

ഭൂപടത്തിൽ പശ്ചിമേഷ്യയും കേരളവും തമ്മിൽ ആയിരക്കണക്കിന് കിലോമീറ്ററുകളുടെ ഭൗതിക ദൂരമുണ്ടാകാം. എന്നാൽ, ഗൾഫ് നാടുകളിൽ വീഴുന്ന ഒരു മിസൈലിന്റെ പ്രകമ്പനം ആദ്യം വന്നു തറയ്ക്കുന്നത് കേരളത്തിലെ ഏതെങ്കിലും ഒരു സാധാരണ വീടിന്റെ അടുക്കളയിലായിരിക്കും. ചാനൽ സ്ക്രീനുകളിൽ ഇറാൻ-യു എസ് പോരാട്ടത്തിന്റെ ഭാഗമായുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ തെളിയുമ്പോൾ കേരളത്തിലെ ലക്ഷക്കണക്കിന് പ്രവാസി വീടുകളിൽ ഫോൺ റിംഗുകൾ നിലയ്ക്കാതാവുന്നത് അതുകൊണ്ടാണ്.
ദൂരെയെവിടെയോ നടക്കുന്ന ഈ യുദ്ധം മലയാളിക്ക് വെറുമൊരു വാർത്തയോ അന്താരാഷ്ട്ര രാഷ്ട്രീയ വിശകലനമോ അല്ല; അത് അക്കരെയുള്ള പ്രിയപ്പെട്ടവരുടെ സുരക്ഷയെക്കുറിച്ചുള്ള നെഞ്ചിടിപ്പാണ്, നാളത്തെ കുടുംബ ബഡ്ജറ്റിനെക്കുറിച്ചുള്ള ഒടുങ്ങാത്ത ആശങ്കയാണ്. പതിറ്റാണ്ടുകളായി മണലാരണ്യത്തിലേക്ക് പറന്നുയർന്ന മലയാളി സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തുന്ന ഈ പശ്ചിമേഷ്യൻ സംഘർഷം, കേരളത്തിന്റെ സാമ്പത്തിക അടിത്തറയെയും സാമൂഹിക ജീവിതത്തെയും എങ്ങനെയാണ് നിശ്ശബ്ദമായി ബാധിക്കുന്നത് എന്ന അന്വേഷണമാണിത്.
പശ്ചിമേഷ്യൻ പ്രതിസന്ധി കേവലം സാമ്പത്തിക ഭീഷണി മാത്രമല്ല, അത് പ്രവാസികളുടെ ജീവനെടുക്കുന്ന ഘട്ടത്തിലേക്ക് വളർന്നിരിക്കുന്നു. ചെങ്കടലിലും ഒമാൻ ഉൾക്കടലിലും വ്യാപാരക്കപ്പലുകൾക്ക് നേരെ നടക്കുന്ന ഡ്രോൺ-മിസൈൽ ആക്രമണങ്ങളിലും, മുൻപ് യുഎഇയിലെ അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC) സംഭരണശാലയിലുണ്ടായ സ്ഫോടനത്തിലും ഇന്ത്യക്കാരുടെ ജീവൻ പൊലിഞ്ഞത് നമ്മൾ കണ്ടതാണ്. ഇതിന് പുറമെ സൗദി-യമൻ അതിർത്തി പ്രദേശങ്ങളിലുണ്ടായ ഷെല്ലാക്രമണങ്ങളിലും നിരവധി ഇന്ത്യൻ തൊഴിലാളികൾ ഇരകളാക്കപ്പെട്ടു. വിമാന സർവീസുകൾ റദ്ദാക്കപ്പെടുമ്പോൾ ജന്മനാട്ടിലേക്ക് മടങ്ങാനാവാതെ വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോകുന്ന പ്രവാസികളുടെയും, അവരെയോർത്ത് ഇവിടെ ഉരുകിക്കഴിയുന്ന കുടുംബങ്ങളുടെയും മാനസിക സംഘർഷം വിവരണാതീതമാണ്. അന്യനാട്ടിൽ ചോരനീരാക്കി പണിയെടുക്കുന്ന സാധാരണക്കാരായ തൊഴിലാളികളാണ് വൻശക്തികളുടെ ഈ അധികാരപ്പോരാട്ടത്തിൽ നിരപരാധികളായ ഇരകളായി മാറുന്നത്.
കേരളത്തിന്റെ വികസന ചരിത്രവും നാടിന്റെ പച്ചപ്പും ഗൾഫ് പണവുമായി (Remittance) അത്രമേൽ ഇഴചേർന്നുകിടക്കുന്നതിനാൽ നമ്മുടെ സാമ്പത്തിക നട്ടെല്ലിനെയാണ് ഈ യുദ്ധം ആദ്യം പ്രഹരിക്കുന്നത്. ഇറാൻ-യുഎസ് സംഘർഷം മൂലം ബിസിനസുകൾ പൂട്ടുകയോ ശമ്പളം വൈകുകയോ ചെയ്യുമ്പോൾ നാട്ടിലേക്കുള്ള പണമൊഴുക്ക് കുത്തനെ കുറയുന്നു. ഇത് കേരളത്തിലെ റിയൽ എസ്റ്റേറ്റ്, സ്വർണ്ണ വിപണി, നിർമ്മാണ മേഖല എന്നിവയെ ചലിപ്പിക്കുന്ന ചക്രങ്ങളെ മന്ദഗതിയിലാക്കും. ജനങ്ങളുടെ വാങ്ങൽ ശേഷി കുറയുന്നതോടെ ആഭ്യന്തര വിപണി കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ കയത്തിലേക്ക് വഴുതിവീഴും. സാഹചര്യം വഷളായാൽ, 1990-കളിലെ കുവൈറ്റ് യുദ്ധകാലത്തെ അനുസ്മരിപ്പിക്കും വിധം പ്രവാസികൾക്ക് കൂട്ടത്തോടെ ജന്മനാട്ടിലേക്ക് മടങ്ങേണ്ടി വരും. ജീവൻ മാത്രം കൈപ്പിടിയിലൊതുക്കി തിരികെയെത്തുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് പുതിയൊരു ഉപജീവനമാർഗ്ഗവും പുനരധിവാസവും ഒരുക്കുക എന്നത് കേരളത്തിന് താങ്ങാവുന്നതിലും അപ്പുറമായിരിക്കും.
ഹോർമൂസ് കടലിടുക്കിലും ചെങ്കടലിലും കപ്പൽ ഗതാഗതം തടസ്സപ്പെടുമ്പോൾ അത് ആഗോള വിതരണ ശൃംഖലയെയാണ് തകിടം മറിക്കുന്നത്. ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന കുതിച്ചുചാട്ടം സ്വാഭാവികമായും ചരക്കുകൂലി വർദ്ധിപ്പിക്കുകയും, ഉപ്പ് തൊട്ട് കർപ്പൂരം വരെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ കടുത്ത വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്യും. ചുരുക്കത്തിൽ, യുദ്ധമുഖം ദൂരെയെവിടെയോ ആണെങ്കിലും അതിന്റെ സാമ്പത്തിക ബാധ്യത പേറേണ്ടി വരുന്നത് ഇവിടുത്തെ സാധാരണക്കാരനാണ്.
പശ്ചിമേഷ്യയിൽ സമാധാനം പുലരേണ്ടത് കേവലം ലോകത്തിന്റെ ആവശ്യമല്ല, മറിച്ച് കേരളത്തിന്റെ അതിജീവനത്തിന്റെ പ്രശ്നമാണ്. ഗൾഫിനെ മാത്രം അമിതമായി ആശ്രയിക്കുന്ന നമ്മുടെ വികസന മാതൃകയെക്കുറിച്ച് പുനർചിന്തിക്കാനും, സ്വന്തം മണ്ണിൽ കൂടുതൽ വ്യവസായങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിച്ചുകൊണ്ട് സുരക്ഷിതമായ ഒരു ബദൽ സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഈ കനൽക്കാലം നമ്മെ ഓർമ്മിപ്പിക്കുന്നു; കാരണം, അക്കരെയെരിയുന്ന ആ തീ കെടുത്തിയാൽ മാത്രമേ ഇക്കരെയുള്ള നമ്മുടെ വീടുകളിൽ അടുപ്പ് പുകയുകയുള്ളൂ.
Content Highlights: