

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വമ്പൻ ഇടിവ്. 22 കാരറ്റ് സ്വർണം ഒരു പവന് 1000 രൂപയാണ് കുറഞ്ഞത്. 1,06,520 രൂപയാണ് വിപണിവില. 1 ഗ്രാമിന് 125 രൂപയാണ് കുറഞ്ഞത്. 13315 രൂപയാണ് വിപണിവില. 24 കാരറ്റ് സ്വർണത്തിനും വലിയ വിലക്കുറവുണ്ട്. ഗ്രാമിന് 136 രൂപ കുറഞ്ഞ് 14,526 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന. പവന് 1088 രൂപ കുറഞ്ഞ് 1,16,208 രൂപയുമായി. ഇതോടെ ദിവസങ്ങളായി തുടരുന്ന നേരിയ ഇടിവിന്റെ ട്രെന്റിന് ശമനമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം സ്വർണവിലയിൽ നേരിയ ഇടിവ് മാത്രമാണ് ഉണ്ടായിരുന്നത്. 22 കാരറ്റ് സ്വർണം 1 ഗ്രാമിന് വെറും 10 രൂപയാണ് കുറഞ്ഞത്. 13440 രൂപയായിരുന്നു വിപണിവില.ഒരു പവന് 80 രൂപ മാത്രം കുറഞ്ഞ് 1,07,520 രൂപയായിരുന്നു വിപണിവില. ജൂലൈ 4 ശനിയാഴ്ചയും നേരിയ ഇടിവ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് 200 രൂപയുടെ കുറവോടെ 1,07,600 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 25 രൂപയുടെ കുറവോടെ 13,450 രൂപയായിരുന്നു വില.
അതേസമയം, രാജ്യത്ത് സ്വർണ്ണവിലയിലുണ്ടായ വർധനവ് പ്രയോജനപ്പെടുത്തി സ്വർണപ്പണയ വായ്പകളിലും ഉയർച്ചയെന്ന് റിപ്പോർട്ട്. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയായ 'എക്സ്പീരിയൻ' പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ശരാശരി സ്വർണ്ണപ്പണയ വായ്പാ തുക മുൻവർഷത്തെ അപേക്ഷിച്ച് 39 ശതമാനം വർദ്ധിച്ച് 1.96 ലക്ഷം രൂപയിലെത്തി. വെറും മൂന്ന് വർഷം മുൻപ്, അതായത് 2022-23 സാമ്പത്തിക വർഷത്തിൽ ഇത് 98,000 രൂപ മാത്രമായിരുന്നു. മൂന്ന് വർഷം കൊണ്ട് ശരാശരി വായ്പാ തുക കൃത്യം ഇരട്ടിയായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സ്വർണ്ണവിലയിലുണ്ടായ കുതിപ്പാണ് സാമ്പത്തിക വളർച്ചയ്ക്ക് പ്രധാനമായും കാരണമായത്. 2024 മാർച്ചിനും 2026 മാർച്ചിനുമിടയിൽ സ്വർണ്ണവില സൂചിക 144 ശതമാനം ഉയർന്നപ്പോൾ, അനുവദിച്ച സ്വർണ്ണ വായ്പകളുടെ ആകെ മൂല്യം 200 ശതമാനമാണ് വർദ്ധിച്ചത്. ഒരേ അളവ് സ്വർണ്ണത്തിന്മേൽ തന്നെ ഉയർന്ന മൂല്യം ലഭിക്കുന്നത് വഴി ഉപഭോക്താക്കൾക്ക് കൂടുതൽ തുക വായ്പയായി ലഭിക്കാൻ ഇത് കാരണമായി. തൽഫലമായി, 3 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഉയർന്ന തുകയുടെ വായ്പകളിലാണ് ഇപ്പോൾ വിപണിയിൽ കൂടുതൽ കേന്ദ്രീകരണം ദൃശ്യമാകുന്നത്. രാജ്യത്തെ ആകെ റീട്ടെയ്ൽ വായ്പകളിൽ സ്വർണ്ണപ്പണയത്തിന്റെ പങ്ക് 2023-24-ൽ 20 ശതമാനമായിരുന്നത് 2025-26 ആയപ്പോഴേക്കും 41 ശതമാനമായി കുതിച്ചുയർന്നു.
പരമ്പരാഗതമായി സ്വർണ്ണപ്പണയത്തിന് പേരുകേട്ട ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പുറമെ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും സ്വർണ്ണ വായ്പകൾക്ക് വലിയ രീതിയിൽ സ്വീകാര്യത വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് ഉത്തർപ്രദേശിൽ 138 ശതമാനവും, പശ്ചിമ ബംഗാളിൽ 112 ശതമാനവും, രാജസ്ഥാനിൽ 105 ശതമാനവും, മഹാരാഷ്ട്രയിൽ 102 ശതമാനവും വളർച്ചയാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയത്. ഇത് സ്വർണ്ണ വായ്പകളുടെ ദേശീയ തലത്തിലുള്ള വ്യാപനത്തെയാണ് കാണിക്കുന്നത്.
പരമ്പരാഗതമായി വീടുകളിൽ സൂക്ഷിച്ചുവെച്ചിരിക്കുന്ന സ്വർണ്ണത്തെ സാമ്പത്തിക ആവശ്യങ്ങൾക്കായി എളുപ്പത്തിൽ പണമാക്കി മാറ്റാൻ സാധിക്കുന്നത് രാജ്യത്ത് സാമ്പത്തിക ഉൾപ്പെടുത്തൽ ശക്തമാക്കാൻ സഹായിക്കുന്നതായി എക്സ്പീരിയൻ ഇന്ത്യ കൺട്രി മാനേജിംഗ് ഡയറക്ടർ മനീഷ് ജെയിൻ വ്യക്തമാക്കി. വായ്പയെടുക്കുന്നവരുടെ സ്വഭാവത്തിലും പ്രകടമായ മാറ്റങ്ങൾ ദൃശ്യമാണ്. വായ്പയെടുക്കുന്നവരിൽ 70 ശതമാനവും ഒറ്റത്തവണ മാത്രം വായ്പയെടുക്കുന്നവരാണെങ്കിലും, വീണ്ടും വീണ്ടും സ്വർണ്ണപ്പണയത്തെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനവുണ്ടായിട്ടുണ്ട്.
Content Highlights: Gold prices witnessed a sharp decline in Kerala today. The price of 22-carat gold fell by ₹1,000 per sovereign to ₹1,06,520, while the per gram rate dropped by ₹125 to ₹13,315, offering relief to jewellery buyers.