

യുഎഇ ദേശീയ പൈതൃക പുരാവസ്തു സംരക്ഷത്തിനായി പുതിയ ഫെഡറല്‍ കരട് നിയമത്തിന് അംഗീകാരം. യുഎഇയില്‍ ദേശീയ പൈതൃകങ്ങളും പുരാവസ്തുക്കളും സംരക്ഷിക്കാന്‍ കടുത്ത ശിക്ഷാ വ്യവസ്ഥകളോടെയുള്ള പുതിയ ഫെഡറല്‍ കരട് നിയമത്തിന് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. പൈതൃക വസ്തുക്കള്‍ മനഃപൂര്‍വ്വം നശിപ്പിക്കുകയോ, മോഷ്ടിക്കുകയോ, രാജ്യത്തിന് പുറത്തേക്ക് കടത്തുകയോ ചെയ്യുന്നവര്‍ക്ക് തടവുശിക്ഷയ്ക്ക് പുറമെ 10 മില്യണ്‍ ദിര്‍ഹം വരെ പിഴ ചുമത്താന്‍ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. ഫ്രീ സോണുകള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം ഈ നിയമം ബാധകമായിരിക്കും. അബുദാബിയിലെ സായിദ് ഹാളില്‍ ചേര്‍ന്ന കൗണ്‍സില്‍ സമ്മേളനത്തിലാണ് ചരിത്രപ്രധാനമായ ഈ നിയമനിര്‍മ്മാണത്തിന് അംഗീകാരം നല്‍കിയത്.
പരമ്പരാഗത പുരാവസ്തുക്കള്‍ക്ക് പുറമെ, ഡിജിറ്റല്‍ രൂപത്തിലുള്ള ചരിത്ര രേഖകളെ സംരക്ഷിക്കുന്ന 'ഡിജിറ്റല്‍ പൈതൃകം', ചരിത്രപരമായ വാസ്തുവിദ്യകള്‍, കടലില്‍ മുങ്ങിപ്പോയ കപ്പലുകളും വിമാനങ്ങളും ഉള്‍പ്പെടുന്ന അണ്ടര്‍വാട്ടര്‍ പൈതൃകം എന്നിവയും പുതിയ നിയമത്തിന്റെ പരിധിയില്‍ വരും. പുതിയ നിയമപ്രകാരം രാജ്യത്ത് എവിടെയെങ്കിലും പുരാവസ്തുക്കളോ ഭൗതിക പൈതൃകങ്ങളോ കണ്ടെത്തുകയോ ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ 48 മണിക്കൂറിനുള്ളില്‍ സാംസ്‌കാരിക മന്ത്രാലയത്തെയോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണം. ഇങ്ങനെ കൃത്യസമയത്ത് വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പ്രതിഫലവും നല്‍കും.
പൈതൃകങ്ങള്‍ തകര്‍ക്കല്‍, മോഷണം, കടത്തല്‍ എന്നീ കുറ്റങ്ങള്‍ക്ക് താല്‍ക്കാലിക തടവും 5 ലക്ഷം മുതല്‍ 10 മില്യണ്‍ ദിര്‍ഹം വരെ പിഴയുമായിരിക്കും ഉണ്ടാവുന്നത്. പൈതൃക വസ്തുവിന്റെ ഉടമ തന്നെയാണ് ഇത് ചെയ്യുന്നതെങ്കില്‍ ശിക്ഷയുടെ കാഠിന്യം കൂടും. അനധികൃത ഖനനം, വ്യാജ പുരാവസ്തു നിര്‍മ്മാണം എന്നിവയ്ക്ക് 10 വര്‍ഷം വരെ തടവും 3 ലക്ഷം മുതല്‍ 5 മില്യണ്‍ ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ.
അനുമതിയില്ലാതെ വസ്തുക്കള്‍ മാറ്റുക, പരസ്യം പതിക്കുക തുടങ്ങിയ ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് 3 വര്‍ഷം വരെ തടവും 1 ലക്ഷം മുതല്‍ 5 മില്യണ്‍ ദിര്‍ഹം വരെ പിഴയുമാണ് കരട് നിയമത്തിലുള്ളത്. കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിച്ച ഉപകരണങ്ങളും വാഹനങ്ങളും കോടതി ഉത്തരവിലൂടെ കണ്ടുകെട്ടുമെന്നും പുതിയ ഫെഡറല്‍ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്.
Content Highlight: The UAE has approved a draft federal law focused on safeguarding national heritage and archaeological resources.