
ഗതാഗാത നിയമ ലംഘനങ്ങളുടെ പേരില്‍ ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സില്‍ ലഭിച്ച ബ്ലാക്ക് പോയിന്റുകള്‍ കുറക്കാന്‍ അവസരവുമായി അബുദാബി പൊലീസ്. റോഡുകളിലെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതിക്ക് അബുദാബി പൊലീസ് തുടക്കം കുറിച്ചിരിക്കുന്നത്. അബുദാബിയില്‍ നടക്കുന്ന രാജ്യാന്തര കുതിരയോട്ട പ്രദര്‍ശനമായ അഡിഹെക്‌സിന്റെ ഭാഗമായാണ് ലൈസന്‍സില്‍ ബ്ലാക്ക് പോയിന്റുള്ളവര്‍ക്ക് സന്തോഷം നല്‍കുന്ന പ്രഖ്യാപനം അബുദാബി പൊലീസ് നടത്തിയത്.
രണ്ട് വിഭാഗങ്ങളായാണ് ബ്ലാക്ക് മാര്‍ക്ക് കുറയ്ക്കാന്‍ അവസരം ഒരുക്കിയിരിക്കുന്നത്. 24 ബ്ലാക്ക് പോയിൻ്റ് നേടി ലൈസന്‍സ് റദ്ദാക്കപ്പെട്ടവര്‍ക്കും അത് വീണ്ടെടുക്കാം. ഇതിന് ആദ്യം ചെയ്യേണ്ടത് 2400 ദിര്‍ഹം അടച്ച് പൊലീസ് ബൂത്തില്‍ പേര് റജിസ്റ്റര്‍ ചെയ്യുകയെന്നതാണ്. പിന്നാലെ ഗതാഗത നിയമലംഘകര്‍ക്കായുള്ള പ്രത്യേക പരിശീലന പരിപാടിയില്‍ പങ്കെടുത്താല്‍ ലൈസന്‍സ് തിരികെ ലഭിക്കും. ലൈസന്‍സില്‍ എട്ട് മുതല്‍ 23 വരെ ബ്ലാക്ക് പോയിന്റുള്ളവര്‍ 800 ദിര്‍ഹം അടച്ച് പരിശീലന പരിപാടിയില്‍ പങ്കെടുത്താല്‍ മുഴുവന്‍ ബ്ലാക്ക് പോയിന്റുകളും കുറക്കാനാകും.
പുതിയ പദ്ധതിയിലൂടെ നിയമലംഘനങ്ങള്‍ കുറയ്ക്കാനും ഡ്രൈവര്‍മാരെ കൂടുതല്‍ ഉത്തരവാദിത്ത ബോധമുള്ളവരാക്കാനും കഴിയുമെന്നാണ് അബുദാബി പൊലീസ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സിലെ ബ്ലാക്ക് പോയിൻ്റ് കുറയ്ക്കാന്‍ യു എ ഇ ആഭ്യന്തര മന്ത്രാലയവും പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിരുന്നു. 'എ ഡേ വിത്തൗട്ട് ആക്‌സിഡന്റ്സ്' എന്ന പേരില്‍ സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടില്‍ പ്രതിജ്ഞയെടുത്ത ഡ്രൈവര്‍മാര്‍ക്ക് നാല് ബ്ലാക്ക് പോയിന്റുകളാണ് അന്ന് കുറച്ച് നല്‍കിയത്. പൊതുജനങ്ങള്‍ക്കായി ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകളും പരിശീലന പരിപാടികളും സംഘടിപ്പിച്ച് വരുന്നു.
Content Highlights: Abu Dhabi Police launch initiative to reduce black points