സ്വർണവില കുറയുന്നത് കണ്ട് അധികം സന്തോഷിക്കേണ്ട; ദീപാവലിയോടെ വീണ്ടും ഉയർന്നേക്കും: വിപണി വിദഗ്ദ്ധർ

യുഎസ് ഡോളർ സൂചിക 100.50 നിലവാരത്തിലേക്ക് ശക്തിപ്പെട്ടത് ആഗോളതലത്തിൽ സ്വർണം ചിലവേറിയതാക്കി മാറ്റി

സ്വർണവില കുറയുന്നത് കണ്ട്  അധികം സന്തോഷിക്കേണ്ട; ദീപാവലിയോടെ വീണ്ടും ഉയർന്നേക്കും: വിപണി വിദഗ്ദ്ധർ
അജ്മല്‍ എം കെ
3 min read|19 Jul 2026, 05:34 pm
dot image

ന്യൂഡൽഹി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആഭ്യന്തര വിപണിയിൽ സ്വർണ, വെള്ളി വിലകളിൽ ഇടിവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ സ്വർണവിലയിൽ ശക്തമായ തിരിച്ചുവരവ് ഉണ്ടാകുമെന്ന് വിപണി വിദഗ്ദ്ധർ. കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണവിലയിൽ ഏകദേശം 8 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാൽ വെള്ളിയാഴ്ച വിപണിയിൽ നേരിയ തിരിച്ച് വരവം. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ ആഗസ്റ്റ് ഡെലിവറിക്കായുള്ള സ്വർണവില 10 ഗ്രാമിന് 658 രൂപ വർധിച്ച് 1,41,006 രൂപയിലാണ വ്യാപാരം അവസാനിപ്പിച്ചത്. വെള്ളി വില കിലോഗ്രാമിന് 436 രൂപ ഉയർന്ന് 2,16,449 രൂപയിലുമെത്തി.

വിലയിടിവിന് പിന്നിലെ കാരണങ്ങൾ

പശ്ചിമേഷ്യയിലെ വർദ്ധിച്ചുവരുന്ന രാഷ്ട്രീയ സംഘർഷങ്ങളും യുഎസ് ഡോളറിന്റെ കരുത്തുമാണ് നിലവിൽ സ്വർണവിലയെ ബാധിച്ചിരിക്കുന്നത്. യുഎസും ഇറാനും തമ്മിലുള്ള സമാധാന കരാർ പൂർണ്ണമായും തകർന്നതും മേഖലയിലെ സംഘർഷങ്ങളും നിക്ഷേപകരുടെ ആശങ്ക വർദ്ധിപ്പിക്കുന്നു. യുഎസ് ഡോളർ സൂചിക 100.50 നിലവാരത്തിലേക്ക് ശക്തിപ്പെട്ടത് ആഗോളതലത്തിൽ സ്വർണം ചിലവേറിയതാക്കി മാറ്റി. ഇത് സ്വർണത്തിന്റെ ഡിമാൻഡ് കുറയ്ക്കുകയും വിലയിൽ പ്രതിഫലിക്കുകയും ചെയ്തു.

വില ഇനിയും കുറയുമോ?

വിപണിയിലെ നിലവിലെ അസ്ഥിരത വരും ദിവസങ്ങളിൽ അവസാനിക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. സ്വർണവിലയിൽ ഇനിയൊരു വൻ ഇടിവിന് സാധ്യത കുറവാണ്. പരമാവധി 5 ശതമാനം വരെ മാത്രമേ ഇനി വില താഴേക്ക് പോകാൻ സാധ്യതയുള്ളൂ. ആഭ്യന്തര വിപണിയിൽ 10 ഗ്രാമിന് 1.35 ലക്ഷം രൂപ എന്ന നിരക്കിൽ സ്വർണത്തിന് ശക്തമായ സപ്പോർട്ട് (Support Level) നിലവിലുണ്ട്. വില ഇനിയും വലിയ രീതിയിൽ കുറയുമെന്ന് പ്രതീക്ഷിച്ച് സ്വർണം വാങ്ങുന്നത് മാറ്റിവെക്കേണ്ടതില്ലെന്ന് വിദഗ്ദ്ധർ ഉപദേശിക്കുന്നു. ആഭരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിലവിലെ ഈ വിലക്കുറവ് മികച്ച ഒരു അവസരമാണ്.

ദീപാവലിക്ക് വില എവിടെയെത്തും?

മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സംഘർഷങ്ങൾ ലഘൂകരിക്കപ്പെടുകയാണെങ്കിൽ, ആഭ്യന്തര വിപണിയിൽ സ്വർണവില വലിയ രീതിയിൽ ഉയർന്നേക്കാം. വരാനിരിക്കുന്ന ദീപാവലി സീസണോടെ സ്വർണവില 10 ഗ്രാമിന് 1.60 ലക്ഷം രൂപ വരെ ഉയർന്നേക്കുമെന്നാണ് വിശകലന വിദഗ്ദ്ധരുടെ പ്രവചനം. എന്നാൽ അന്താരാഷ്ട്ര തലത്തിലെ അനിശ്ചിതത്വം തുടരുകയാണെങ്കിൽ വില 1.35 ലക്ഷം രൂപയ്ക്കും 1.45 ലക്ഷം രൂപയ്ക്കും ഇടയിൽ തന്നെ തുടരാനാണ് സാധ്യത.

Content Highlights: Market experts believe the recent decline in gold prices could be temporary, with prices likely to rebound before Diwali. Rising festive demand, continued central bank purchases, geopolitical uncertainties, and global economic factors are expected to support gold prices in the coming months, despite the current market correction.

dot image
To advertise here,contact us
dot image