
ഫ്രഞ്ച് ലീഗ് വണ്ണില്‍ മുന്‍ ചാംപ്യന്മാരായ പിഎസ്ജിക്ക് വമ്പന്‍ വിജയം. ഒന്‍പത് ഗോളുകള്‍ പിറന്ന ത്രില്ലര്‍ പോരാട്ടത്തില്‍ ടുലൗസ് എഫ്‌സിയെയാണ് പിഎസ്ജി വീഴ്ത്തിയത്. മൂന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് പിഎസ്ജി വിജയം സ്വന്തമാക്കിയത്. പിഎസ്ജിക്ക് വേണ്ടി ജാവോ നെവസ് ഹാട്രിക് നേടിയപ്പോള്‍ ഉസ്മാന്‍ ഡെംബലെ ഡബിളടിച്ച് തിളങ്ങി.
ടുലൗസ് എഫ്‌സിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പിഎസ്ജി ഗോള്‍വേട്ട ആരംഭിച്ചു. ഏഴാം മിനിറ്റില്‍ ജാവോ നെവസാണ് പിഎസ്ജിയുടെ ആദ്യ ഗോള്‍ നേടിയത്. ഒന്‍പതാം മിനിറ്റില്‍ ബ്രാഡ്‌ലി ബാര്‍കോള പിഎസ്ജിയുടെ ലീഡ് ഇരട്ടിയാക്കിയപ്പോള്‍ 14-ാം മിനിറ്റില്‍ നെവസ് തന്റെ രണ്ടാം ഗോളും കണ്ടെത്തി.
31-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ഉസ്മാന്‍ ഡെംബലെ പിഎസ്ജിയുടെ നാലാം ഗോളും നേടി. എന്നാല്‍ ആറ് മിനിറ്റുകള്‍ക്കുള്ളില്‍ ടുലൗസിന്റെ മറുപടിയെത്തി. 37-ാം മിനിറ്റില്‍ ചാര്‍ലി ക്രെസ്‌വെല്ലാണ് ടുലൗസിന്റെ ആദ്യഗോള്‍ നേടിയത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പിഎസ്ജി ഗോള്‍വേട്ടതുടര്‍ന്നു. 51-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഡെംബലെ വീണ്ടും ഗോള്‍ കണ്ടെത്തി. 78-ാം മിനിറ്റില്‍ നെവസ് തന്റെ ഹാട്രിക് പൂര്‍ത്തിയാക്കിയതോടെ പിഎസ്ജി 6-1ന് മുന്നിലെത്തി. 98-ാം മിനിറ്റില്‍ യന്‍ ബോഹോയും ഇഞ്ചുറി ടൈമില്‍ അലെക്‌സിസ് വോസ്സായും ഗോള്‍ നേടിയെങ്കിലും ടുലൗസിന് വിജയിക്കാനായില്ല.
സീസണില്‍ പിഎസ്ജിയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. ലീഗ് വണ്ണിലെ മൂന്നില്‍ മൂന്നും വിജയിച്ച പിഎസ്ജി ഒന്‍പത് പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സീസണിലെ ആദ്യ പരാജയം വഴങ്ങിയ ടുലൗസ് രണ്ട് വിജയവും ആറ് പോയിന്റുമായി ആറാം സ്ഥാനത്തുണ്ട്.
Content Highlights: Ligue 1 2025-26: Neves hat-trick helps PSG beats Toulouse 6-3