

കേന്ദ്ര സർക്കാർ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്‌സിഐ) ശേഖരത്തിലുള്ള 72 ലക്ഷം ടൺ അരി എഥനോൾ നിർമ്മാണത്തിനായി അനുവദിക്കുന്ന നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഇന്ത്യയുടെ എഥനോൾ ബ്ലെൻഡിംഗ് പദ്ധതിക്ക് ആവശ്യമായ അസംസ്കൃത വസ്തു ലഭ്യമാക്കുന്നതിനാണ് ഈ നീക്കം.
എഥനോൾ പദ്ധതിയുടെ ഭാഗമായി ഇന്ത്യ E20 ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകുകയാണ്. പെട്രോളിൽ 20 ശതമാനം വരെ എഥനോൾ ചേർത്ത് ഉപയോഗിക്കുന്ന സംവിധാനത്തിലൂടെ ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കുകയും രാജ്യത്തിന്റെ ഊർജസുരക്ഷ വർധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ഇതിനായി വിവിധ കാർഷിക ഉൽപ്പന്നങ്ങളാണ് എഥനോൾ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. ചോളം, കരിമ്പ്, ധാന്യങ്ങൾ എന്നിവയ്ക്കൊപ്പം എഫ്‌സിഐയുടെ അധിക അരിശേഖരവും ഇതിന്റെ ഭാഗമാക്കുകയാണ്.
കേന്ദ്രത്തിന്റെ വിശദീകരണം അനുസരിച്ച്, എഥനോൾ ഉൽപ്പാദനത്തിന് ഉപയോഗിക്കുന്നത് സാധാരണ ജനങ്ങൾക്ക് വിതരണം ചെയ്യുന്ന റേഷൻ അരിയല്ല. ആവശ്യത്തിന് മുകളിലുള്ളതും സംഭരണത്തിൽ കിടക്കുന്നതുമായ സ്റ്റോക്കാണ് ഇതിനായി മാറ്റുന്നത്. ഇതിലൂടെ അധിക ഭക്ഷ്യധാന്യത്തിന്റെ ഉപയോഗവും കർഷകർക്ക് പുതിയ വിപണിയും ഒരേസമയം ലഭിക്കുമെന്നാണ് സർക്കാർ വാദം.
എഥനോൾ നിർമ്മാണത്തിനായി അനുവദിക്കുന്ന അരിക്ക് പ്രത്യേക വിലയും നിശ്ചയിച്ചിട്ടുണ്ട്. 2025-26 എഥനോൾ സപ്ലൈ വർഷത്തിനായി എഫ്‌സിഐ അരി ഡിസ്റ്റിലറികൾക്ക് നൽകുന്നതിനുള്ള നിരക്ക് കിലോയ്ക്ക് ഏകദേശം 23.20 എന്ന നിലയിലാണ് നിശ്ചയിച്ചിരിക്കുന്നത്.
ഇന്ത്യയുടെ എഥനോൾ പദ്ധതി വെറും ഇന്ധനമാറ്റം മാത്രമല്ല.
കേന്ദ്രത്തിന്റെ 72 ലക്ഷം ടൺ എഫ്‌സിഐ അരി എഥനോൾ നിർമ്മാണത്തിനായി മാറ്റിവയ്ക്കുന്ന തീരുമാനത്തിന് പിന്നിൽ പ്രധാനമായും ചെലവ് നേട്ടവും സ്ഥിരമായ അസംസ്കൃത വസ്തു ലഭ്യതയും ആണ്. അരിയിൽ നിന്ന് നിർമ്മിക്കുന്ന എഥനോൾ എണ്ണ വിപണന കമ്പനികൾ ലിറ്ററിന് ₹58.5 നിരക്കിൽ വാങ്ങുന്നു. പൊട്ടിയ അരിയിൽ (broken rice) നിന്നുള്ള എഥനോളിന് ലിറ്ററിന് 64 വരെ ലഭിക്കുന്നതിനാൽ ഡിസ്റ്റിലറികൾക്ക് ഇത് കൂടുതൽ സാമ്പത്തികമായി ഗുണകരമാകാം.
കൂടാതെ എഫ്‌സിഐയുടെ 100% ബ്രോക്കൻ റൈസ് ഇ-ലേലത്തിലൂടെ ലഭിക്കുന്നതിനാൽ അതും എഥനോൾ ഉൽപ്പാദനത്തിലേക്ക് ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വ്യവസായ വൃത്തങ്ങൾ പറയുന്നത്.നിലവിൽ രാജ്യത്ത് പ്രതിവർഷം ഏകദേശം 2,000 കോടി ലിറ്റർ എഥനോൾ ഉൽപ്പാദിപ്പിക്കുമ്പോൾ, 20% ബ്ലെൻഡിംഗ് ലക്ഷ്യം നിലനിർത്താൻ എണ്ണ വിപണന കമ്പനികൾകൾക്ക് വർഷം 1,050–1,100 കോടി ലിറ്റർ എഥനോൾ ആവശ്യമാണ്. അതേസമയം, സംസ്ഥാന സർക്കാരുകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ, സ്വകാര്യ വ്യാപാരികൾ എന്നിവർക്കും എഫ്‌സിഐ അരിയുടെ പ്രത്യേക വിഹിതങ്ങൾ അനുവദിച്ചിട്ടുണ്ട്.
അധിക സ്റ്റോക്കുകളുടെ ഉപയോഗം, ജല ലഭ്യത, കർഷകരുടെ താൽപര്യം, ഭക്ഷ്യധാന്യങ്ങളുടെ ആവശ്യകത എന്നിവ തമ്മിൽ ശരിയായ സന്തുലനം നിലനിർത്തുക എന്നതാണ് സർക്കാരിന്റെ പ്രധാന വെല്ലുവിളി. ഊർജ സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു വലിയ ചുവടുവയ്പ്പായി എഥനോൾ പദ്ധതിയെ കാണുമ്പോഴും, അത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ ബാധിക്കാത്ത രീതിയിൽ നടപ്പാക്കുക എന്നതാണ് പദ്ധതിയുടെ യഥാർത്ഥ വിജയത്തെ നിർണയിക്കുന്നത്.
Content HIghlights: Centre rings-fences 72 lakh tonnes of FCI rice for ethanol push