വിഴിഞ്ഞത്തിന് പുതിയ നാഴികക്കല്ല്; ഓഗസ്റ്റ് 18 മുതല്‍ കയറ്റുമതി-ഇറക്കുമതി ആരംഭിക്കും

ലോകത്തിലെ ഏറ്റവും വലിയ മദര്‍ഷിപ്പുകള്‍ വിഴിഞ്ഞം തുറമുഖത്ത് എത്തുന്നതോടെ ആഗോള നിലവാരമുള്ള സമുദ്ര കേന്ദ്രമെന്ന സ്ഥാനം കേരളത്തിന് ഉറപ്പിക്കാനാവും

വിഴിഞ്ഞത്തിന് പുതിയ നാഴികക്കല്ല്; ഓഗസ്റ്റ് 18 മുതല്‍ കയറ്റുമതി-ഇറക്കുമതി ആരംഭിക്കും
dot image

ഓഗസ്റ്റ് 18 മുതല്‍ വിഴിഞ്ഞം തുറമുഖത്ത് സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി സേവനങ്ങള്‍ ആരംഭിക്കും. ഇതോടെ ട്രാന്‍സ്ഷിപ്‌മെന്റ് ഹബ്ബില്‍ നിന്ന് സമ്പൂര്‍ണ അന്താരാഷ്ട്ര ചരക്ക് കവാടമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

മുഖ്യമന്ത്രി വി ഡി സതീശന്‍ ആദ്യ കയറ്റുമതി കണ്ടെയ്നര്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ 'മിഷന്‍ സമുദ്ര' ബിസിനസ് സമ്മിറ്റ് സംഘടിപ്പിക്കും. ആഗോള ഷിപ്പിങ് കമ്പനികള്‍, ലോജിസ്റ്റിക്‌സ് സ്ഥാപനങ്ങള്‍, കയറ്റുമതിക്കാര്‍, നിക്ഷേപകര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

ഈ ചടങ്ങില്‍ കേരളത്തിന്റെ ദീര്‍ഘകാല സമുദ്ര വികസന പദ്ധതിയായ 'മിഷന്‍ സമുദ്ര' ഔദ്യോഗികമായി പ്രഖ്യാപിക്കുകയും, സമുദ്രാധിഷ്ഠിത സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള സംസ്ഥാനത്തിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ചെയ്യും. കേരള സര്‍ക്കാരും അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണും ചേര്‍ന്ന് പൊതുമേഖല-സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയില്‍ വികസിപ്പിച്ച വിഴിഞ്ഞം തുറമുഖം ലോകത്തിലെ അതിവേഗം വളരുന്ന കണ്ടെയ്നര്‍ തുറമുഖങ്ങളിലൊന്നായി മാറിയതായി സര്‍ക്കാര്‍ അറിയിച്ചു.

വാണിജ്യ പ്രവര്‍ത്തനം ആരംഭിച്ച് 18 മാസത്തിനുള്ളില്‍ തുറമുഖം 20 ലക്ഷം ടിഇയു ചരക്ക് കൈകാര്യം ചെയ്യും. 20 അടി നീളമുള്ള കണ്ടെയ്‌നറിനെയാണ് 1 ടിഇയു എന്ന് വിളിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മദര്‍ഷിപ്പുകളെയും വിഴിഞ്ഞം തുറമുഖത്ത് എത്തിക്കാനാവും. ഇതുവഴി ആഗോള നിലവാരമുള്ള സമുദ്ര കേന്ദ്രമെന്ന സ്ഥാനം കേരളത്തിന് ഉറപ്പിക്കാനായി.

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയുടെ ഭാഗമായാണ് എക്‌സിം സേവനങ്ങള്‍ ആരംഭിക്കുന്നത്. ഇതിലൂടെ ലോജിസ്റ്റിക്‌സ് ചെലവ് കുറയുകയും, വിതരണ ശൃംഖല കൂടുതല്‍ കാര്യക്ഷമമാവുകയും, കയറ്റുമതി മത്സരശേഷി വര്‍ധിക്കുകയും, നിക്ഷേപവും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഇന്ത്യയിലെ ആദ്യ ആഴക്കടല്‍ ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖവും ദക്ഷിണേഷ്യയിലെ ആദ്യ പൂര്‍ണ ഓട്ടോമേറ്റഡ് കണ്ടെയ്നര്‍ തുറമുഖവുമായ വിഴിഞ്ഞം, എല്ലാ ഷിപ്പിംഗ് കമ്പനികള്‍ക്കും തുല്യ സേവനം നല്‍കുന്ന ഓപ്പണ്‍ ആക്‌സസ്, കോമണ്‍ യൂസര്‍ പോര്‍ട്ട് എന്ന നിലയിലാണ് പ്രവര്‍ത്തിക്കുകയെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

Content Highlights: Vizhinjam International Seaport will commence full EXIM operations on August 18, marking its transformation into a full-fledged international cargo gateway and strengthening Kerala's role in global maritime trade

dot image
To advertise here,contact us
dot image