എന്ത് വിധിയിത് ! കമ്പനിനയം കാരണം ജോലിക്ക് ആളെ കിട്ടാതെ ആമസോൺ; തിരുത്തലിന് ശ്രമവും

കമ്പനി മുന്നോട്ടുവെക്കുന്ന ഓഫറിൽ ആരും തൃപ്തരല്ലെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു

എന്ത് വിധിയിത് ! കമ്പനിനയം കാരണം ജോലിക്ക് ആളെ കിട്ടാതെ ആമസോൺ; തിരുത്തലിന് ശ്രമവും
dot image

എഐ ടെക്‌നോളജി ലോകമാകെ പടരുകയാണ്. മുൻനിര കോർപ്പറേറ്റ് കമ്പനികളെല്ലാം എഐക്കായി മാത്രം പ്രത്യേക ജീവനക്കാരെ നിയമിക്കാൻ നിർബന്ധിതരാകുകയാണ്. എഐ എഞ്ചിനീയർ എന്ന തസ്തിക തന്നെ പല കമ്പനികളിലും ഇപ്പോളുണ്ട്. ഇത്തരത്തിൽ എഐയുമായി ബന്ധപ്പെട്ട് കടുത്ത മത്സരക്ഷമതയും മറ്റും സ്ഥാപനങ്ങൾ നടത്തിവരുന്നുണ്ട്.

ഇതിനിടെ ആമസോണിൽ വലിയ ഒരു പ്രതിസന്ധി നിലനിൽക്കുകയാണ്. എഐ എഞ്ചിനീയർമാരെ ജോലിക്കെടുക്കാൻ ആമസോണിന് കഴിയുന്നില്ല. കമ്പനിയുടെ ഒരു ഇന്‍ടേണല്‍ മെമ്മോ ലീക്ക് ആയതായി ബിസിനസ് ഇൻസൈഡർ എന്ന മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ നിന്നും കമ്പനി മുന്നോട്ടുവെക്കുന്ന ഓഫറിൽ ആരും തൃപ്തരല്ലെന്നും കഠിനമായ ജോലി നിയമങ്ങളും മറ്റും കാരണം ആമസോണിലേക്ക് ആരും വരുന്നില്ലെന്നുമാണ് മനസിലാക്കേണ്ടത്.

ആമസോണിന്‍റെ ഹ്യൂമൻ റിസോർസ് ടീം തയ്യാറാക്കിയ മെമ്മോയാണ് ബിസിനസ് ഇൻസൈഡറിന് ലഭിച്ചത്. മറ്റ് കമ്പനികളെ താരതമ്യപ്പെടുത്തി നോക്കുമ്പോൾ ആമസോൺ മുന്നോട്ടുവെക്കുന്ന ഓഫറുകൾ അത്ര നല്ലതല്ല എന്നതാണ് പലരുടെയും അഭിപ്രായം. ശമ്പളം, ജോലിസ്ഥലങ്ങൾ എന്നിവയിലും ആരും തൃപ്തരല്ല. മാത്രമല്ല എഐയിലേക്ക് വൈകി മാറുന്ന ആമസോണിന്‍റെ രീതിയോടും ആളുകൾക്ക് വലിയ താത്പര്യമില്ല.

മെറ്റ, ഗൂഗിൾ, മൈക്രോസോഫ്ട്, ഓപ്പൺ എഐ തുടങ്ങിയ പല കമ്പനികളും ആമസോണിനെക്കാളും മികച്ച സൗകര്യങ്ങളും മറ്റും നൽകുന്നുണ്ട്. ആപ്പിൾ, സ്കെയിൽ എഐ, ഓപ്പൺ എഐ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് നിരവധി എഐ എഞ്ചിനീയർമാരെ മെറ്റ കഴിഞ്ഞ മാസങ്ങളിൽ ജോലിക്കെടുത്തിരുന്നു. ഇത് വലിയ വാർത്തയാകുകയും ചെയ്തിരുന്നു. മൈക്രോസോഫ്റ്റും ഇത്തരത്തിൽ എഐ വിദഗ്ധരുടെ ഒരു വലിയ നിര തയ്യാറാക്കി വെച്ചിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ആമസോമൻ ഇപ്പോളാണ് പ്രാരംഭ ഘട്ട നടപടികൾ തുടങ്ങുന്നത് പോലും.

എന്നാൽ ആമസോണിന്‍റെ ഔദ്യോഗിക വക്താവ് ഇത്തരം പ്രതിസന്ധികളെയെല്ലാം തള്ളിക്കളയുകയാണ് ചെയ്യുന്നത്. തങ്ങളുടെ ജോലി രീതികളും മറ്റും ജീവനക്കാർക്ക് എന്നും സൗകര്യപ്രദമായ രീതിയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളതെന്നും ശമ്പളം പോലും മികച്ചതാണ് എന്നുമാണ് ആമസോൺ പറയുന്നത്. ഓരോ വിഭാഗത്തിനും കർശനമായ സാലറി ബാൻഡുകൾ ഉള്ള സ്ഥാപനമാണ് ആമസോൺ. ഇതാണ് ശബളം സംബന്ധിച്ചുളള എല്ലാ പ്രശ്നങ്ങൾക്കും കാരണം.

സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള വഴികളും ആമസോണിന്റെ മെമ്മോയിൽ പറയുന്നുണ്ട്. ശമ്പള സ്കെയിലിലെ മാറ്റം, ആളുകളെ ജോലിക്കെടുക്കുന്ന പ്രക്രിയയിൽ കൂടുതൽ അയവ് വരുത്തുക, നിലവിലുള്ള വിഭാഗങ്ങളിൽ പ്രത്യേക റിക്രൂട്ട്മെന്റ് ടീമുകൾ സ്ഥാപിക്കുക എന്നതെല്ലാമാണ് കമ്പനി മുന്നോട്ടുവെക്കുന്ന പരിഹാരങ്ങൾ.

Content Highlights: amazon struggling to find AI engineers

dot image
To advertise here,contact us
dot image