ഈന്തപ്പന സംരക്ഷണത്തിന് പ്രധാന്യം നൽകാൻ യുഎഇ; പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു

പുതുതായി വികസിപ്പിച്ചെടുക്കുന്നതും അപൂർവ്വവുമായ ഈന്തപ്പന ഇനങ്ങളെ ശാസ്ത്രീയമായി തിരിച്ചറിയാനും തരംതിരിക്കാനും രജിസ്റ്റർ ചെയ്യാനും ഈ പദ്ധതി വഴി സാധിക്കും.

ഈന്തപ്പന സംരക്ഷണത്തിന് പ്രധാന്യം നൽകാൻ യുഎഇ; പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു
dot image

ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനവും കീടബാധകളും കാർഷിക മേഖലയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന സാഹചര്യത്തിൽ യുഎഇ തങ്ങളുടെ ഏറ്റവും മൂല്യമേറിയ സാംസ്കാരിക-കാർഷിക സമ്പത്തായ ഈന്തപ്പനകളെ സംരക്ഷിക്കാൻ പുതിയൊരു പദ്ധതിക്ക് തുടക്കം കുറിച്ചു. അബുദാബി ഹെറിറ്റേജ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പുതിയ ഈന്തപ്പന ഇനങ്ങളെ ഔദ്യോഗികമായി രേഖപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. കേവലം വിവരങ്ങൾ ശേഖരിക്കുന്നതിനപ്പുറം ഒരു ശാസ്ത്രീയ സംവിധാനമാണ് ഇതിലൂടെ ഒരുക്കുന്നത്. പുതുതായി വികസിപ്പിച്ചെടുക്കുന്നതും അപൂർവ്വവുമായ ഈന്തപ്പന ഇനങ്ങളെ ശാസ്ത്രീയമായി തിരിച്ചറിയാനും തരംതിരിക്കാനും രജിസ്റ്റർ ചെയ്യാനും ഈ പദ്ധതി വഴി സാധിക്കും.

22-ാമത് ലിവാ റുതബ് ഫെസ്റ്റിവലിൽ വെച്ചാണ് അതോറിറ്റി ഈ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 'ശാസ്ത്രീയമായ ഡോക്യുമെന്റേഷൻ, അവകാശ സംരക്ഷണം, സുസ്ഥിരത ഉറപ്പാക്കൽ' എന്നതാണ് ഈ പദ്ധതിയുടെ മുദ്രാവാക്യം. പുതിയ ഈന്തപ്പനകളെ രേഖപ്പെടുത്തുന്നതിന് ആധുനിക ശാസ്ത്രീയ രീതികളിലൂടെ ഏകീകൃത മാനദണ്ഡങ്ങൾ കൊണ്ടുവരാൻ ഈ നീക്കം സഹായിക്കുമെന്നും അധികൃതർ വിലയിരുത്തി.

കർഷകരുടെ പുതിയ കണ്ടുപിടിത്തങ്ങളെയും പരീക്ഷണങ്ങളെയും അംഗീകരിക്കാനും പദ്ധതി സഹായിക്കും. ഇതിനൊപ്പം ഈന്തപ്പന ഇനങ്ങൾക്ക് പേരിടുന്നതിനും അവയുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനും വ്യക്തമായ ഒരു നടപടിക്രമം ഇതിലൂടെ നടപ്പാകും. പുതുതായി വികസിപ്പിച്ചെടുക്കുന്ന ഈന്തപ്പനകളുടെ വിശ്വസനീയമായ ഒരു ദേശീയ ഡാറ്റാബേസ് നിർമ്മിക്കാൻ അതോറിറ്റിക്ക് പദ്ധതിയുണ്ട്. ഈ രംഗത്തെ ഗവേഷണങ്ങളും നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

കർഷകർക്ക് തങ്ങളുടെ പുതിയ ഈന്തപ്പന ഇനങ്ങൾ വളരെ എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാം. ഇതിനായി 'ഫാലക് അൽ നാമൂസ്' എന്ന സ്മാർട്ട് ആപ്ലിക്കേഷനും അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്. ഈ ആപ്പ് വഴി കർഷകർക്ക് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും. അപേക്ഷകരുടെ വിവരങ്ങളും ചിത്രങ്ങളും ആദ്യം സാങ്കേതിക മൂല്യനിർണ്ണയത്തിന് വിധേയമാക്കും. അതിനുശേഷം വിദഗ്ധ സംഘം കൃഷിയിടങ്ങളിലെത്തി നേരിട്ട് പരിശോധിച്ച് കാര്യങ്ങൾ ഉറപ്പുവരുത്തും. ഈ പരിശോധനകൾക്ക് ശേഷമായിരിക്കും പുതിയ ഇനങ്ങൾക്ക് അംഗീകാരം നൽകുന്നത്. തുടർന്ന് ഇവയെ ദേശീയ ഡാറ്റാബേസിൽ ഉൾപ്പെടുത്തും.

പദ്ധതി പ്രകാരം ഒരു ഈന്തപ്പന ഇനത്തിന് അംഗീകാരം ലഭിക്കണമെങ്കിൽ ചില നിബന്ധനകളുണ്ട്. മികച്ച ഗുണമേന്മ, തനതായ രുചി, ആകർഷകമായ രൂപം എന്നിവ ഇതിന് ഉണ്ടായിരിക്കണം. കൂടാതെ വ്യത്യസ്തമായ കാലാവസ്ഥകളിലും സാഹചര്യങ്ങളിലും മികച്ച വിളവ് നൽകാൻ ശേഷിയുള്ള സ്ഥിരതയാർന്ന ഇനമായിരിക്കണം ഇവയെന്നും അധികൃതർ വ്യക്തമാക്കി. യുഎഇയുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലും കാർഷിക മേഖലയുടെ ഭാവി സുരക്ഷിതമാക്കുന്നതിലും ഈ പദ്ധതി വലിയൊരു നാഴികക്കല്ലാകും.

Content Highlights: The UAE has introduced a new initiative aimed at protecting and preserving date palm trees across the country. The programme focuses on enhancing sustainable agriculture, safeguarding national heritage, and improving the long-term health and productivity of date palm cultivation.

dot image
To advertise here,contact us
dot image