കാറിലെ പെർഫ്യൂമും ലൈറ്ററുകളും വില്ലനാകാം; വേനൽച്ചൂടിൽ നിർദ്ദേശങ്ങളുമായി കുവൈറ്റ്

അപകടകരമായ വസ്തുക്കളോ ഇലക്ട്രോണിക് ഉപകരണങ്ങളോ ഒരുകാരണവശാലും കാറുകൾക്കുള്ളിൽ ഉപേക്ഷിച്ചു പോകരുതെന്ന് അധികൃതർ.

കാറിലെ പെർഫ്യൂമും ലൈറ്ററുകളും വില്ലനാകാം; വേനൽച്ചൂടിൽ നിർദ്ദേശങ്ങളുമായി കുവൈറ്റ്
dot image

കുവൈറ്റിൽ വേനൽച്ചൂട് കനക്കുന്നതിനിടെ വാഹനങ്ങൾക്കുള്ളിൽ പെർഫ്യൂം കുപ്പികൾ, ലൈറ്ററുകൾ, പവർബാങ്കുകൾ, മൊബൈൽ ചാർജറുകൾ തുടങ്ങിയ വസ്തുക്കൾ സൂക്ഷിക്കുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്ന മുന്നറിയിപ്പുമായി അഗ്നിശമന സേന. ഉയർന്ന താപനില കാരണം ഇത്തരം വസ്തുക്കൾ പെട്ടെന്ന് പൊട്ടിത്തെറിക്കാനോ തീപിടിത്തമുണ്ടാക്കാനോ സാധ്യത കൂടുതലാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം മാത്രം രാജ്യത്ത് 742 വാഹന തീപിടിത്തങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ഇന്ധന ചോർച്ച, വൈദ്യുത ഷോർട്ട് സർക്യൂട്ട്, പഴകിയ വയറിംഗ്, ബാറ്ററിയിലെ തകരാറുകൾ, എൻജിൻ അമിതമായി ചൂടാകൽ, റേഡിയേറ്ററിലെ വെള്ളത്തിന്റെ കുറവ് എന്നിവയാണ് വാഹനങ്ങൾക്ക് തീപിടിക്കാനുള്ള മറ്റ് പ്രധാന കാരണങ്ങൾ. അതിനാൽ വാഹനങ്ങൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയും പരിപാലിക്കുകയും ചെയ്യണമെന്നും അപകടകരമായ വസ്തുക്കളോ ഇലക്ട്രോണിക് ഉപകരണങ്ങളോ ഒരുകാരണവശാലും കാറുകൾക്കുള്ളിൽ ഉപേക്ഷിച്ചു പോകരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.

കഴിഞ്ഞ വർഷം കുവൈറ്റ് അഗ്നിശമന സേന ആകെ 3,468 തീപിടിത്ത സംഭവങ്ങളാണ് കൈകാര്യം ചെയ്തത്. ഇതിൽ ഏറ്റവും കൂടുതൽ തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തത് അഹ്മദി ഗവർണറേറ്റിലാണ് (542 കേസുകൾ). തൊട്ടുപിന്നാലെ ഫർവാനിയയിൽ 534, മുബാറക് അൽ-കബീറിൽ 531, ഹവല്ലിയിൽ 483, ക്യാപിറ്റൽ ഗവർണറേറ്റിൽ 477, ജഹ്റയിൽ 465 എന്നിങ്ങനെയാണ് തീപിടിത്തങ്ങൾ രേഖപ്പെടുത്തിയത്. ശേഷിക്കുന്നവ തെക്കൻ, വടക്കൻ മേഖലകളിലായിരുന്നു.

വാഹനങ്ങൾക്ക് പുറമെ രാജ്യത്തെ പാർപ്പിട മേഖലകളിലും വലിയ രീതിയിൽ തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം 819 പാർപ്പിടങ്ങളിലും 507 പാർപ്പിടേതര കെട്ടിടങ്ങളിലുമാണ് അഗ്നിബാധയുണ്ടായത്. ഇതിന് പുറമെ കടലിൽ കിടന്നിരുന്ന 11 ബോട്ടുകളിലും തീപിടിത്തം രേഖപ്പെടുത്തിയതായി ബ്രിഗേഡിയർ മുഹമ്മദ് അൽ-ഗരീബ് വ്യക്തമാക്കി. ചൂടുകാലത്ത് പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അഗ്നിശമന സേന ഓർമ്മിപ്പിച്ചു.

Content Highlights: Authorities in Kuwait have urged motorists to avoid keeping perfumes, lighters, and other flammable or pressurized items inside parked vehicles, citing the increased risk posed by extreme summer heat.

dot image
To advertise here,contact us
dot image