

ഗള്‍ഫില്‍ നിന്ന് ചരക്കുമായി കാത്തുകിടക്കുന്ന ഒമ്പത് ഇന്ത്യന്‍ ടാങ്കറുകള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ ഇറാനുമായി ചര്‍ച്ച നടത്തുന്നത് ഇന്ത്യ പരിഗണിക്കും. ഹോര്‍മുസ് കടലിടുക്കില്‍ ആക്രമണ ഭീഷണി തുടരുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആലോചിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ ക്രൂഡ് ഓയിലും എല്‍പിജിയും കയറ്റിയുള്ള ഒമ്പത് ടാങ്കറുകളുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇന്ത്യന്‍ നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം ഇറാന്‍ അധികൃതരുമായി ബന്ധപ്പെടുമെന്നും വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഹോര്‍മുസ് കടലിടുക്ക് അടച്ചതിനുശേഷം നൂറുകണക്കിന് നാവികര്‍ മാസങ്ങളായി മേഖലയിലുണ്ട്. യാത്രയ്ക്കായി കാത്തിരിക്കുന്ന ഒമ്പത് ടാങ്കറുകളിലായി 198 ഇന്ത്യന്‍ നാവികരാണ് ഉള്ളത്.
ജൂണില്‍ ഗള്‍ഫ് ഓഫ് ഒമാനില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടായ അമേരിക്കന്‍ ആക്രമണങ്ങളില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവവും ഇന്ത്യയുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.
ജൂണില്‍ അമേരിക്കയും ഇറാനും തമ്മില്‍ ഉണ്ടായ ഇടക്കാല സമാധാന ധാരണയ്ക്ക് പിന്നാലെ ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതം താല്‍ക്കാലികമായി വര്‍ധിച്ചെങ്കിലും, ചൊവ്വാഴ്ച വീണ്ടും കപ്പലുകള്‍ ആക്രമിക്കപ്പെടുകയും തുടര്‍ന്ന് അമേരിക്ക ഇറാനിലെ ലക്ഷ്യങ്ങള്‍ ആക്രമിക്കുകയും ചെയ്തതോടെ ഗതാഗതം വീണ്ടും മന്ദഗതിയിലായി.
എന്നാല്‍, ബുധനാഴ്ച ഇന്ത്യ ഉള്‍പ്പെടെയുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്ന ആറു കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിച്ചു. അതേസമയം, ഇന്ത്യയുടെ പതാകയിലുള്ള ലീല വഡിനാര്‍ എന്ന സൂപ്പര്‍ ടാങ്കര്‍ ഒമാനിലെ മുസന്ദം ഉപദ്വീപിന് സമീപമെത്തിയ ശേഷം സുരക്ഷാ ആശങ്കകളെത്തുടര്‍ന്ന് യാത്ര തിരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഫെബ്രുവരി അവസാനത്തോടെ സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഇന്ത്യയിലേക്ക് വരുന്ന ഏകദേശം 50 കപ്പലുകള്‍ മാത്രമാണ് ഹോര്‍മുസ് കടലിടുക്ക് കടന്നത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ക്രൂഡ് ഓയില്‍, എല്‍പിജി, എല്‍എന്‍ജി എന്നിവയുടെ ഇറക്കുമതി ഇന്ത്യ ഇതുവരെ പൂര്‍ണമായി പുനരാരംഭിച്ചിട്ടില്ല. യുദ്ധത്തിന് മുമ്പ് ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ ഏകദേശം 40 ശതമാനവും, എല്‍എന്‍ജി ഇറക്കുമതിയുടെ 60 ശതമാനവും, എല്‍പിജി ഇറക്കുമതിയുടെ 90 ശതമാനവും ഹോര്‍മുസ് കടലിടുക്കിലൂടെയായിരുന്നു നടന്നിരുന്നത്.
Content Highlights: India is exploring talks with Iran to secure safe passage for nine tankers stranded near the Strait of Hormuz amid escalating security risks in the Gulf