യുഎഇയുടെ നീക്കം വെറുതെയായിരുന്നില്ല: നിയന്ത്രണമില്ലാതെ ക്രൂഡ് ഓയില്‍ ഉൽപ്പാദനം; റെക്കോർഡ് വർധനവ്

കഴിഞ്ഞ ആറ് വർഷത്തിനിടയിലെ യുഎഇയുടെ ഏറ്റവും ഉയർന്ന ഉൽപ്പാദന നിരക്കാണിത്.

യുഎഇയുടെ നീക്കം വെറുതെയായിരുന്നില്ല: നിയന്ത്രണമില്ലാതെ ക്രൂഡ് ഓയില്‍ ഉൽപ്പാദനം; റെക്കോർഡ് വർധനവ്
അജ്മല്‍ എം കെ
3 min read|07 Jul 2026, 07:33 pm
dot image

അബുദാബി: എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ആഗോള കൂട്ടായ്മയായ ഒപെകിൽ (OPEC) നിന്നുള്ള നാടകീയമായ പടിയിറക്കത്തിന് പിന്നാലെ, ക്രൂഡ് ഓയിൽ ഉൽപ്പാദനം റെക്കോർഡ് നിരക്കിലേക്ക് ഉയർത്തി യുഎഇ. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിലും തങ്ങളുടെ പരമാവധി ഉൽപ്പാദന ശേഷി കയറ്റുമതിക്കായി ഉപയോഗിക്കുകയാണ് അബുദാബി. കഴിഞ്ഞ ജൂൺ മാസത്തിൽ പ്രതിദിനം 3.8 ദശലക്ഷം (38 ലക്ഷം) ബാരലിലധികമാണ് യുഎഇ ഉൽപ്പാദിപ്പിച്ചത്. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ യുഎഇയുടെ ഏറ്റവും ഉയർന്ന ഉൽപ്പാദന നിരക്കാണിത്.

ഉൽപ്പാദന നിയന്ത്രണങ്ങൾ കടുപ്പിച്ച ഒപെക്, ഒപെക് പ്ലസ് സഖ്യത്തിൽ നിന്ന് കഴിഞ്ഞ മെയ് 1-നാണ് യുഎഇ ഔദ്യോഗികമായി പിന്മാറിയത്. വർഷങ്ങളായി തുടർന്നിരുന്ന ഉൽപ്പാദന നിയന്ത്രണങ്ങൾ അവസാനിച്ചതോടെയാണ് വിപണിയിലേക്ക് കൂടുതൽ എണ്ണ എത്തിക്കാൻ യുഎഇക്ക് വഴിതുറന്നത്. എണ്ണ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനായി രാജ്യം വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും, അതിനാൽ ഉൽപ്പാദനം കുറച്ചുവെക്കുന്നതിനേക്കാൾ പരമാവധി ലാഭമെടുക്കുകയാണ് ലക്ഷ്യമെന്നും യുഎഇ ഊർജ്ജ മന്ത്രി സുഹൈൽ അൽ മസ്റൂയി വ്യക്തമാക്കി. നിലവിൽ പ്രതിദിനം 50 ലക്ഷം ബാരൽ വരെ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ലോകത്തിലെ തന്നെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് യുഎഇ.

പശ്ചിമേഷ്യയിലെ യുദ്ധപ്രതിസന്ധികളെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ഒരവസരത്തിൽ 120 ഡോളറിന് മുകളിലേക്ക് ഉയർന്നിരുന്നു. എന്നാൽ നിലവിൽ വില കുത്തനെ ഇടിഞ്ഞ് ബാരലിന് 72 ഡോളറിന് താഴെ എത്തിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടതും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതി വർദ്ധിച്ചതും വിപണിയിൽ എണ്ണയുടെ ലഭ്യത കൂട്ടിയിട്ടുണ്ട്. ഇത് വില വീണ്ടും കുറയാൻ ഇടയാക്കുമെന്ന ആശങ്കയും ശക്തമാണ്.

കൂടുതൽ എണ്ണ വിപണിയിൽ എത്തിക്കുന്നതിനൊപ്പം തങ്ങളുടെ വിപണന തന്ത്രങ്ങളിലും യുഎഇയുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്‌നോക് (ADNOC) മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. തങ്ങളുടെ പ്രമുഖ എണ്ണ ബ്രാൻഡുകളായ അപ്പർ സകും, ദാസ്, ഉം ലുലു എന്നിവയുടെ വിലനിർണ്ണയം ദുബായ് ബെഞ്ച്മാർക്കിലേക്ക് മാറ്റിയതിലൂടെ മറ്റ് പ്രാദേശിക എണ്ണ ബ്രാൻഡുകളോട് മത്സരിക്കാൻ യുഎഇക്ക് എളുപ്പമാകും. കൂടുതൽ പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി പ്രത്യേക ടെൻഡറുകൾ വഴി ഡിസ്കൗണ്ട് നിരക്കിലും യുഎഇ എണ്ണ വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മറ്റ് ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് യുഎഇയുടെ ഈ നീക്കം ഏറെ ശ്രദ്ധേയമാണ്. ഒപെക് നിയന്ത്രണങ്ങളില്ലാത്തതിനാൽ എണ്ണവില കുറയുമ്പോഴും ഉൽപ്പാദനം കൂട്ടാൻ അബുദാബിക്ക് സാധിക്കുന്നുണ്ട്. ഇത് ഏഷ്യൻ വിപണികളിൽ വലിയ തോതിൽ വിപണി വിഹിതം (Market Share) പിടിച്ചെടുക്കാൻ യുഎഇയെ സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.

Content Highlights: The UAE's strategic efforts to expand crude oil production have delivered significant results, with unregulated output reaching a record high. The increase highlights the country's growing production capacity and its efforts to strengthen its position in the global energy market amid changing supply dynamics and rising competition among major oil producers.

dot image
To advertise here,contact us
dot image