വിസ നടപടികൾ പൂർത്തിയാക്കാം; ദുബായ് ജിഡിആർഎഫ്എയുടെ വീഡിയോ കോൾ സേവനത്തിന് വൻ സ്വീകാര്യത

അപേക്ഷകളിലെ തടസ്സങ്ങൾ പരിഹരിക്കുക, രേഖകളുടെ അപാകതകൾ തത്സമയം തിരുത്തുക, അധികമായി ആവശ്യമായി വരുന്ന രേഖകൾ അപ്പോൾ തന്നെ സമർപ്പിക്കുക തുടങ്ങിയവയെല്ലാം ഈ ഒറ്റ വീഡിയോ കോളിലൂടെ സാധ്യമാകും.

വിസ നടപടികൾ പൂർത്തിയാക്കാം; ദുബായ് ജിഡിആർഎഫ്എയുടെ വീഡിയോ കോൾ സേവനത്തിന് വൻ സ്വീകാര്യത
dot image

സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ് നടപ്പാക്കിയ ഇൻസ്റ്റന്റ് വീഡിയോ കോൾ സേവനം പ്രവാസികൾക്കിടയിൽ വലിയ ശ്രദ്ധ നേടുന്നു. സേവന കേന്ദ്രങ്ങളിൽ നേരിട്ടെത്താതെ തന്നെ ഉദ്യോഗസ്ഥരുമായി തത്സമയം വീഡിയോ കോളിലൂടെ ആശയവിനിമയം നടത്തി വിസ, റെസിഡൻസി ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന ഈ സംവിധാനം ഡിജിറ്റൽ ഗവൺമെന്റ് രംഗത്ത് പുതിയൊരു മാതൃകയായി മാറിയിരിക്കുകയാണ്.

2026-ലെ ആദ്യ ആറുമാസത്തിനിടെ മാത്രം 19,507 ഇടപാടുകളാണ് ഈ വീഡിയോ കോൾ സംവിധാനത്തിലൂടെ ദുബായ് ജിഡിആർഎഫ്എ വിജയകരമായി പൂർത്തിയാക്കിയത്. വെറും 5.38 മിനിറ്റ് മാത്രമാണ് ഈ കോളിനായി ഉപയോക്താക്കൾക്ക് കാത്തിരിക്കേണ്ടി വന്നതെന്നും 97.93 ശതമാനം സേവന കാര്യക്ഷമത ഇതിലൂടെ കൈവരിക്കാൻ കഴിഞ്ഞെന്നും ദുബായ് ജിഡിആർഎഫ്എ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അൽ മർറി വ്യക്തമാക്കി. ഓഫീസുകളിൽ പോകാതെ തന്നെ രേഖകൾ പരിശോധിക്കാനും വിവരങ്ങൾ സ്ഥിരീകരിക്കാനും മുഖം കാണിച്ചുള്ള ഐഡന്റിറ്റി വെരിഫിക്കേഷൻ പൂർത്തിയാക്കാനും ഈ സംവിധാനം സഹായിക്കുന്നുണ്ട്.

അപേക്ഷകളിലെ തടസ്സങ്ങൾ പരിഹരിക്കുക, രേഖകളുടെ അപാകതകൾ തത്സമയം തിരുത്തുക, അധികമായി ആവശ്യമായി വരുന്ന രേഖകൾ അപ്പോൾ തന്നെ സമർപ്പിക്കുക തുടങ്ങിയവയെല്ലാം ഈ ഒറ്റ വീഡിയോ കോളിലൂടെ സാധ്യമാകും. അപേക്ഷകർക്ക് സമയനഷ്ടവും യാത്രാച്ചെലവും ഒഴിവാക്കാൻ സാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ജിഡിആർഎഫ്എ ദുബായുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ സ്മാർട്ട് ആപ്പിലോ പ്രവേശിച്ച് ‘Instant Video Call’ ഓപ്ഷൻ തിരഞ്ഞെടുത്താൽ ലോകത്തിന്റെ ഏത് കോണിലിരുന്നും സ്മാർട്ട്‌ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ച് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാം. നിലവിൽ എൻട്രി പെർമിറ്റുകൾ, ഫാമിലി റെസിഡൻസി, വിസ പുതുക്കൽ, റദ്ദാക്കൽ, എസ്റ്റാബ്ലിഷ്‌മെന്റ് ഫയലുകൾ, ലീഗൽ അഫയേഴ്സുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ എന്നിവ ഇതിലൂടെ ലഭ്യമാണ്.

ജിഡിആർഎഫ്എയുടെ പുതിയ വീഡിയോ കോൾ സേവനവും നിലവിലുള്ള ആമർ കോൾ സെന്ററും വ്യത്യസ്ത ആവശ്യങ്ങൾക്കായാണ് പ്രവർത്തിക്കുന്നത്. ആമർ കോൾ സെന്റർ (ഫോൺ: 8005111) പ്രധാനമായും വിസ, റെസിഡൻസി, എൻട്രി പെർമിറ്റ് തുടങ്ങിയ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പൊതുവായ മാർഗനിർദേശങ്ങളും നൽകുന്നതിനാണ്. എന്നാൽ പുതിയ വീഡിയോ കോൾ സേവനം ഉപയോക്താവിനെയും ജിഡിആർഎഫ്എ ഉദ്യോഗസ്ഥനെയും തത്സമയം മുഖാമുഖം ബന്ധിപ്പിച്ച്, രേഖകൾ പരിശോധിച്ച് അപേക്ഷകളിലെ പ്രശ്നങ്ങൾ അപ്പോൾ തന്നെ പരിഹരിക്കാൻ സഹായിക്കുന്ന വിപ്ലവകരമായ സംവിധാനമാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഐഡന്റിറ്റി പരിശോധന, സുരക്ഷിത ഓൺലൈൻ ആശയവിനിമയ സംവിധാനം എന്നിവ സംയോജിപ്പിച്ചാണ് ഈ പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്. സർക്കാർ ഓഫീസുകളിലെ തിരക്ക് കുറയ്ക്കുന്നതിനും ഉപഭോക്തൃ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായി ഭാവിയിൽ കൂടുതൽ സേവനങ്ങൾ ഈ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.

Content Highlights: Dubai's General Directorate of Residency and Foreigners Affairs (GDRFA) has seen a strong response to its video call service, which enables residents to complete visa-related procedures without visiting service centres. The initiative is aimed at improving accessibility, reducing waiting times, and enhancing customer experience.

dot image
To advertise here,contact us
dot image