
2020 നവംബറിലാണ് വാട്‌സ്ആപ്പ് ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്താണ് നിശ്ചിതസമയത്തിനുള്ളില്‍ അയച്ച മെസേജുകള്‍ അപ്രത്യക്ഷമാകുന്ന ഇത്തരമൊരു ഫീച്ചര്‍ വാട്‌സ്ആപ്പ് വികസിപ്പിച്ചെടുത്തത്.
തുടക്കത്തില്‍ ഉപയോക്താക്കളുടെ ആവശ്യാനുസരണം ഫീച്ചര്‍ ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനുമുള്ള സൗകര്യം മാത്രമാണ് ഉണ്ടായിരുന്നെങ്കില്‍ ക്രമേണ എത്ര സമയത്തിനുള്ളില്‍ മെസേജ് അപ്രത്യക്ഷമാകണം എന്ന് ഉപയോക്താക്കള്‍ക്ക് തന്നെ തീരുമാനിക്കാന്‍ സാധിക്കുന്ന രീതിയിലേക്ക് ഈ ഫീച്ചറിന് അപ്‌ഡേഷന്‍ കൊണ്ടുവന്നിരുന്നു. തുടക്കത്തില്‍ ഒരാഴ്ച പിന്നിടുമ്പോഴായിരുന്നു ചാറ്റുകള്‍ തനിയെഅപ്രത്യക്ഷമായിരുന്നതെങ്കില്‍ പുതിയ ഫീച്ചറോടെ 24 മണിക്കൂറുകള്‍ക്ക് ശേഷം, ഏഴ് ദിവസങ്ങള്‍ക്ക് ശേഷം, 90 ദിവസങ്ങള്‍ക്ക് ശേഷം എന്ന നിശ്ചിത സമയപരിധി ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാവുന്ന രീതിയില്‍ അപ്‌ഡേറ്റ് ചെയ്യപ്പെട്ടു.
ഇപ്പോഴിതാ ഈ സമയപരിധി വീണ്ടും കുറയ്ക്കാനുള്ള പദ്ധതിയിലാണ് വാട്‌സ്ആപ്പ് എന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു മണിക്കൂര്‍, 12 മണിക്കൂര്‍ സമയപരിധിയില്‍ മെസേജുകള്‍ അപ്രത്യക്ഷമാകുന്ന രീതിയിലാണ് ഫീച്ചര്‍ വികസിപ്പിച്ചെടുക്കുന്നത്.
എന്നാല്‍ മെസേജ് ലഭിക്കുന്ന വ്യക്തി അത് വായിക്കുന്നതിന് മുന്‍പ് മെസേജ് അപ്രത്യക്ഷമാകാനുള്ള സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി ഒരു മണിക്കൂര്‍ സമയപരിധി തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് ഒരു റിമൈന്‍ഡര്‍ നല്‍കും.
Content Highlights: WhatsApp to Introduce 1-Hour and 12-Hour Disappearing Message Timers for Enhanced Privacy