താരിഫ് ചുമത്തിയിട്ടും കുലുക്കമില്ല; എന്നാല്‍ ക്വാഡ് ഉച്ചകോടിക്ക് ഇന്ത്യയിലേക്കില്ലെന്ന നിലപാടിലോ ട്രംപ്?

ഇന്ത്യ - പാക് സംഘർഷം പരിഹരിച്ചത് താനെന്ന ആവർത്തിച്ചുള്ള ട്രംപിന്റെ അവകാശവാദം നരേന്ദ്ര മോദിയെ പ്രകോപിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്

താരിഫ് ചുമത്തിയിട്ടും കുലുക്കമില്ല; എന്നാല്‍ ക്വാഡ് ഉച്ചകോടിക്ക് ഇന്ത്യയിലേക്കില്ലെന്ന നിലപാടിലോ ട്രംപ്?
dot image

വാഷിംഗ്ടൺ: ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിലേക്ക് വരില്ലെന്ന് റിപ്പോർട്ട്. ഇന്ത്യയുമായുളള ബന്ധം മോശമായ സാഹചര്യത്തിലാണ് തീരുമാനമെന്നാണ് സൂചന. ഇന്ത്യയിലേക്ക് വരുമെന്ന് നേരത്തെ ട്രംപ് നരേന്ദ്രമോദിയോട് പറഞ്ഞിരുന്നുവെന്നും എന്നാൽ ഈ നീക്കം നിലവിൽ ഉപേക്ഷിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. അതേസമയം വിഷയത്തിൽ യുഎസ്, ഇന്ത്യ അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഈ വർഷം അവസാനമാണ് ക്വാഡ് സമ്മേളനത്തിനായി ട്രംപ് ഇന്ത്യയിലെത്തേണ്ടിയിരുന്നത്. ഓസ്‌ട്രേലിയ, യുഎസ്, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ സുരക്ഷാ കൂട്ടായ്മയായ ക്വാഡിന്റെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനം ജനുവരിയിൽ ട്രംപ് അധികാരമേറ്റതിനു പിന്നാലെ യുഎസിലാണ് നടന്നത്.

അധിക താരിഫ് ചുമത്തൽ, വ്യാപാര ബന്ധത്തിലെ വിള്ളൽ എന്നിവയ്ക്ക് പുറമെ ഇന്ത്യ- പാകിസ്താൻ സംഘർഷം പരിഹരിക്കാൻ താൻ സഹായിച്ചുവെന്ന ട്രംപിന്റെ ആവർത്തിച്ചുള്ള പരാമർശം എന്നിവ ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇന്ത്യ - പാക് സംഘർഷം പരിഹരിച്ചത് താനാണെന്ന ആവർത്തിച്ചുള്ള ട്രംപിന്റെ അവകാശവാദം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകോപിപ്പിച്ചുവെന്നും മോദിക്ക് 'ക്ഷമ നഷ്ടപ്പെടുകയായിരുന്നു' എന്നും റിപ്പോർട്ടിൽ പറയുന്നു. ട്രംപിന്റെ ഈ അവകാശവാദം വിദേശകാര്യമന്ത്രാലയവും പ്രതിരോധവകുപ്പും തള്ളിയിരുന്നു.

റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നുവെന്നതിന്റെ പേരിൽ ഇന്ത്യക്ക്‌മേൽ 50 ശതമാനം അധിക തീരുവ ചുമത്തിയതും ബന്ധത്തെ കാര്യമായി ബാധിച്ചു. പ്രതികാര മനോഭാവത്തോടെയുള്ള ട്രംപ് ഭരണകൂടത്തിന്റെ നിലപാടിനെതിരെ മോദി തന്നെ പരോക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനിടെ യൂറോപ്യൻ രാജ്യങ്ങളോട് തങ്ങളുടേതിന് സമാനമായ രീതിയിൽ ഇന്ത്യക്കെതിരെ തീരുവ ചുമത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടതായും വാർത്തകളുണ്ട്. ഇതിനിടെ ട്രംപ് നാല് തവണ വിളിച്ചിട്ടും മോദി ഫോൺ എടുത്തില്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. യുഎസ് അധിക താരിഫ് ചുമത്തിയിട്ടും റഷ്യയുമായുള്ള വ്യാപാര ബന്ധത്തിൽ നിന്നും ഇന്ത്യ പിന്മാറാത്തത് ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. മോദി ചൈനീസ് പ്രധാനമന്ത്രി ഷി ജിൻ പിങുമായും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും കൂടിക്കാഴ്ച നടത്തുമെന്നതും ട്രംപിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.

Content Highlights: US President Donald Trump dropped India visit plan for quad amid tension with PM Modi

dot image
To advertise here,contact us
dot image