

തിരുവനന്തപുരം: പൊലീസ് കണ്ണില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചെന്ന പരാതിയില്‍ യുവാവിന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയായ ശ്രീനാഥിനാണ് നഷ്ടപരിഹാരം അനുവദിച്ചത്. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. 2023 ഒക്ടോബര്‍ 9ന് ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം നടന്നത്. വിവാഹമോചന കേസ് നടക്കുന്നതിനിടെ ഭാര്യയുടെ മൊബൈലിലേക്ക് സന്ദേശമയച്ചെന്ന പേരില്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷമാണ് യുവാവിന് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗം നടന്നത്. സംഭാഷണത്തിനിടെ പ്രകോപിതനായ എസ് ഐ കണ്ണില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചെന്നായിരുന്നു പരാതി.
പരാതിയില്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവിയും മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണ വിഭാഗവും പരിശോധന നടത്തിയിരുന്നു. പരാതിക്കാരന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സര്‍ക്കാര്‍ നല്‍കുന്ന 50,000 രൂപ പിന്നീട് എസ്‌ഐയുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കാനും മനുഷാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കി.
Content Highlights: The government has announced ₹50,000 compensation for a youth who complained of being sprayed with pepper spray in the eyes by police during an incident.