
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ 2027 ഏകദിന ലോകകപ്പിൽ ടീമിൽ ഉണ്ടാകുമോ ഇല്ലയോ എന്ന ആശങ്കയിലാണ് ബിസിസിഐയും ആരാധകരും. 38കാരനായ രോഹിത് ശർമ ഏകദിനത്തിൽ നിന്നുകൂടി വിരമിച്ചാൽ ക്യാപ്റ്റനായി യുവതാരങ്ങളായ ശുഭ്മാൻ ഗില്ലോ ശ്രേയസ് അയ്യരോ ആണ് നായക സ്ഥാനത്തേക്ക് എത്താൻ സാധ്യതയുള്ളത്. എന്നാൽ അടുത്ത ഏകദിന ക്യാപ്റ്റനായി സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ തിരഞ്ഞെടുക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ സുരേഷ് റെയ്ന.
ക്യാപ്റ്റനായി അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഹാർദിക്കിന് സാധിക്കുമെന്നാണ് റെയ്ന പറയുന്നത്. ഹാർദ്ദിക്കിന് ഇതിഹാസ താരം കപിൽ ദേവിനെ പോലെ അനുഭവസമ്പത്തുണ്ടെന്നാണ് റെയ്ന ചൂണ്ടിക്കാട്ടിയത്. ക്യാപ്റ്റൻസിയിൽ സൂപ്പർ ക്യാപ്റ്റൻ എം എസ് ധോണിയെയാണ് ഹാർദിക് ഓർമ്മിപ്പിക്കുന്നതെന്നും റെയ്ന പറഞ്ഞു.
"അടുത്ത ഏകദിന ക്യാപ്റ്റനായി ശുഭ്മൻ ഗില്ലിനെ എപ്പോൾ വേണമെങ്കിലും പ്രഖ്യാപിച്ചേക്കാം. എന്നാൽ ഹാർദിക് പാണ്ഡ്യയ്ക്ക് വൈറ്റ് ബോൾ ക്യാപ്റ്റനായി അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. ഹാർദിക് വീണ്ടും ക്യാപ്റ്റനാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കപിൽ ദേവിനെ പോലെ പരിചയസമ്പത്ത് ഹാർദിക് പാണ്ഡ്യയ്ക്കുണ്ട്. ബാറ്റിങ്ങിലായാലും ബോളിങ്ങിലായാലും ഫീൽഡിങ്ങിലായാലും," ശുഭാങ്കർ മിശ്രയുടെ യുട്യൂബ് ചാനലിൽ സംസാരിക്കുമ്പോൾ സുരേഷ് റെയ്ന പറഞ്ഞു.
Suresh Raina backed Hardik Pandya as ideal ODI captain and picked Shubman Gill over Shreyas Iyer for India's white-ball leadership 🇮🇳#TeamIndia #HardikPandya #SureshRaina #ShubmanGill #ShreyasIyer #CricketTwitter pic.twitter.com/UR0nvmQ64Q
— InsideSport (@InsideSportIND) August 30, 2025
"ഹാർദിക് പാണ്ഡ്യ വളരെ പോസിറ്റീവ് ആയ ഒരു കളിക്കാരനാണ്. ക്യാപ്റ്റൻ എന്ന നിലയിൽ അവന്റെ പ്രകടനവും മറ്റ് കളിക്കാരോട് ഇടപഴകുന്നത രീതിയും വെച്ച് നോക്കുമ്പോൾ ഹാർദിക്കിൽ എനിക്ക് ധോണിയെ കാണാനാവുന്നു. ഗ്രൗണ്ടിൽ ഹാർദിക് ആശയവിനിമയം നടത്തുന്നതും പെരുമാറുന്നതുമെല്ലാം കാണുമ്പോൾ ധോണിയെ പോലെ തോന്നും. ആ ഊർജമാണ് എനിക്ക് ഏറ്റവും ഇഷ്ടം", സുരേഷ് റെയ്ന പറഞ്ഞു.
98 ഏകദിനങ്ങൾ ആണ് ഹാർദിക് പാണ്ഡ്യ ഇതുവരെ ഇന്ത്യയ്ക്കായി കളിച്ചത്. 32 എന്ന ബാറ്റിങ് ശരാശരിയിൽ നേടിയത് 1904 റൺസ്. 110 ആണ് സ്ട്രൈക്ക്റേറ്റ്. 5.60 എന്ന ഇക്കണോമിയിൽ 91 വിക്കറ്റും ഏകദിനത്തിൽ ഹാർദിക് സ്വന്തമാക്കി.
Content Highlights: Suresh Raina picks Hardik Pandya as future ODI captain after Rohit Sharma ahead of Shubman Gill