സഭയ്ക്കകത്ത് ഭരണപക്ഷം രാഹുലിനെതിരെ പ്രതിഷേധിച്ചാൽ നമുക്ക് കാണാം; അനുകൂല നിലപാടുമായി എംഎം ഹസൻ

സമ്മേളനത്തിൽ പങ്കെടുക്കുക എന്നത് നിയമസഭാ സാമാജികന്റെ അവകാശമാണ്. ഭരണപക്ഷം സഭയ്ക്കകത്ത് രാഹുലിനെതിരെ പ്രതിഷേധിച്ചാൽ നമുക്ക് കാണാമെന്നും ഹസൻ പറഞ്ഞു

സഭയ്ക്കകത്ത് ഭരണപക്ഷം രാഹുലിനെതിരെ പ്രതിഷേധിച്ചാൽ നമുക്ക് കാണാം; അനുകൂല നിലപാടുമായി എംഎം ഹസൻ
dot image

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനോടുള്ള നിലപാടിൽ മാറ്റം വരുത്താനൊരുങ്ങി കോൺഗ്രസ്. രാഹുൽ അനുകൂല നിലപാടുമായി മുതിർന്ന കോൺഗ്രസ് നേതാവ് എം എം ഹസൻ രംഗത്തെത്തി. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് രാഹുലിനെ വിലക്കിയിട്ടില്ലെന്ന് അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. സമ്മേളനത്തിൽ നിന്ന് ലീവ് എടുക്കാനും പാർട്ടി ആവശ്യപ്പെടില്ല. പങ്കെടുക്കണോ വേണ്ടയോ എന്നത് രാഹുലിന് തീരുമാനിക്കാം. അത് വ്യക്തിപരമായ കാര്യമാണ്. സമ്മേളനത്തിൽ പങ്കെടുക്കുക എന്നത് നിയമസഭാ സാമാജികന്റെ അവകാശമാണ്. ഭരണപക്ഷം സഭയ്ക്കകത്ത് രാഹുലിനെതിരെ പ്രതിഷേധിച്ചാൽ നമുക്ക് കാണാമെന്നും ഹസൻ പറഞ്ഞു.

യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി പരസ്യ നിലപാട് എടുത്തിരുന്നു. രാഹുലിന് സംരക്ഷണം ഒരുക്കുമെന്നും എല്ലാവർക്കും നീതി ലഭ്യമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറുഭാഗത്ത് ഇരിക്കുന്നവർക്കെതിരെയും സമാന ആരോപണമുണ്ട്. അവർക്ക് ലഭിക്കേണ്ട നീതി രാഹുലിനും ലഭിക്കണം. ആരോപണം ഉയർന്ന സാഹചര്യം പരിഗണിച്ചാണ് നടപടി സ്വീകരിച്ചത്. രാഹുൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.

അതേസമയം, ഗർഭഛിദ്രം നടത്താൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിർബന്ധിച്ച പെൺകുട്ടിയുടെ മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നേരിട്ട് പരാതി നൽകിയിട്ടില്ലെങ്കിലും അതിജീവിത മൊഴി നൽകുമെന്ന പ്രതീക്ഷയിലാണ് പ്രത്യേക അന്വേഷണ സംഘം. ലൈംഗിക പരാതി അന്വേഷിക്കുന്ന പ്രത്യേക സംഘം നാളെ മുതൽ ഇക്കാര്യത്തിൽ നടപടി തുടങ്ങും.

രാഹുലിനെതിരെ ആദ്യം ആരോപണം ഉന്നയിച്ച സിനിമാതാരവും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ്, ട്രാൻസ്‌ വുമൺ അവന്തിക അടക്കമുള്ളവരിൽനിന്ന് മൊഴിയെടുക്കും. ആദ്യം പരാതിക്കാരുടെ മൊഴിയായിരിക്കും രേഖപ്പെടുത്തുക. നിലവിൽ അതിജീവിതർ നേരിട്ട് പരാതി നൽകിയിട്ടില്ല. ലഭിച്ച പരാതികളെല്ലാം മൂന്നാം കക്ഷികളുടേതാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ശബ്ദ സന്ദേശങ്ങൾ, വാട്‌സ്ആപ്പ് ചാറ്റുകൾ തുടങ്ങിയവ തെളിവുകളായി വരുന്നതിനാൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിൽ സൈബർ വിദഗ്ധരേയും ഉൾപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അന്വേഷണ സംഘം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിശദമായ യോഗം ചേർന്നിരുന്നു. നിലവിൽ പത്തിലേറെ പരാതികളാണ് രാഹുലിനെതിരെ പൊലീസിന് ലഭിച്ചിട്ടുള്ളത്. ഇവയെല്ലാം മൂന്നാം കക്ഷികളുടെ പരാതികളുമാണ്. ഈ പരാതികളെല്ലാം ക്രൈംബ്രാഞ്ചിന് പൊലീസ് കൈമാറിയിട്ടുണ്ട്.

Content Highlights: MM Hasan comes out in support of Rahul mamkootathil

dot image
To advertise here,contact us
dot image