നിക്ഷേപകരുടെ ആദ്യ ചോയ്സ് ഗുജറാത്ത്; മഹാരാഷ്ട്രയും തമിഴ്നാടും മുൻപന്തിയിൽ,പട്ടികയിൽ കേരളം 12ാമത്

ഉൽപാദന മേഖലയിൽ വലിയ മുന്നേറ്റം നടത്തുന്ന തമിഴ്നാട് മൂന്നാം സ്ഥാനത്താണ്

നിക്ഷേപകരുടെ ആദ്യ ചോയ്സ് ഗുജറാത്ത്; മഹാരാഷ്ട്രയും തമിഴ്നാടും മുൻപന്തിയിൽ,പട്ടികയിൽ കേരളം 12ാമത്
dot image

നിതി ആയോഗിന്റെ പുതിയ ഇൻവെസ്റ്റ്മെന്റ് ഫ്രണ്ട്‌ലിനസ് ഇൻഡക്സ് 2026 ലിസ്റ്റിൽ ഇടം പിടിച്ച് ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്നാട്, ഗോവ എന്നീ സംസ്ഥാനങ്ങൾ. നിക്ഷേപം ആകർഷിക്കുന്നതിൽ നിർണായകമായ ഘടകങ്ങളായ അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം, വ്യവസായ സൗഹൃദ അന്തരീക്ഷം, സർക്കാർ നയങ്ങൾ, നിയന്ത്രണ നടപടികളുടെ ലാളിത്യം തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സൂചികയിൽ സംസ്ഥാനങ്ങളെ റാങ്ക് ചെയ്തിരിക്കുന്നത്.

രാജ്യത്ത് നിക്ഷേപം ആകർഷിക്കുന്നതിലും വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിലും ഗുജറാത്ത് ആണ് ഒന്നാം സ്ഥാനത്ത്.
നിക്ഷേപകരെ ആകർഷിക്കുന്നതിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനമായാണ് ഗുജറാത്തിനെ റിപ്പോർട്ട് വിലയിരുത്തുന്നത്. വ്യവസായങ്ങൾക്ക് വേഗത്തിൽ അനുമതികൾ ലഭ്യമാക്കുന്ന സംവിധാനം, വികസിച്ച റോഡ്-തുറമുഖ ശൃംഖല, വൈദ്യുതി ലഭ്യത, നിക്ഷേപ സൗഹൃദ നയങ്ങൾ എന്നിവ സംസ്ഥാനത്തിന്റെ മുന്നേറ്റത്തിന് സഹായകമായി.

ഗുജറാത്തിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ വ്യവസായ കേന്ദ്രങ്ങളിലൊന്നായ മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തെത്തി. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉൾപ്പെടുന്ന മഹാരാഷ്ട്ര, ധനകാര്യ സേവനങ്ങൾ, നിർമ്മാണ മേഖല, വലിയ വ്യവസായ പദ്ധതികൾ എന്നിവയിൽ ശക്തമായ സാന്നിധ്യം തുടരുകയാണ്. ഉൽപാദന മേഖലയിൽ വലിയ മുന്നേറ്റം നടത്തുന്ന തമിഴ്നാട് മൂന്നാം സ്ഥാനത്താണ്. വാഹന നിർമാണം, ഇലക്ട്രോണിക്സ്, കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിലെ വളർച്ചയാണ് തമിഴ്നാടിന്റെ നേട്ടത്തിന് പിന്നിൽ. ഒഡിഷയും ഗോവയും മികച്ച പ്രകടനം കാഴ്ചവെച്ച് ഉയർന്ന റാങ്കുകളിൽ ഇടം നേടി.

ആന്ധ്രാപ്രദേശ്, അസം, ചണ്ഡീഗഢ്, ഛത്തീസ്ഗഡ്, ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളെ നിതി ആയോഗിന്റെ സൂചികയിൽ മുൻനിര പ്രകടനക്കാർ (Frontrunners) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ബിഹാർ, ജമ്മു കശ്മീർ, ഝാർഖണ്ഡ്, മേഘാലയ, നാഗാലാൻഡ്, പുതുച്ചേരി, പഞ്ചാബ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളെ “ഉയർന്നുവരുന്ന പ്രകടനക്കാർ” (Emerging Performers) എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 50-ന് മുകളിൽ സ്കോറുള്ള സംസ്ഥാനങ്ങളെ 'ടോപ് പെർഫോമേഴ്‌സ്' ആയി കണക്കാക്കുമ്പോൾ, കേരളം രണ്ടാം നിരയായ 'ഫ്രണ്ട് റണ്ണേഴ്‌സ്' വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ ആകെ സ്കോർ 46.6 ആണ്. ഇതോടെ ലിസ്റ്റിൽ കേരളം 12-ാം സ്ഥാനത്താണ്.

സംസ്ഥാനങ്ങൾ തമ്മിലുള്ള നിക്ഷേപ അസമത്വവും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്ന പ്രധാന വിഷയമാണ്. രാജ്യത്തേക്ക് എത്തുന്ന വിദേശ നേരിട്ടുള്ള നിക്ഷേപത്തിന്റെ വലിയൊരു പങ്കും ഏതാനും സംസ്ഥാനങ്ങളിലാണ് കേന്ദ്രീകരിക്കുന്നത്. മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, ഡൽഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് വിദേശ നിക്ഷേപത്തിന്റെ പ്രധാന കേന്ദ്രങ്ങളായി തുടരുന്നത്.

നിക്ഷേപം കൂടുതൽ വ്യാപകമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാൻ പിന്നിലുള്ള സംസ്ഥാനങ്ങൾ അടിസ്ഥാന സൗകര്യ വികസനത്തിലും ഭരണപരിഷ്കാരങ്ങളിലും കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ടെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുക, നിക്ഷേപകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക, നൈപുണ്യമുള്ള തൊഴിലാളികളെ സൃഷ്ടിക്കുക തുടങ്ങിയ കാര്യങ്ങൾ സംസ്ഥാനങ്ങളുടെ മത്സരശേഷി വർധിപ്പിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

indian economy

നിക്ഷേപ സൗഹൃദ സൂചിക ഒരു റാങ്കിങ് മാത്രമല്ലെന്നും സംസ്ഥാനങ്ങളുടെ സാമ്പത്തിക വളർച്ചാ ശേഷി വിലയിരുത്താനുള്ള ഒരു ഉപാധിയാണെന്നും നിതി ആയോഗ് വ്യക്തമാക്കി. മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനങ്ങളുടെ നയങ്ങളും പ്രവർത്തന രീതികളും മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കുന്നതിലൂടെ രാജ്യത്തെ മൊത്തത്തിലുള്ള നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ.

ആഭ്യന്തരവും വിദേശവുമായ നിക്ഷേപങ്ങൾ വർധിക്കുന്നത് പുതിയ വ്യവസായങ്ങൾക്കും കൂടുതൽ തൊഴിലവസരങ്ങൾക്കും വഴിയൊരുക്കും. വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ സംസ്ഥാനങ്ങളുടെ പങ്ക് നിർണായകമാണെന്നും നിതി ആയോഗ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Content HIghlights: Gujarat, Maharashtra & Tamil Nadu top Niti Aayog’s Investment Friendliness Index

dot image
To advertise here,contact us
dot image