
എല്ലാ മേഖലകളിലും എഐ അപ്രമാദിത്വം സ്ഥാപിക്കുന്ന കാലമാണ് കടന്നുപോകുന്നത്. എഐ അറിയാവുന്നവർക്ക് വേണ്ടിയുള്ള ഡിമാന്റ് പോലും ഇന്ന് കൂടുകയാണ്. പല കമ്പനികളും എഐ എഞ്ചിനീയർ എന്ന തസ്തിക സൃഷ്ടിച്ച് മികച്ച എഐ വിദഗ്ധരെ തന്നെ ജോലിക്കെടുത്തുതുടങ്ങി. എന്നാൽ ഇത്തരത്തിൽ എഐ മനുഷ്യരുടെ ജോലിസാധ്യതയെ പൂർണമായും അപഹരിക്കുമോ എന്ന സംശയവും പല ഭാഗത്തുനിന്നും ഉയരുന്നുണ്ട്. ഈ ആശങ്ക അർത്ഥവത്താണ് താനും. ഈ വിഷയത്തിൽ ഇപ്പോൾ അഭിപ്രായം പറഞ്ഞിരിക്കുകയാണ് അമേരിക്കൻ മൈക്രോചിപ്പ് കമ്പനിയായ എൻവിഡിയയുടെ സിഇഒ ആയ ജെൻസെൻ ഹുവാങ്.
ഒരേസമയം പ്രതീക്ഷയും നിരാശയും ഉണ്ടാക്കുന്ന അഭിപ്രായമാണ് ഹുവാങ് പങ്കുവെച്ചിരിക്കുന്നത്. എഐ വിപ്ലവത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത് എന്നദ്ദേഹം പറയുന്നുണ്ട്. പിന്നാലെയാണ് ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ച് അദ്ദേഹം പറയുന്നത്. എഐ ഒരിക്കലും നമ്മുടെ ജോലി കളയില്ല. എളുപ്പമാക്കുകയാണ് ചെയ്യുക. എന്നാൽ നമ്മളെ കൂടുതൽ തിരക്കുള്ളവരാക്കി എഐ മാറ്റും. അതുറപ്പാണ് എന്നും അദ്ദേഹം പറയുന്നു.
എഐയുടെ ഈ വളർച്ച മൂലം ഒരാഴ്ചയിൽ നാല് ദിവസം മാത്രം ജോലി ചെയ്‌താൽ മതി എന്ന അവസ്ഥ ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നുണ്ട്. പക്ഷെ ഈ നാല് ദിവസവും നമ്മൾ ഇതുവരെ എടുത്ത ജോലിരീതിയാകില്ല ഉണ്ടാകുക. നമ്മൾ കൂടുതൽ തിരക്കുള്ളവരായിത്തീരും. ജോലി പെട്ടെന്ന് തീരുന്നത്, തൊഴിലാളിയെ കൂടുതൽ ജോലി ചെയ്യാൻ പ്രേരിപ്പിക്കും. അത്തരത്തിൽ ഒരാൾ കൂടുതൽ പ്രൊഡക്ടീവ് ആകുമെന്നും ഹുവാങ് പറയുന്നുണ്ട്.
നാല് ദിവസം ജോലി ചെയ്‌താൽ മതിയാകും എന്ന് ഹുവാങ് പറഞ്ഞത് ഇപ്പോൾതന്നെ വലിയ ചർച്ചയായിട്ടുണ്ട്. ബ്രിട്ടൻ, നോർത്ത് അമേരിക്ക പോലുള്ളയിടങ്ങളിൽ ഇപ്പോൾത്തന്നെ ഈ രീതി പരീക്ഷിച്ചുവരുന്നുണ്ട്. ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി എന്ന രീതി മൂലം തൊഴിലാളിത്വകളുടെ രാജി ഇല്ലാതാക്കാനും, ഉത്പാദനക്ഷമത വർധിപ്പിക്കാൻ സാധിച്ചതായും കണ്ടെത്തലുണ്ടായിരുന്നു. ജോലിയിൽ എല്ലാവരും സന്തോഷവാന്മാരായതായും അസുഖം മൂലമുള്ള ലീവുകൾ കുറഞ്ഞതായും കണ്ടെത്തലുണ്ടായിരുന്നു.
എഐയുടെ ഈ വളർച്ച മൂലം ചില ജോലികൾ ഇല്ലാതെയാകും എന്നും ഹുവാങ് പറയുന്നുണ്ട്. എന്നാൽ ആ സ്ഥാനത്ത് പുതിയ ജോലികൾ ഉണ്ടായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എഐ ജോലിയുടെ രീതികളെ തന്നെ മാറ്റിമറിക്കുമെന്നും അദ്ദേഹം പറയുന്നു. ടെക്‌നോളജി മാറുമ്പോൾ സമൂഹവും അതിന്റെ രീതികളും മാറും എന്നതാണ് അദ്ദേഹം മുന്നോട്ടുവെക്കുന്ന തത്വം.
Content Highlights: Nvidia CEO on AI job loss and productivity