

ഭോപ്പാൽ: മധ്യപ്രദേശിന്റെ മത്സ്യബന്ധന വ്യവസായ മേഖലയിലേക്ക് വൻ വിദേശ നിക്ഷേപവുമായി കുവൈറ്റ് കമ്പനി. കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ മത്സ്യബന്ധന കമ്പനിയായ 'സബേദി അൽ കുവൈറ്റ് ഫിഷറീസ് കമ്പനി'യും ഇൻഡോറിലെ 'കാംദാർസ് കെയറും' തമ്മിലാണ് 7,430 കോടി രൂപയുടെ തന്ത്രപ്രധാനമായ നിക്ഷേപ-ബൈബാക്ക് (Buyback) കരാറിൽ ഒപ്പുവെച്ചത്. മധ്യപ്രദേശ് ഇന്റഗ്രേറ്റഡ് ഫിഷറീസ് ഇൻഡസ്ട്രി പോളിസി-2026-ന്റെ ഭാഗമായി നടന്ന ഈ വലിയ വിദേശ നിക്ഷേപ കരാറിന് ഭോപ്പാലിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി സാക്ഷ്യം വഹിച്ചു.
മുഖ്യമന്ത്രി മോഹൻ യാദവിന്റെ സാന്നിധ്യത്തിൽ ഒപ്പുവെച്ച ഈ പദ്ധതിയിലൂടെ സംസ്ഥാനത്ത് 35,000 പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുകയെന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കുവൈറ്റിൽ നിന്നുള്ള ഈ വൻ നിക്ഷേപത്തിലൂടെ മധ്യപ്രദേശിലെ പ്രധാന ജലാശയങ്ങളായ ഇന്ദിരാ സാഗർ, ബർഗി, ബൻസാഗർ, ബർണ എന്നിവ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആധുനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. ആധുനിക കേജ് കൾച്ചർ (കൂട് മത്സ്യകൃഷി) സംവിധാനങ്ങൾക്കായിരിക്കും ഇതിൽ മുൻഗണന നൽകുക.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രതിവർഷം 4,00,000 ടൺ അധിക മത്സ്യ ഉത്പാദനമാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. കൂടാതെ, ഈ നിക്ഷേപത്തിന്റെ ഭാഗമായി അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ്, ഗ്രീൻഹൗസ് കൃഷി രീതികൾ വഴി 1,23,000 ടൺ പച്ചക്കറിയും ഉത്പാദിപ്പിക്കാൻ സാധിക്കും. കുവൈറ്റിൽ നിന്നുള്ള ഈ നിക്ഷേപം മധ്യപ്രദേശിന്റെ മത്സ്യബന്ധന വികസനത്തിൽ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.
വിദേശ നിക്ഷേപ നിർദ്ദേശങ്ങൾ അതിവേഗം യാഥാർത്ഥ്യമാക്കാൻ സംസ്ഥാന സർക്കാർ പൂർണ്ണ സന്നദ്ധതയോടെയാണ് പ്രവർത്തിക്കുന്നതെന്നും അതിന്റെ നല്ല ഫലങ്ങളാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ വലിയൊരു വിഭാഗം മത്സ്യത്തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക പുരോഗതിക്കായി തങ്ങളുടെ നയങ്ങൾ അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കുവൈറ്റ് കമ്പനിയുമായുള്ള ഈ സഹകരണമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വകാര്യ-വിദേശ നിക്ഷേപങ്ങൾ ആകർഷിച്ച് സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയെ അത്യാധുനികവും കയറ്റുമതി അധിഷ്ഠിതവുമാക്കുകയാണ് പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ കുവൈറ്റ് നിക്ഷേപ പദ്ധതി വഴി 15,000 നേരിട്ടുള്ള തൊഴിലവസരങ്ങളും 20,000 പരോക്ഷ തൊഴിലവസരങ്ങളും ഉൾപ്പെടെ ആകെ 35,000 പേർക്ക് ജോലി ലഭിക്കും.
പദ്ധതി പൂർണ്ണതോതിലാകുന്നതോടെ ഏകദേശം 6,000 കോടി രൂപയുടെ മത്സ്യ കയറ്റുമതിയാണ് മധ്യപ്രദേശ് ലക്ഷ്യമിടുന്നത്. ഈ ആഗോള പങ്കാളിത്തം വരും വർഷങ്ങളിൽ രാജ്യത്തെ മത്സ്യബന്ധന വ്യവസായത്തിൽ മധ്യപ്രദേശിന് ഒരു അന്താരാഷ്ട്ര മുഖം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: A Kuwaiti company has signed a ₹7,430 crore investment deal to develop the fisheries sector in Madhya Pradesh. The project is expected to strengthen fisheries infrastructure, expand production and processing capacity, create employment opportunities, and boost exports, marking a major foreign investment initiative in the state's growing aquaculture industry.