ലഡാക്കിലെ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന; സമ്പദ്വ്യവസ്ഥയ്ക്ക് പിന്തുണയേകി ടൂറിസം

ഈ വളര്‍ച്ച ഹോട്ടല്‍ ഉടമകള്‍ക്കും ഹോംസ്റ്റേ നടത്തിപ്പുകാര്‍ക്കും ഗതാഗത മേഖലയ്ക്കും കരകൗശല തൊഴിലാളികള്‍ക്കും സാമ്പത്തിക ഉണര്‍വ് നല്‍കും

ലഡാക്കിലെ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന; സമ്പദ്വ്യവസ്ഥയ്ക്ക് പിന്തുണയേകി ടൂറിസം
dot image

ജൂണിലെ ലഡാക്ക് സന്ദര്‍ശിച്ച വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധന. 2025 ജൂണിനെ അപേക്ഷിച്ച് ഈ വര്‍ഷം 43.48 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി സെക്രട്ടേറിയറ്റ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

2026 ജൂണില്‍ ആകെ 1,07,740 പേരാണ് ലഡാക്ക് സന്ദര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ ഇത് 75,089 ആയിരുന്നു. വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 3,349ല്‍ നിന്ന് 6,680 ആയി ഉയര്‍ന്നു. ഇസ്രായേലില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വിദേശ സഞ്ചാരികളെത്തിയത്. തായ്ലന്‍ഡ്, അമേരിക്ക, വിയറ്റ്‌നാം, ജര്‍മനി, ഫ്രാന്‍സ്, ജപ്പാന്‍ എന്നിവയാണ് മറ്റ് പ്രധാന രാജ്യങ്ങള്‍.

2026 ജനുവരി മുതല്‍ ജൂണ്‍ വരെ ലഡാക്ക് ആകെ 2,25,286 വിനോദസഞ്ചാരികളെയാണ് സ്വീകരിച്ചത്. ഇതില്‍ 2,11,645 പേര്‍ ആഭ്യന്തര സഞ്ചാരികളും 13,641 പേര്‍ വിദേശ സഞ്ചാരികളുമാണ്. വര്‍ഷം മുഴുവന്‍ സന്ദര്‍ശിക്കാവുന്ന വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ലഡാക്കിനോടുള്ള വിശ്വാസം വര്‍ധിക്കുന്നതിന്റെ സൂചനയാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.

വിനോദസഞ്ചാരം ലഡാക്കിന്റെ സമ്പദ്വ്യവസ്ഥയുടെ പ്രധാന തൂണാണെന്നും ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവന മാര്‍ഗമാണെന്നും ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന പറഞ്ഞു. ഈ വളര്‍ച്ച ഹോട്ടല്‍ ഉടമകള്‍ക്കും ഹോംസ്റ്റേ നടത്തിപ്പുകാര്‍ക്കും ഗതാഗത മേഖലയ്ക്കും കരകൗശല തൊഴിലാളികള്‍ക്കും സാമ്പത്തിക ഉണര്‍വ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ ലളിതമാക്കല്‍, അനുമതി നടപടികളിലെ സങ്കീര്‍ണത കുറയ്ക്കല്‍, റോഡരികിലെ സന്ദര്‍ശക സൗകര്യങ്ങള്‍ വികസിപ്പിക്കല്‍ എന്നിവയാണ് വളര്‍ച്ചയ്ക്ക് പ്രധാന കാരണങ്ങളായി വിലയിരുത്തുന്നത്. സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലഡാക്കിലെ ഹോട്ടലുകള്‍ക്കും ഗസ്റ്റ് ഹൗസുകള്‍ക്കും അടുത്തിടെ 'ഇന്‍ഡസ്ട്രി സ്റ്റാറ്റസ്' അനുവദിക്കുകയും ചെയ്തു.

വേനല്‍ക്കാല വിനോദസഞ്ചാര കേന്ദ്രമെന്ന പരമ്പരാഗത ഇമേജില്‍ നിന്ന് മാറി ശൈത്യകാല കായിക വിനോദങ്ങള്‍, ഉയര്‍ന്ന മലനിരകളിലെ ട്രെക്കിങ്, വെല്‍നെസ് ടൂറിസം, ആസ്‌ട്രോ ടൂറിസം തുടങ്ങിയ മേഖലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയാണ് ഭരണകൂടം. ദേശീയ-അന്തര്‍ദേശീയ കായികമത്സരങ്ങളും സാംസ്‌കാരികോത്സവങ്ങളും ലഡാക്കിന്റെ ആഗോള ശ്രദ്ധയും ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയും കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Content Highlights: Ladakh recorded a 43.48% increase in tourist arrivals in June 2026, with foreign visitor numbers nearly doubling as improved infrastructure and tourism-friendly policies boosted travel to the region

dot image
To advertise here,contact us
dot image