ഉദയകുമാറിനെ പൊലീസ് കസ്റ്റഡിയിൽ വെച്ച് ഉരുട്ടിക്കൊന്നതിന് ഇനി ആര് ഉത്തരം പറയും? കേസിന്റെ ചരിത്രം

തുടര്‍ന്നങ്ങോട്ട് ചെയ്ത കൃത്യങ്ങളുടെ തെളിവുകള്‍ മറയ്ക്കാനായി പുതിയ തെളിവുകള്‍ സൃഷ്ടിക്കുന്ന തിരക്കിലായിരുന്നു പൊലീസ്...

ഉദയകുമാറിനെ പൊലീസ് കസ്റ്റഡിയിൽ വെച്ച് ഉരുട്ടിക്കൊന്നതിന് ഇനി ആര് ഉത്തരം പറയും? കേസിന്റെ ചരിത്രം
dot image

'ഒരു കോടതിക്കും ഹൃദയമില്ല, ഹൃദയമുണ്ടായിരുന്നെങ്കില്‍ എന്നോട് ഇത് കാണിക്കില്ലായിരുന്നു..കോടതിക്ക് കണ്ണുകണ്ടുകൂടേ..അവന്റെ തുടയില്‍ 22 മുറിവുകളുണ്ടായിരുന്നു..ഉള്ളംകാല്‍ കണ്ടാല്‍ ബോധംകെട്ടുവീഴും..അപ്പോഴാണ് കോടതി പറയുന്നത് അവര്‍ കുറ്റക്കാരല്ലെന്ന്…' ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ പ്രതികളായ അഞ്ചുപൊലീസുകാരെയും വെറുതെ വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധിയറിഞ്ഞ് നെഞ്ചുപൊട്ടി കരയുകയായിരുന്നു ഉദയകുമാറിന്റെ അമ്മ പ്രഭാവതി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരച്ഛനും ഇതുപോലെ നെഞ്ചുപൊട്ടി ഒരു ചോദ്യം കേരളത്തിലെ അധികാരവര്‍ഗത്തോട് ചോദിച്ചിട്ടുണ്ട്, ആ അച്ഛന്റെ പേര് ഈച്ചരവാര്യര്‍ എന്നാണ്, ചോദ്യം ഇങ്ങനെയായിരുന്നു,'; എന്റെ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്?' ആ ചോദ്യം വീണ്ടും കോടതിമുറികളില്‍ പ്രതിധ്വനിക്കുകയായിരുന്നു ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ് വിധിയോടെ.

ഉരുട്ടല്‍, കുറ്റവാളികളെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്യാന്‍ കേരള പൊലീസ് സ്വീകരിക്കുന്ന കൊടുക്രൂരമായ മൂന്നാംമുറ..ആ മൂന്നാംമുറയ്ക്കിരയായവരില്‍ വിഎസ് അച്യുതാനന്ദന്‍ മുതല്‍ ഉദയകുമാര്‍ വരെയുള്ളവരുണ്ട്..മരിച്ചെന്നുകരുതി കാട്ടില്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ച വിഎസിന് ഒരു കള്ളന്റെ കാരുണ്യം കൊണ്ട് ജീവന്‍ തിരിച്ചുകിട്ടിയെങ്കില്‍ പി.രാജനെന്ന വിദ്യാര്‍ഥിക്കും, പാലക്കാട് വീട്ടമ്മയെകൊലപ്പെടുത്തി മോഷണം നടത്തിയ കേസിലെ പ്രതിയായ സമ്പത്തിനും ഉദയകുമാറിനും അങ്ങനെയൊരു തിരിച്ചുവരവുണ്ടായില്ല. മൂന്നാംമുറയ്ക്കിരയായി അവര്‍ കൊല്ലപ്പെട്ടു. മൂന്നുമരണങ്ങളും പൊലീസിന്റെ കിരാതനടപടിയെ ചോദ്യം ചെയ്തുകൊണ്ട് ചോദ്യംചെയ്യപ്പെട്ടു.

ഉദയകുമാറിന്റെ മൃതദേഹത്തില്‍ പുറമേയ്ക്ക് പരിക്കുകളുണ്ടായിരുന്നില്ല. ആര്‍ഡിഒ ആയിരുന്ന കെവി മോഹന്‍കുമാറിന്റെ സമയോചിത ഇടപെടലാണ് ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ നിര്‍ണായകമായത്. 2005 സെപ്റ്റംബര്‍ 27നാണ്, വെറും 26 വയസ് മാത്രം പ്രായമുള്ള ഉദയകുമാറിനെയും സുഹൃത്ത് സുരേഷ് കുമാറിനെയും തിരുവനന്തപുരം നഗരത്തിലെ ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

സുരേഷ് കുമാര്‍ ഒരു മോഷണക്കേസ് പ്രതിയായിരുന്നു. ഒരുമിച്ചുകണ്ടതോടെ ഉദയകുമാറിലേക്കും പൊലീസിന്റെ സംശയം നീണ്ടു. കയ്യില്‍ നിന്ന് 4000 രൂപ കണ്ടെത്തിയതോടെ പൊലീസിന്റെ മറ്റും ഭാവവും മാറി. പിന്നീടങ്ങോട്ട് നടന്നത് മനുഷ്യ മനഃസാക്ഷി പോലും മരവിച്ചുപോകുന്ന കൊടിയ മര്‍ദനമായിരുന്നു.

ഇരുമ്പുകമ്പി കൊണ്ട് തലങ്ങും വിലങ്ങും അടിച്ചു. ദേഹത്തിട്ട് ഉരുട്ടി. ഉദയകുമാറിന്റെ തുടയില്‍ പൈപ്പ് കൊണ്ട് ഇവര്‍ നിരന്തരം അടിച്ചുകൊണ്ടേയിരുന്നു. ഉദയകുമാര്‍ എത്രമാത്രം വേദനകൊണ്ട് പുളഞ്ഞിട്ടുണ്ടാകാമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഒരു കേസ് പോലും ചാര്‍ജ് ചെയ്യാതെയായിരുന്നു ഈ മര്‍ദ്ദനം. ക്രൂരമര്‍ദ്ദനത്തിന് പിന്നാലെ അവശനായി, കയ്യില്‍ നിന്ന് പോകുമെന്ന് മനസ്സിലായ പൊലീസ് ഇയാളെ നെഞ്ചുവേദനയെന്ന് പറഞ്ഞ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തുടര്‍ന്ന് സിഐയുടെ അഭ്യര്‍ഥന പ്രകാരമാണ് നേരത്തേ പറഞ്ഞ ആര്‍ഡിഒ ഉദയകുമാറിന്റെ മൃതദേഹം പരിശോധിക്കാനെത്തുന്നത്.

വസ്ത്രം നീക്കി നോക്കിയ ആര്‍ഡിഒയുടെ ശ്രദ്ധയില്‍ തുടയിലെ കടുത്തപാടുകള്‍ ഉടക്കി. അത് ത്വക്കുരോഗത്തിന്റേതാണ് എന്നുപറഞ്ഞ് അപ്പോഴും രക്ഷപ്പെടാന്‍ പൊലീസ് ശ്രമം നടത്തി. ആ പാടുകളില്‍ തൊട്ടപ്പോള്‍ വിരല്‍ താഴ്ന്നുപോയതായും പിന്നീട് ശരീരം വിശദമായി പരിശോധിച്ചപ്പോള്‍ പലയിടത്തും ഉരഞ്ഞപാടുകളും മര്‍ദനത്തിന്റെ പാടുകളും കണ്ടെത്തിയതായും പിന്നീട് മോഹന്‍കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിരുന്നു. കസ്റ്റഡിമരണം സംശയിക്കുന്നുവെന്ന ആര്‍ഡിഒ റിപ്പോര്‍ട്ടിലെഴുതിയതോടെയാണ് സംഗതി പൂര്‍ണമായും പൊലീസിന്റെ കൈവിട്ട് പോകുന്നത്. പോസ്റ്റുമോര്‍ട്ടത്തിനിടെ തുടയില്‍ കണ്ട കറുത്തപാടില്‍ കത്തിതൊട്ടതും രക്തം ചീറ്റിയതായി പിന്നീട് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും വിശദീകരിക്കുകയുണ്ടായി. കാലിലെയും നെഞ്ചിലേയും അസ്ഥികള്‍ നുറുങ്ങിയിരുന്നു. ദേഹമാകെ മര്‍ദനത്തിന്റെ പാടുകളായിരുന്നു. തുടയുടെ ഭാഗത്ത് 22 ക്ഷതങ്ങള്‍..ഫോര്‍ട്ട് സ്‌റ്റേഷനില്‍ നടന്ന പൊലീസ് രാജിന്റെ ഭീകരതവെളിവാക്കുന്നതായിരുന്നു പുറത്തുവന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നീ പോലീസുകാരാണ് മൂന്നാം മുറ പ്രയോഗിച്ചത് എന്നായിരുന്നു കണ്ടെത്തല്‍.

തുടര്‍ന്നങ്ങോട്ട് ചെയ്ത കൃത്യങ്ങളുടെ തെളിവുകള്‍ മറയ്ക്കാനായി പുതിയ തെളിവുകള്‍ സൃഷ്ടിക്കുന്ന തിരക്കിലായിരുന്നു പൊലീസ്. എഎസ്‌ഐ ആയിരുന്ന രവീന്ദ്രന്‍ നായരും ഹെഡ് കോണ്‍സ്റ്റബിള്‍ ആയിരുന്ന ഹീരാലാലും ഉദയകുമാറിന്റെ മേല്‍ മോഷണക്കുറ്റത്തിന് വ്യാജ എഫ്‌ഐആര്‍ ഉണ്ടാക്കി. മരണശേഷം എസ്ഐ ആയ അജിത് കുമാറും സിഐ ആയ ഇകെ സാബുവും ഗൂഢാലോചന നടത്തി ഉദയകുമാറിന്റെ മേല്‍ കള്ളക്കേസ് ചാര്‍ജ് ചെയ്തു. വൈകുന്നേരം നാലിന് അറസ്റ്റ് ചെയ്തുവെന്നും രാത്രി എട്ട് മണിയോടെ മാത്രമാണ് സ്റ്റേഷനില്‍ എത്തിച്ചതെന്നും വ്യാജ രേഖകള്‍ ഉണ്ടാക്കി. കൈകള്‍ കെട്ടിയ തോര്‍ത്തും മര്‍ദ്ദനത്തിനുപയോഗിച്ച ചൂരലും അവര്‍ മാറ്റി. ചുരുക്കിപ്പറഞ്ഞാല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമം.

നാളുകള്‍ പിന്നിട്ടു, ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് സിബിഐ ഏറ്റെടുത്തു. നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിച്ചെങ്കിലും 2010ലാണ് മൂന്നുപൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 2018 ജൂലൈയില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി ശിക്ഷയും വിധിച്ചു. തന്റെ ഗുണ്ടകള്‍ ഒരുത്തനെ തല്ലിക്കൊന്നിട്ടുണ്ടെന്ന് സഹപാഠിയായ മേലുദ്യോഗസ്ഥനുമായി ഫോര്‍ട്ട് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ വിജയകുമാര്‍ നടത്തിയ ഫോണ്‍സംഭാഷണമാണ് സിബിഐയ്ക്ക് നിര്‍ണായക തെളിവായത്. പക്ഷെ പ്രതികള്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. ഒടുവിലിതാ അന്വേഷണത്തില്‍ സിബിഐയ്ക്ക് ഗുരുതര വീഴ്ചപറ്റിയെന്ന നിരീക്ഷണത്തോടെ കേസിലെ പ്രതികളായ മുഴുവന്‍ പൊലീസുകാരെയും ഹൈക്കോടതി വെറുതെ വിട്ടിരിക്കുന്നു. ഒന്നാംപ്രതിക്ക് വിധിച്ചിരുന്ന വധശിക്ഷയും റദ്ദാക്കി. ബാക്കിയാവുന്നത് പ്രഭാവതിയെന്ന ആ അമ്മയുടെ ഹൃദയഭേദകമായ നിലവിളി മാത്രമാണ്, ഒപ്പം ഒരു ചോദ്യവും.. ഇവരാരും കുറ്റക്കാരല്ലെങ്കില്‍ പിന്നെ ഉദയകുമാര്‍ കൊല്ലപ്പെട്ടത് എങ്ങനെയാണ്? ആ മരണത്തിന് ആരാണ് ഉത്തരവാദികള്‍.. ആ അമ്മയ്ക്കും മകനും നീതിയില്ലേ???

Content Highlights: History of udayakumar police custody death case

dot image
To advertise here,contact us
dot image