

പല്ലാവരം സബർബൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് 2006 ജൂലൈയിലെ ആ കറുത്ത ദിനത്തിൽ വന്ന വാർത്ത കേട്ട് എന്റെ ജന്മനാടായ കണ്ണൂരിലെ മേക്കുന്ന് ഗ്രാമം ഒന്നടങ്കം നിശ്ചലമായിപ്പോയ സമയം ഇന്നും ഓർമ്മയിലുണ്ട്. ചെന്നൈ നഗരത്തിന്റെ തിരക്കിൽ, ഇന്ത്യൻ ഫുട്‌ബോളിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രതിരോധത്തിന്റെ വന്മതിൽ പണിത വി പി സത്യൻ എന്ന മലയാളി, നമ്മുടെ സ്വന്തം സത്യേട്ടൻ, തന്റെ ജീവന്റെ അവസാന ശ്വാസവും ഹോമിച്ചുകൊണ്ട് മരണത്തിലേക്ക് നടന്നുപോയി എന്ന സത്യം ഞങ്ങൾ നാട്ടുകാർക്കും വലിയ പ്രയാസമായിരുന്നു. കളിക്കളത്തിൽ എതിരാളികളുടെ വമ്പൻ മുന്നേറ്റങ്ങളെപ്പോലും അതിശക്തമായി പ്രതിരോധിച്ചു നിർത്തിയ ഒരു ക്യാപ്റ്റൻ, ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങൾക്ക് മുന്നിൽ സ്വയം ഒരു 'സെൽഫ് ഗോളിന്' വഴങ്ങി പിൻവാങ്ങിയത് കായികലോകത്തിന് ഒരു നഷ്ടമാണെങ്കിൽ, ഞങ്ങൾക്ക് അത് സ്വന്തം ഗ്രാമത്തിലെ ഒരംഗത്തെ നഷ്ടപ്പെട്ട വേദനയായിരുന്നു.
മരണത്തിലേക്ക് നടന്നുയരുന്നതിന് തൊട്ടുമുമ്പ് തന്റെ പ്രിയപ്പെട്ട ഭാര്യ അനിതയ്ക്കായി സത്യൻ എഴുതിവെച്ച ആ കത്തിന്റെ വരികൾ പിന്നീട് മാധ്യമങ്ങളിലൊക്കെ വന്നിരുന്നു. : 'ഈ കടുംകൈ ചെയ്യുന്നതിൽ ദുഃഖമുണ്ട്. നിങ്ങളെ അവസാനമായി കാണണമെന്നുണ്ടായിരുന്നു. പക്ഷേ, അപ്പോൾ ഈ തീരുമാനം മാറ്റേണ്ടിവന്നേക്കാം. അതുകൊണ്ട്, എന്നോടു ക്ഷമിക്കുക…' കണിശമായ അച്ചടക്കവും അചഞ്ചലമായ ലീഡർഷിപ്പും കൊണ്ട് കളിക്കളങ്ങളെ ഭരിച്ച ഒരു മഹാ പ്രതിഭ. കായികരംഗം നൽകിയ അവഗണനയും, കടുത്ത സാമ്പത്തിക പ്രതിസന്ധിയും, അതിൽനിന്നുണ്ടായ വിഷാദരോഗവുമെല്ലാം ചേർന്ന് ആ മനുഷ്യൻ മരണത്തിന്റെ ഗോൾവലയിലേക്ക് നടന്നു നീങ്ങുകയായിരുന്നു. എന്നാൽ അദ്ദേഹം പോയെങ്കിലും, അദ്ദേഹത്തിന്റെ നാമത്തിൽ ഇന്നും നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ആ ഓർമ്മകളെ ജ്വലിപ്പിച്ചു നിർത്താൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്.
കണ്ണൂർ ജില്ലയിലെ മേക്കുന്നിലാണ് വെട്ടത്ത് പത്മനാഭൻ സത്യൻ എന്ന വി പി സത്യന്റെ ജനനം. ഞാനും അതേ മണ്ണിൽ ജനിച്ച്, അതേ കാറ്റേറ്റ് വളർന്നവനാണ് എന്നതിൽ എക്കാലത്തും വലിയ അഭിമാനമുണ്ട്. സത്യന്റെ അച്ഛൻ ഗോപാലൻ നായർ പൊലീസിലായിരുന്നതിനാൽ അദ്ദേഹത്തിന്റെ ജോലിമാറ്റത്തിനനുസരിച്ചാണ് സത്യന്റെ ബാല്യവും കൗമാരവും രൂപപ്പെട്ടത്. കണ്ണൂരിലെ എ ആർ ക്യാമ്പിലെ പൊലീസ് മൈതാനമായിരുന്നു ആ കാൽപന്തുകാരന്റെ ആദ്യത്തെ കളരി. മണ്ണിൽ വീണും ഉരുകിയും പന്ത് തട്ടി നടന്ന ആ കുട്ടിയിൽ ഒരു വലിയ പ്രതിഭ ഒളിഞ്ഞിരിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞത് കണ്ണൂരിലെ പ്രശസ്തമായ 'ലക്കി സ്റ്റാർ' ക്ലബ്ബായിരുന്നു.
1979 മുതൽ 1983 വരെയുള്ള കാലഘട്ടത്തിൽ സത്യൻ ലക്കി സ്റ്റാറിന്റെ ജേഴ്‌സിയിൽ തിളങ്ങി. പ്രതിരോധ നിരയുടെ ചുക്കാൻ പിടിച്ച അദ്ദേഹത്തിന്റെ കരുത്തിൽ കേരളത്തിലെ പ്രമുഖ ക്ലബ്ബുകളെയെല്ലാം അട്ടിമറിക്കാൻ ലക്കി സ്റ്റാറിന് കഴിഞ്ഞു. കേരള കൗമുദി ട്രോഫിയിൽ സത്യൻ കാഴ്ചവെച്ച മിന്നുന്ന പ്രകടനമാണ് അദ്ദേഹത്തിന് കേരള സംസ്ഥാന ടീമിലേക്കുള്ള വഴി തുറന്നുകൊടുത്തത്. കളിക്കളത്തിൽ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത, പരുക്കൻ ശൈലിയും കഠിനാധ്വാനവും അദ്ദേഹത്തിന്റെ അടയാളമായി മാറി. ഒരിക്കൽ തന്റെ കളിച്ചെരുപ്പിലെ ശൈലീമാറ്റത്തെക്കുറിച്ച് ചോദിച്ച സുഹൃത്തുക്കളോട് സത്യൻ പറഞ്ഞത് ഇതായിരുന്നു: 'ഫൈനലെന്നാൽ ജീവൻമരണപ്പോരാട്ടമാണ്. നമ്മൾ ഒന്നയഞ്ഞാൽ എല്ലാം കൈവിട്ടുപോകും.' കളിക്കളത്തെ ഒരു യുദ്ധക്കളമായി കണ്ട് പോരാടിയ നായകനായിരുന്നു അദ്ദേഹം.
എൺപതുകളുടെ മധ്യത്തിൽ കേരള ഫുട്‌ബോൾ അതിന്റെ സുവർണ്ണ കാലഘട്ടത്തിലേക്ക് കടക്കുകയായിരുന്നു. കായികപ്രേമിയായ അന്നത്തെ ഡിജിപി എം കെ ജോസഫിന്റെ പ്രത്യേക താല്പര്യപ്രകാരം രൂപീകരിക്കപ്പെട്ട കേരള പൊലീസ് ഫുട്‌ബോൾ ടീം ഇന്ത്യൻ ഫുട്‌ബോളിലെ തന്നെ ഒരു അജയ്യ ശക്തിയായി മാറി. ആ സംഘത്തിലേക്ക് ഹെഡ് കോൺസ്റ്റബിളായി വി പി സത്യനും നിയമിതനായി.
ഐ എം വിജയൻ, യു ഷറഫലി, സി വി പാപ്പച്ചൻ, തോബിയാസ്, കുരികേശ് മാത്യു തുടങ്ങിയ പ്രതിഭകളുടെ ഒരു വലിയ നിര തന്നെയുണ്ടായിരുന്ന കേരള പൊലീസ് ടീമിന്റെ നട്ടെല്ല് വി പി സത്യനായിരുന്നു. 1988-ൽ ഡൽഹിയിൽ നടന്ന അഖിലേന്ത്യാ പോലീസ് ഗെയിംസിൽ കേരള പോലീസ് ചാമ്പ്യന്മാരാകുമ്പോൾ ടീമിനെ നയിച്ചത് സത്യനായിരുന്നു. പ്രതിരോധ നിരയിലെ വിശ്വസ്തനായ ഭടനായിരിക്കുമ്പോൾത്തന്നെ, കളി മുറുകുന്ന നിർണായക ഘട്ടങ്ങളിൽ മുന്നേറ്റനിരയിലേക്ക് കയറിവന്ന് അപ്രതീക്ഷിത ഗോളുകൾ നേടുന്ന സ്‌ട്രൈക്കറുടെ റോളിലും അദ്ദേഹം തിളങ്ങി. ഡൽഹി ബിഎസ്എഫിനെതിരായ ഫെഡറേഷൻ കപ്പ് ഫൈനലിൽ കേരള പൊലീസിന് കിരീടം നേടിക്കൊടുത്ത ആ നിർണായക ഗോൾ സത്യന്റെ ബൂട്ടിൽ നിന്നായിരുന്നു പിറന്നത്. ഏകദേശം പത്ത് വർഷത്തോളം കേരള പൊലീസിന്റെ ജേഴ്‌സിയിൽ അദ്ദേഹം ഇന്ത്യൻ ഫുട്‌ബോളിനെ വിറപ്പിച്ചു.
കേരള ഫുട്‌ബോൾ ചരിത്രത്തിൽ വി പി സത്യൻ എന്ന പേര് തങ്കലിപികളാൽ എഴുതപ്പെട്ടത് 1992-ലെ കോയമ്പത്തൂർ സന്തോഷ് ട്രോഫി നാഷണൽ ചാമ്പ്യൻഷിപ്പോടെയാണ്. തുടർച്ചയായി ഏഴു തവണ ഫൈനലിൽ എത്തിയിട്ടും കപ്പും ചുണ്ടിനുമിടയിൽ കിരീടം നഷ്ടപ്പെടുന്ന വലിയൊരു ശാപം കേരള ടീമിനെ അലട്ടിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. തോൽവികളുടെ ആ ഭാരം മുഴുവൻ ചുമലിലേറ്റിയാണ് സത്യന്റെ നേതൃത്വത്തിൽ കേരള സംഘം തമിഴ്‌നാട്ടിലേക്ക് വണ്ടി കയറിയത്. ഫൈനലിൽ ശക്തരായ ഗോവയായിരുന്നു എതിരാളികൾ. എന്നാൽ വി പി സത്യൻ എന്ന ക്യാപ്റ്റന്റെ തന്ത്രങ്ങൾക്കും വീര്യത്തിനും മുന്നിൽ ഗോവയ്ക്ക് മറുപടിയില്ലായിരുന്നു. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ഗോവയെ തകർത്ത്, നീണ്ട 19 വർഷത്തെ കാത്തിരിപ്പിന് ശേഷം കേരളത്തിലേക്ക് സന്തോഷ് ട്രോഫി കിരീടം സത്യനും കൂട്ടരും കൊണ്ടുവന്നു. ആ വിജയം കേരളത്തിൽ, പ്രത്യേകിച്ച് ഞങ്ങളുടെ നാട്ടിൽ ഉണ്ടാക്കിയ ആവേശം ചെറുതൊന്നുമായിരുന്നില്ല. നായകനായി നാട്ടിലേക്ക് തിരിച്ചെത്തിയ സത്യനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് തുറന്ന വണ്ടിയിലാണ് ജന്മനാടായ മേക്കുന്നിലെ പൗരാവലി സ്വീകരണം നൽകിയത്. കേരള ഫുട്‌ബോളിന്റെ ചരിത്രപുരുഷനായി സത്യേട്ടൻ മാറിയ നിമിഷമായിരുന്നു അത്.
ഡൊമസ്റ്റിക് ഫുട്‌ബോളിലെ മികച്ച പ്രകടനങ്ങൾ സത്യനെ സ്വാഭാവികമായും ഇന്ത്യൻ ദേശീയ ടീമിലെത്തിച്ചു. 1985ൽ തിരുവനന്തപുരത്ത് നടന്ന നെഹ്റു കപ്പ് ടൂർണമെന്റിലാണ് അദ്ദേഹം ആദ്യമായി ഇന്ത്യൻ ജേഴ്‌സി അണിയുന്നത്. പിന്നീട് ഏകദേശം 80-ഓളം അന്താരാഷ്ട്ര മത്സരങ്ങളിൽ അദ്ദേഹം ഇന്ത്യക്കായി ബൂട്ട് കെട്ടി. ഒളിമ്പ്യൻ പി കെ ബാനർജിയുടെ ശിക്ഷണത്തിൽ സത്യൻ ഒരു ലോകോത്തര ഡിഫെൻഡറായി വളർന്നു.
പ്രതിരോധത്തിൽ സത്യൻ കാവൽ നിൽക്കുമ്പോൾ മുന്നേറ്റനിരയിൽ ഷറഫലിക്കും വിജയനും പാപ്പച്ചനുമെല്ലാം ഭയമില്ലാതെ അക്രമിച്ചു കളിക്കാമായിരുന്നു. കളിക്കളത്തിൽ നിന്ന് വിരമിച്ചതോടെയാണ് സത്യൻ ജീവിതത്തിലെ യഥാർത്ഥ പ്രതിസന്ധികളെ അഭിമുഖീകരിച്ചു തുടങ്ങിയത്. രാജ്യം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായിരുന്നിട്ടും കായിക അധികാരികളുടെ ഭാഗത്തുനിന്ന് അർഹിച്ച യാതൊരു പരിഗണനയും അദ്ദേഹത്തിന് ലഭിച്ചില്ല
നെഹ്റു കപ്പിലും സാഫ് ഗെയിംസിലും ഉൾപ്പെടെ 10 തവണയാണ് വി പി സത്യൻ ഇന്ത്യയുടെ ക്യാപ്റ്റൻസ് ആം ബാൻഡ് അണിഞ്ഞത്. 1993-ൽ മലേഷ്യയിൽ നടന്ന പ്രശസ്തമായ മെർദേക്ക ഫുട്‌ബോൾ ടൂർണമെന്റിൽ ഇന്ത്യയെ സെമിഫൈനൽ വരെ എത്തിക്കാൻ സത്യന്റെ നേതൃത്വത്തിന് കഴിഞ്ഞു. അതേ വർഷം തന്നെ (1993) രാജ്യം അദ്ദേഹത്തെ 'ഇന്ത്യയിലെ മികച്ച ഫുട്‌ബോൾ താരം' (AIFF Player of the Year) ആയി തിരഞ്ഞെടുത്തു. കളിക്കളത്തിൽ സഹകളിക്കാർക്ക് സത്യൻ നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. പ്രതിരോധത്തിൽ സത്യൻ കാവൽ നിൽക്കുമ്പോൾ മുന്നേറ്റനിരയിൽ ഷറഫലിക്കും വിജയനും പാപ്പച്ചനുമെല്ലാം ഭയമില്ലാതെ അക്രമിച്ചു കളിക്കാമായിരുന്നു.
കളിക്കളത്തിൽ നിന്ന് വിരമിച്ചതോടെയാണ് സത്യൻ ജീവിതത്തിലെ യഥാർത്ഥ പ്രതിസന്ധികളെ അഭിമുഖീകരിച്ചു തുടങ്ങിയത്. രാജ്യം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായിരുന്നിട്ടും കായിക അധികാരികളുടെ ഭാഗത്തുനിന്ന് അർഹിച്ച യാതൊരു പരിഗണനയും അദ്ദേഹത്തിന് ലഭിച്ചില്ല. കേരള പോലീസ് ടീം വിട്ട് തമിഴ്‌നാട്ടിലേക്ക് ചേക്കേറിയതോടെ ജന്മനാട്ടിൽ നിന്നും ഒരു തരത്തിൽ അകലുന്ന സാഹചര്യമുണ്ടായി.
ഇന്ത്യൻ ബാങ്കിലെ ശമ്പളം മാത്രമായിരുന്നു അദ്ദേഹത്തിന്റെ വരുമാനം. കരിയറിനിടയിൽ സംഭവിച്ച പരിക്കുകളുടെ ചികിത്സയ്ക്കായും മറ്റും വലിയ തുക ചെലവഴിക്കേണ്ടി വന്നതോടെ സത്യൻ കടുത്ത സാമ്പത്തിക ബാധ്യതയിലായി. രാജ്യാന്തര തലത്തിൽ ഇന്ത്യയെ നയിച്ച ഒരു താരത്തിന് തന്റെ കുടുംബം പുലർത്താൻ മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടേണ്ടി വരുന്ന അവസ്ഥ തികച്ചും വേദനാജനകമായിരുന്നു. സ്‌പോർട്‌സ് കോട്ടയിൽ ഉയർന്ന തസ്തികകളിലേക്ക് പരിഗണിക്കപ്പെടാതിരുന്നതും കടുത്ത മാനസിക വിഷമത്തിന് കാരണമായി. ഈ അവഗണനകളും ഒറ്റപ്പെടലും സത്യേട്ടനെ പതുക്കെപ്പതുക്കെ കടുത്ത വിഷാദരോഗത്തിലേക്ക് (Clinical Depression) നയിച്ചു. ആരോടും ഒന്നും തുറന്നുപറയാത്ത സ്വഭാവക്കാരനായതിനാൽ തന്റെ ഉള്ളിലെ വേദനകൾ അദ്ദേഹം ഉള്ളിൽത്തന്നെ ഒതുക്കുന്ന പ്രകൃതക്കാരനായിരുന്നു.
കായികരംഗത്ത് ഉയർന്നു വരാൻ ആഗ്രഹിക്കുന്ന, എന്നാൽ പ്രതിഭയുണ്ടായിട്ടും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവതാരങ്ങളെ കണ്ടെത്തി അവർക്ക് ആവശ്യമായ ബൂട്ടുകളും കിറ്റുകളും പരിശീലന സഹായവും നൽകുക എന്നത് ഞങ്ങളുടെ വലിയൊരു ലക്ഷ്യമാണ്
സത്യന്റെ പേരിൽ ഇന്ന് വി പി സത്യൻ മെമ്മോറിയൽ ട്രസ്റ്റിന്റെ പേരിൽ ചെയ്യുന്ന ഓരോ ജീവകാരുണ്യ പ്രവർത്തനവും, പാവപ്പെട്ടവർക്ക് നൽകുന്ന ഓരോ കൈത്താങ്ങും ആ മഹാനായ കായികപ്രതിഭയ്ക്കുള്ള ഓർമ്മയും സമ്മാനവുമാണ്. സത്യന്റെ വഴിയിലൂടെ കാൽപന്തിന്റെ ലോകത്തേക്ക് ചുവട് വെക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കുള്ള മികച്ച കോച്ചിങും അതിനനുയോച്യമായ വലിയ ആസ്ഥാന മന്ദിരവും ഈ ട്രസ്റ്റിന്റെ പേരിൽ അദ്ദേഹത്തിന്റെ നാട്ടിൽ യാഥാർത്ഥ്യമാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ചികിത്സിക്കാൻ കഴിയാത്ത രോഗികൾക്ക് വൈദ്യസഹായം എത്തിക്കാനും, പഠിക്കാൻ ബുദ്ധിമുട്ടുന്ന മിടുക്കരായ കുട്ടികൾക്ക് സ്‌കോളർഷിപ്പുകൾ നൽകാനും ഈ ഫൗണ്ടേഷനിലൂടെ ശ്രമിക്കുന്നുണ്ട്. കായികരംഗത്ത് ഉയർന്നു വരാൻ ആഗ്രഹിക്കുന്ന, എന്നാൽ പ്രതിഭയുണ്ടായിട്ടും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവതാരങ്ങളെ കണ്ടെത്തി അവർക്ക് ആവശ്യമായ ബൂട്ടുകളും കിറ്റുകളും പരിശീലന സഹായവും നൽകുക എന്നത് ഞങ്ങളുടെ വലിയൊരു ലക്ഷ്യമാണ്. കോഴിക്കോട്ടും ചെന്നൈയിലുമൊക്കെയുള്ള ഫുട്‌ബോൾ മൈതാനങ്ങളിൽ ഇന്നും പന്തുരുളുമ്പോൾ, ഗാലറികളിൽ ആവേശം അലതല്ലുമ്പോൾ, പ്രതിരോധ നിരയിൽ വിശ്വസ്തനായ ആ ക്യാപ്റ്റൻ ഇപ്പോഴും കാവൽ നിൽക്കുന്നുണ്ടാകാം.
Content Highlights: Explore the inspiring journey of V P Sathyan, the legendary Indian football captain from Mekunnu, whose leadership, defensive brilliance, and lasting legacy continue to inspire football fans across Kerala and India.