയുടെ ഭാവയിൽ സുബാസ ഊസോര എന്ന കഥാപാത്രത്തിൻ്റെ പിറവിയ്ക്ക് വഴിതെളിച്ചു

കായിക വിനോദം എന്ന നിലയിൽ ജപ്പാന് പ്രിയങ്കരം ബേസ്‌ബോളായിരുന്നു. സ്കൂളുകളിലും കോളേജുകളിലും ദേശീയ മാധ്യമങ്ങളിലും ബേസ്ബോളിനായിരുന്നു ജനപ്രീതി. ഫുട്ബോൾ ജപ്പാനിൽ ഉണ്ടായിരുന്നെങ്കിലും അത് ജനകീയ കായിക ഇനമായി വളർന്നിരുന്നില്ല. 1978ൽ അർജൻ്റീനയിൽ നടന്ന ലോകകപ്പാണ് ആദ്യമായി ജപ്പാനിൽ തൽസമയം സംപ്രേക്ഷണം ചെയ്യുന്നത്. 1978ലെ ലോകകപ്പിനായുള്ള ഏഷ്യൻ യോ​ഗ്യതാ റൗണ്ടിൽ ഒരു മത്സരപോലും ജയിക്കാത്ത ടീമായിരുന്നു ജപ്പാൻ എന്നത് കൂടി ഓർമ്മിക്കണം. ​ഗ്രൂപ്പ് 2ൽ നാല് മത്സരം കളിച്ച ജപ്പാൻ്റെ സമ്പാദ്യം ദക്ഷിണ കൊറിയയെ സമനിലയിൽ തളച്ച് നേടിയ ഒരു പോയിൻ്റായിരുന്നു. ടിവിയിലൂടെ തൽസമയം കണ്ട 1978ലെ ലോകകപ്പ് മത്സരങ്ങൾ കാർട്ടൂണിസ്റ്റായ യോച്ചി തകാഹാഷിയുടെ ഭാവയിൽ സുബാസ ഊസോര എന്ന കഥാപാത്രത്തിൻ്റെ പിറവിയ്ക്ക് വഴിതെളിച്ചു. ജപ്പാനിൽ മാം​ഗ എന്നറിയപ്പെടുന്ന ചിത്രകഥാ സങ്കേതത്തിൽ ഒരു നായകനായി പതിനൊന്ന് വയസ്സുകാരൻ സുബാസ പിറവിയെടുക്കുന്നത് 1981ലാണ്. 1983ൽ ഇതിൻ്റെ ആനിമേ പതിപ്പ് ടെലിവിഷനിലെത്തിയതോടെ ജപ്പാനിലെ വിദ്യാർത്ഥികളുടെ വീരനായകനായി ക്യാപ്റ്റൻ സുബാസ മാറി. ജപ്പാനീസ് ഫുട്ബോളിൻ്റെ ചരിത്രം വഴിമാറ്റിയ വരവായിരുന്നു അക്ഷരാ‍ർത്ഥത്തിൽ സുബാസയുടേത്.

ജപ്പാൻ്റെ സ്വപ്നങ്ങൾക്ക് ചിറകുനൽകിയ ക്യാപ്റ്റൻ സുബാസ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാകുക സുബാസ ഊസോര എന്ന ചെറിയ ബാലന്റെ സ്വപ്നം. മിഡ്ഫീൽഡറായിരുന്നു സുബാസ ചിലപ്പോഴെല്ലാം വിജയക്കുതിപ്പിൽ സ്ട്രൈക്കറായി മാറി. സുബാസയുടെ വിജയങ്ങളും പരാജയങ്ങളും സൗഹൃദങ്ങളും കടുത്ത മത്സരങ്ങളും പരിശീലനവും ആത്മവിശ്വാസവും ചേർന്ന മാം​ഗയും ആനിമേയും ജപ്പാനിലെ ലക്ഷക്കണക്കിന് കുട്ടികളുടെ മനസ്സിൽ തീപിടിപ്പിച്ചു. സുബാസെ വെറും ഫുട്ബോളായിരുന്നില്ല പഠിപ്പിച്ചത്. അത് ജപ്പാനിലെ കുട്ടികളെ സ്വപ്നം കാണാൻ പഠിപ്പിച്ചു. പരാജയത്തെ പേടിപ്പിക്കാതിരിക്കാൻ പഠിപ്പിച്ചു. ടീം സ്പിരിറ്റിൻ്റെയും അച്ചടക്കത്തിൻ്റെയും വലിയ പാഠങ്ങളാണ് ക്യാപ്റ്റൻ സുബാസ പകർന്ന് നൽകിയത്. വിജയത്തിൻ്റെ വിലയും ജപ്പാനിലെ തലമുറയ്ക്ക് പകർന്ന് നൽകാൻ സുബാസയ്ക്ക് സാധിച്ചു.

സുബാസയുടെ സ്വപ്നത്തിനെ പിൻപറ്റി വലിയൊരു വിഭാ​ഗം പുതുതലമുറ മൈതാനങ്ങളിലേക്ക് ഇറങ്ങി. ആനിമേ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചതോടെ ജപ്പാനിലെ സ്കൂളുകൾ വിചിത്രമായ മാറ്റങ്ങൾക്ക് വേദിയായി. അതുവരെ ബേസ്‌ബോൾ ബാറ്റ് കൈയിൽ ഏന്തിയിരുന്ന ഭൂരിപക്ഷ സ്കൂൾ കുട്ടികളും കാൽപ്പന്തിൻ്റെ ആകർഷണീയ വലയത്തിൽ വീണു. ഇതോടെ ജപ്പാനിൽ സ്കൂൾ ഫുട്ബോൾ ക്ലബ്ബുകളുടെ എണ്ണം വർദ്ധിച്ചു. പ്രാദേശിക ഫുട്ബോൾ ടൂർണമെന്റുകൾ വ്യാപകമായി. ഫുട്ബോളിൽ പുതുതലമുറയുടെ സാന്നിധ്യവും പങ്കാളിത്തവും അഭൂതപൂർവ്വമായ റെക്കോർഡിലേയ്ക്ക് വളർന്നു. അങ്ങനെ ജപ്പാനിൽ ഫുട്ബോളിൻ്റെ സാമൂഹികത അടിത്തറ രൂപപ്പെടുകയും ശക്തിപ്രാപിക്കുകയും ചെയതു.

Captain Tsubasa Anime Poster
ക്യാപ്റ്റൻ സുബാസ ആനിമേ പോസ്റ്റർ

ഒരു മാംഗയിലൂടെ തുടങ്ങി ആനിമേയിലൂടെ പടർന്ന് പന്തലിച്ച ഒരു സാംസ്കാരിക ഇടപെടൽ കൂടിയായിരുന്നു ജപ്പാൻ ഫുട്ബോളിൻ്റെ വളർച്ച. ഒരു മാം​ഗ/ആനിമേ കൊണ്ട് മാത്രം ഒരു രാജ്യം ഫുട്ബോൾ ശക്തിയാകില്ല, പക്ഷേ ഒരു രാജ്യത്തെ സ്വപ്നം കാണാൻ പഠിപ്പിക്കാൻ അതിന് കഴിയും എന്നതാണ് ജപ്പാനിൽ സംഭവിച്ചത്. പുതിയ തലമുറ ഫുട്ബോളിലേയ്ക്ക് തിരിഞ്ഞതോടെ ജപ്പാനിലെ സ്കൂൾ ഫുട്ബോൾ ലോകത്തിലെ മികച്ച സംവിധാനങ്ങളിലൊന്നായി വളർന്നു. 1993-ൽ ജപ്പാൻ ഫുട്ബോളിൻ്റെ തലവര മാറ്റിയ പ്രൊഫഷണൽ ലീഗായ ജെ ലീഗ് ആരംഭിച്ചു. 1990കളുടെ അവസാനമായപ്പോഴേയ്ക്കും ജപ്പാൻ ആദ്യമായി ലോകകപ്പിന് യോഗ്യത നേടി.

ജപ്പാനീസ് താരങ്ങളെ മാത്രമായിരുന്നില്ല ക്യാപ്റ്റൻ സുബാസ സ്വാധീനിച്ചത്. ലോക ഫുട്ബോളിലെ നിരവധി ഇതിഹാസങ്ങൾ ക്യാപ്റ്റൻ സുബാസ സീരീസ് തങ്ങളെ സ്വാധീനിച്ചതായി തുറന്ന് പറഞ്ഞിട്ടുണ്ട്. ലയണൽ മെസി, ഫെർണാണ്ടോ ടോറസ്, സിനദീൻ സിദാൻ, തിയറി ഹെൻട്രി, അലക്‌സാൻഡ്രോ ഡെൽപിയറോ തുടങ്ങിയ നിരവധി ലോകതാരങ്ങൾ ക്യാപ്റ്റൻ സുബാസ തങ്ങളുടെ ബാല്യകാല ഫുട്ബോൾ സ്വപ്നങ്ങളെ സ്വാധീനിച്ചതായി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്

ക്യാപ്റ്റൻ സുബാസ ചിത്രത്താളുകളിലും സ്ക്രീനിലും പകർന്ന് നൽകിയ പ്രചോദനത്തിൻ്റെ ഊർജ്ജം ഉൾക്കൊണ്ട് ജപ്പാനീസ് ഫുട്ബോളിനെ അടയാളപ്പെടുത്തിയ നിരവധി താരങ്ങളുണ്ട്. അവരിൽ പ്രമുഖൻ ഹിദേതോഷി നകാത ആയിരുന്നു. കുട്ടിക്കാലത്ത് ക്യാപ്റ്റൻ സുബാസ വായിച്ചതാണ് ഫുട്ബോൾ തിരഞ്ഞെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് പല അഭിമുഖങ്ങളിലും നകാത പറഞ്ഞിട്ടുണ്ട്. ജപ്പാന് പുറത്തേയ്ക്ക് വളർന്ന് യൂറോപ്പിലെ മുൻനിര ലീഗുകളിൽ പന്ത് തട്ടിയ ആദ്യ ജപ്പാനീസ് സൂപ്പർ താരമായി നകാത മാറിയിരുന്നു. ക്യാപ്റ്റൻ സുബാസ ആനിമേയിലെ ഓവർഹെഡ് കിക്ക് പോലുള്ള ചലനങ്ങൾ യഥാർത്ഥ ജീവിതത്തിൽ അനുകരിക്കാൻ പോലും അദ്ദേഹം ശ്രമിച്ചിരുന്നു. ജപ്പാനീസ് താരങ്ങളെ മാത്രമായിരുന്നില്ല ക്യാപ്റ്റൻ സുബാസ സ്വാധീനിച്ചത്. ലോക ഫുട്ബോളിലെ നിരവധി ഇതിഹാസങ്ങൾ ക്യാപ്റ്റൻ സുബാസ സീരീസ് തങ്ങളെ സ്വാധീനിച്ചതായി തുറന്ന് പറഞ്ഞിട്ടുണ്ട്. ലയണൽ മെസി, ഫെർണാണ്ടോ ടോറസ്, സിനദീൻ സിദാൻ, തിയറി ഹെൻട്രി, അലക്‌സാൻഡ്രോ ഡെൽപിയറോ തുടങ്ങിയ നിരവധി ലോകതാരങ്ങൾ ക്യാപ്റ്റൻ സുബാസ തങ്ങളുടെ ബാല്യകാല ഫുട്ബോൾ സ്വപ്നങ്ങളെ സ്വാധീനിച്ചതായി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

ഫുട്ബോൾ മാത്രമല്ല ക്യാപ്റ്റൻ സുബാസ ജപ്പാന് പകർന്ന് നൽകിയത്

സ്വപ്നങ്ങൾ, വളർച്ച, സൗഹൃദം, തുടർച്ചയായ സ്വയം നവീകരണം എന്നിവയെ ഫുട്ബോളുമായി കണ്ണിചേരുന്ന ഒരു കഥയായി അവതരിപ്പിച്ചതാണ് ക്യാപ്റ്റൻ സുബാസയുടെ പ്രധാന ആകർഷണീയത. ഫുട്ബോൾ സന്തോഷത്തോടെ കളിക്കേണ്ട ഒരു കളിയാണെന്നാണ് സുബാസ ഒസോറ വിശ്വസിക്കുന്നത്. ലോകകപ്പ് ജയിക്കണമെന്ന അവന്റെ സ്വപ്നമാണ് അവൻ്റെ എല്ലാ തീരുമാനങ്ങൾക്ക് പിന്നിലെയും പ്രചോദനം. സ്വപ്നങ്ങൾക്ക് അതിരുകളില്ലെന്ന് പഠിപ്പിച്ച പോരാളി കൂടിയായി ക്യാപ്റ്റൻ സുബാസ മാറുന്നുണ്ട്. ഓരോ എതിരാളിയെയും സ്വയം മെച്ചപ്പെടാനുള്ള ഒരു അവസരമായാണ് സുബാസ കാണുന്നത്. കോജി‌റോ ഹ്യുഗ, ഗെൻസോ വകബയാഷി പോലുള്ള എതിരാളികൾ സുബാസയെ കൂടുതൽ കരുത്തനാക്കുന്നുണ്ട്. ഓരോ കളിക്കാരനും അത്യന്തം മനോഹരമായ പ്രത്യേക കഴിവുകൾ ഉണ്ടെങ്കിലും വിജയങ്ങൾ ഉണ്ടാകുന്നത് പരസ്പര വിശ്വാസം, പാസുകൾ കൈമാറൽ സഹകരണം എന്നിവയിലൂടെയാണെന്ന് സുബാസ വിശ്വസിക്കുന്നു. ടീം വർക്കിന് മുൻഗണന നൽകുന്ന സുബാസ ഒരിക്കലും കീഴടങ്ങരുതെന്ന പ്രചോദനം കൂടി സമ്മാനിക്കുന്നുണ്ട്. പരിക്ക്, പ്രതിസന്ധികൾ, അസാധ്യമായ സാഹചര്യങ്ങൾ എന്നിവ ഉണ്ടായാലും കളിക്കാർ പിന്മാറാതെ പോരാടുക എന്ന ശക്തമായ സന്ദേശം കൂടി ക്യാപ്റ്റൻ സുബാസ എന്ന സീരീസ് നൽകുന്നുണ്ട്. കളിമികവിൻ്റെ അസാധ്യമായ സ്കില്ലുകളും ടെക്നിക്കുകളും ഭാവനാത്മകമായ ഒരു ലോകത്തിലൂടെ തുറന്നിടാനും ക്യാപ്റ്റൻ സുബാസയ്ക്ക് സാധിച്ചിട്ടുണ്ട്. അസാധ്യമായ ലോങ്ങ് ഷോട്ടുകൾ, ഗുരുത്വാകർഷണം മറികടക്കുന്ന ബൈസിക്കിൾ കിക്കുകൾ എന്നിവയുടെ പരീക്ഷണത്തിനും ക്യാപ്റ്റൻ സുബാസ എന്ന സീരീസ് പ്രചോദനമാകുന്നുണ്ട്. ഒറ്റവാക്കിൽ പറഞ്ഞാൽ ക്യാപ്റ്റൻ സുബാസ എന്നത് കഴിവ്, സ്വപ്നം, കഠിനാധ്വാനം, സൗഹൃദം, അസാധ്യമായ ലക്ഷ്യങ്ങളെ പിന്തുടരാനുള്ള ധൈര്യം എന്നിവയുടെ ഊർജ്ജ സ്രോതസ്സാണ്.

19-ാം നൂറ്റാണ്ടിലെ ചിത്രകലാ പാരമ്പര്യങ്ങളിൽ നിന്ന് ആരംഭിച്ച മാംഗ സംസ്കാരം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് പുതിയൊരു രൂപം നേടിയത്. ആധുനിക മാംഗയുടെ പിതാവായി അറിയപ്പെടുന്ന ഒസാമു തെസുക സൃഷ്ടിച്ച ആസ്ട്രോ ബോയ് ആണ് ജാപ്പനീസ് ആനിമേയുടെ അടിത്തറയിട്ടത്. ഈ നിലയിൽ ജപ്പാൻ്റെ സാംസ്കാരിക തനിമയിൽ രൂപമെടുത്ത കലാപരമായ ഒരു സങ്കേതത്തിൻ്റെ അടയാളപ്പെടുത്തലായി മാറിയെന്നതും ക്യാപ്റ്റൻ സുബാസയുടെയും അതുവഴി ഫുട്ബോളിൻ്റെയും ജനപ്രിയതയ്ക്ക് കാരണമായിട്ടുണ്ട്.

ജപ്പാനെ സംബന്ധിച്ച് മാംഗയും ആനിമേയുമെല്ലാം വെറും വിനോദം മാത്രമല്ല. അവരുടെ സാംസ്കാരിക കരുത്തിനെ പ്രതിനിധീകരിക്കുന്ന കലാസങ്കേതം കൂടിയാണ് ഇത്. 19-ാം നൂറ്റാണ്ടിലെ ചിത്രകലാ പാരമ്പര്യങ്ങളിൽ നിന്ന് ആരംഭിച്ച മാംഗ സംസ്കാരം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് പുതിയൊരു രൂപം നേടിയത്. ആധുനിക മാംഗയുടെ പിതാവായി അറിയപ്പെടുന്ന ഒസാമു തെസുക സൃഷ്ടിച്ച ആസ്ട്രോ ബോയ് ആണ് ജാപ്പനീസ് ആനിമേയുടെ അടിത്തറയിട്ടത്. പിന്നീട് ഡ്രാഗൺ ബോൾ, വൺ പീസ്, അറ്റാക്ക് ഓൺ ടൈറ്റൻ തുടങ്ങിയ കൃതികൾ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരെയാണ് സ്വന്തമാക്കിയത്. ഈ നിലയിൽ ജപ്പാൻ്റെ സാംസ്കാരിക തനിമയിൽ രൂപമെടുത്ത കലാപരമായ ഒരു സങ്കേതത്തിൻ്റെ അടയാളപ്പെടുത്തലായി മാറിയെന്നതും ക്യാപ്റ്റൻ സുബാസയുടെയും അതുവഴി ഫുട്ബോളിൻ്റെയും ജനപ്രിയതയ്ക്ക് കാരണമായിട്ടുണ്ട്.

ആൽഫയെയും ബീറ്റയെയും സ്വാധീനിക്കാൻ പുതിയ 'ബ്ലൂ ലോക്ക്' സീരീസ്

പുതിയ തലമുറയുടെ ആവേശമായ ബ്ലൂ ലോക്ക് ആനിമേയാണ് ഇപ്പോൾ ജപ്പാനിൽ തരംഗം. കാലം മാറിയതനിനുസരിച്ച് പുതിയ തലമുറയ്ക്ക് പ്രിയപ്പെട്ട പുതിയ നായകന്മാരെയാണ് ബ്ലൂ ലോക്ക് പരിചയപ്പെടുത്തുന്നത്. 2022ൽ പുറത്തിറങ്ങിയ ബ്ലൂ ലോക്ക് ആനിമേ വീണ്ടും ഫുട്ബോളിനോടുള്ള ആവേശം ആൽഫാ, ബീറ്റാ തലമുറകളിൽ ഉയർത്തിട്ടുണ്ട്. ദേശീയ ടീമിനായി ലോകോത്തര സ്ട്രൈക്കറെ സൃഷ്ടിക്കാനുള്ള കടുത്ത പരിശീലനമാണ് ഇതിന്റെ ബ്ലൂ ലോക്കിൻ്റെ പ്രമേയം. യോയിച്ചി ഇസാഗി എന്ന ബ്ലൂ ലോക്കിലെ കഥാപാത്രം ജന്മസിദ്ധമായ കഴിവുകളിൽ മാത്രം ആശ്രയിക്കാതെ, കളിയെ ആഴത്തിൽ വിശകലനം ചെയ്യുകയും, സ്വന്തം ശക്തിയും ദൗർബല്യങ്ങളും മനസ്സിലാക്കുകയും, ഓരോ വെല്ലുവിളിയിലും തന്റെ കളിശൈലി പുതുക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന താരമാണ്. നിരന്തരമായ ആത്മവികസനത്തിലൂടെയും, നിർണായക നിമിഷങ്ങളിൽ സ്വന്തം തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാനുള്ള ധൈര്യത്തിലൂടെയുമാണ് യഥാർത്ഥ മഹത്വം നേടുന്നതെന്ന് യോയിച്ചി ഇസാഗിയുടെ യാത്ര നമ്മളെ പഠിപ്പിക്കുന്നുണ്ട്.

Japan's desire for World Cup glory leads the Japanese Football Association to launch a new rigorous training program to find the national team's next striker. Three hundred high school players are pitted against each other for the position, but only one will come out on top.

ലോകോത്തര നിലവാരമുള്ള ഒരു സ്‌ട്രൈക്കറെ സൃഷ്ടിക്കണമെങ്കിൽ, അമിതമായ ത്യാഗമനോഭാവം ഉപേക്ഷിച്ച്, ഗോൾ നേടാനും വിജയിക്കാനും അതിയായ ആഗ്രഹമുള്ള കളിക്കാരെ വളർത്തിയെടുക്കണമെന്ന തത്വശാസ്ത്രമാണ് ബ്ലൂ ലോക്കിലൂടെ അതിൻ്റെ സൃഷ്ടാവായ ജിൻപാച്ചി ഈഗോ മുന്നോട്ട് വെയ്ക്കുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ ബ്ലൂ ലോക്ക് വെറും ഫുട്ബോളിനെക്കുറിച്ചുള്ള മാത്രം കഥയല്ല. അത് മനുഷ്യന്റെ അഭിലാഷങ്ങളെയും, സ്വത്വത്തെ കണ്ടെത്താനുള്ള യാത്രയെയും, അത്യന്തം സമ്മർദ്ദപൂർണമായ സാഹചര്യങ്ങളിൽ യഥാർത്ഥ കഴിവുകളെ ഉണർത്തിയെടുക്കുന്നതിനെയും കുറിച്ചുള്ള ഒരു കഥയാണ്. ഓരോ കഥാപാത്രവും തങ്ങൾ യഥാർത്ഥത്തിൽ ആരാണെന്നും, ഏറ്റവും മികച്ചവനാകാൻ എന്തെല്ലാം ത്യജിക്കാൻ തയ്യാറാണെന്നും തിരിച്ചറിയുന്ന ഒരു പോരാട്ട വേദിയായി കൂടിയാണ് ഫുട്ബോളിനെ ബ്ലൂക്ക് ലോക്ക് സാംശീകരിച്ചിരിക്കുന്നത്.

ഫുട്ബോളിനെ ജപ്പാനിൽ ജനകീയമാക്കിയതിൻ്റെ ചരിത്രപരമായ സ്ഥാനം ഇന്നും ക്യാപ്റ്റൻ സുബാസയ്ക്കാണ്. ജപ്പാൻ്റെ ഫുട്ബോൾ കുതിപ്പിൻ്റെയും വിജയത്തിന്റെയും വേരുകൾ അന്വേഷിച്ചാൽ അത് സ്റ്റേഡിയങ്ങളിലോ പരിശീലന കേന്ദ്രങ്ങളിലോ മാത്രം അവസാനിക്കില്ല. അത് ഒരു മാംഗയുടെ പേജുകളിലേക്കും, ഒരു ആനിമേയുടെ ഫ്രെയിമുകളിലേക്കും, സുബാസ ഒസോറ എന്ന ബാലന്റെ സ്വപ്നത്തിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകും. ഒരു രാജ്യത്തിന്റെ ഫുട്ബോൾ സംസ്കാരത്തെ ആഴത്തിൽ സ്വാധീനിക്കാൻ ഒരു സാങ്കൽപ്പിക കഥാപാത്രത്തിനും കഴിയുമെന്ന് ക്യാപ്റ്റൻ സുബാസ തെളിയിക്കുന്നുണ്ട്

ക്യാപ്റ്റൻ സുബാസ കൂട്ടായ്മയുടെയും സ്വപ്നങ്ങളുടെയും കഥ പറഞ്ഞപ്പോൾ, ബ്ലൂ ലോക്ക് വ്യക്തിഗത മികവിന്റെയും വിജയത്തിനായുള്ള പോരാട്ടത്തിന്റെയും കഥയാണ് പറയുന്നത്. എന്തൊക്കെയാണെങ്കിലും ഫുട്ബോളിനെ ജപ്പാനിൽ ജനകീയമാക്കിയതിൻ്റെ ചരിത്രപരമായ സ്ഥാനം ഇന്നും ക്യാപ്റ്റൻ സുബാസയ്ക്കാണ്. ജപ്പാൻ്റെ ഫുട്ബോൾ കുതിപ്പിൻ്റെയും വിജയത്തിന്റെയും വേരുകൾ അന്വേഷിച്ചാൽ അത് സ്റ്റേഡിയങ്ങളിലോ പരിശീലന കേന്ദ്രങ്ങളിലോ മാത്രം അവസാനിക്കില്ല. അത് ഒരു മാംഗയുടെ പേജുകളിലേക്കും, ഒരു ആനിമേയുടെ ഫ്രെയിമുകളിലേക്കും, സുബാസ ഒസോറ എന്ന ബാലന്റെ സ്വപ്നത്തിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകും. ഒരു രാജ്യത്തിന്റെ ഫുട്ബോൾ സംസ്കാരത്തെ ആഴത്തിൽ സ്വാധീനിക്കാൻ ഒരു സാങ്കൽപ്പിക കഥാപാത്രത്തിനും കഴിയുമെന്ന് ക്യാപ്റ്റൻ സുബാസ തെളിയിക്കുന്നുണ്ട്.

Content Highlights: Discover how Captain Tsubasa revolutionized Japanese football, inspired global superstars like Lionel Messi and Zinedine Zidane, and played a pivotal role in shaping Japan's football culture and succes

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us