
മികച്ച സേവനം, കുറഞ്ഞവില..ചൈനീസ് ഫോണുകൾ ജനപ്രിയമാവുന്നതിന് പ്രധാന കാരണങ്ങളിൽ ഒന്ന് ഇതായിരുന്നു. ഇപ്പോഴിതാ ഇത്തരം ചൈനീസ് ഫോൺ കമ്പനികളോട് മത്സരത്തിന് ഇറങ്ങുകയാണ് ഒരു ഇന്ത്യൻ കമ്പനി. ഇന്ത്യൻ കമ്പനിയായ ലാവയുടെ ഏറ്റവും പുതിയ ഫോണിലൂടെയാണ് ചൈനീസ് കമ്പനികൾക്ക് മറുപടി നൽകുന്നത്.ലാവ സ്റ്റോം പ്ലേ, ലാവ സ്റ്റോം ലൈറ്റ് എന്നീ പേരുകളിൽ രണ്ട് വേരിയന്റുകളാണ് കമ്പനി പുറത്തിറക്കിയത്. 5,000mAh ബാറ്ററി, 128GB വരെ സ്റ്റോറേജ് തുടങ്ങിയ ഫീച്ചറുകളുമായിട്ടാണ് ഫോൺ വിപണിയിൽ എത്തുന്നത്. ജൂൺ 19 ന് ഉച്ചയ്ക്ക് 12 മണിക്ക് ഇ-കൊമേഴ്സ് സൈറ്റായ ആമസോൺ വഴി ലാവ സ്റ്റോം പ്ലേ വിൽപനയ്ക്ക് എത്തും.
6 ജിബി റാമും 128 ജിബി സ്റ്റോറേജും ഉൾക്കൊള്ളുന്ന സിംഗിൾ കോൺഫിഗറേഷനിലാണ് ലാവ സ്റ്റോം പ്ലേ വരുന്നത്, 9,999 രൂപയാണ് ഇതിന്റെ വില. 64 ജിബി സ്റ്റോറേജുള്ള 4 ജിബി റാം, 128 ജിബി സ്റ്റോറേജുള്ള 4 ജിബി റാം എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിലാണ് ലാവ സ്റ്റോം ലൈറ്റ് എത്തുന്നത്. 7,999 രൂപയിൽ വില ആരംഭിക്കുന്ന ഫോൺ ജൂൺ 24 ന് ഉച്ചയ്ക്ക് 12 മണി മുതൽ ആമസോണിൽ ലാവ സ്റ്റോം ലൈറ്റ് ഫോണുകൾ എത്തും.
120Hz ഉയർന്ന റിഫ്രഷ് റേറ്റുള്ള 6.75 ഇഞ്ച് HD+ വാട്ടർഡ്രോപ്പ് നോച്ച് ഡിസ്പ്ലേയും ഈ ഫോണുകളുടെ പ്രത്യേകതയാണ്. സ്റ്റോം പ്ലേയിൽ മീഡിയടെക് ഡൈമെൻസിറ്റി 7060 5G പ്രോസസർ ആണുള്ളത്, 6GB റാമും 128GB സ്റ്റോറേജും ഇതിൽ ലഭ്യമായിരിക്കും സ്റ്റോം ലൈറ്റിൽ മീഡിയടെക് ഡൈമെൻസിറ്റി 6400 ഒക്ടാ-കോർ പ്രോസസർ ആണുള്ളത്, 4GB റാമും 128GB സ്റ്റോറേജുമാണ് ഈ ഫോണിന് ഉള്ളത്.
5,000mAh ബാറ്ററിയാണ് ഇരുഫോണുകൾക്കും നൽകിയിരിക്കുന്നത്. സ്റ്റോം പ്ലേ 18W ഫാസ്റ്റ് ചാർജിങ് ലഭ്യമാക്കുമ്പോൾ സ്റ്റോം ലൈറ്റ് 15W ആണ് ലഭ്യമാക്കുന്നത്. രണ്ട് ഫോണുകളിലും 4ജി, 5 ജി സേവനങ്ങൾ ലഭ്യമാവും. യുഎസ്ബി ടൈപ്പ്-സി, വൈ-ഫൈ, ബ്ലൂടൂത്ത് തുടങ്ങിയ സവിശേഷതകളും ഫോണിനുണ്ട്. ആൻഡ്രോയിഡ് 15 അധിഷ്ഠിത സിസ്റ്റത്തിലാണ് ലാവ പ്രവർത്തിക്കുന്നത്.
ലാവ സ്റ്റോം പ്ലേയിൽ പിന്നിൽ 50MP പ്രധാന ക്യാമറയും 2MP സെക്കൻഡറി ക്യാമറയും നൽകിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 8 MP മുൻ ക്യാമറയുമാണ് ഉള്ളത്. സ്റ്റോം ലൈറ്റിന് പിന്നിൽ 50MP പ്രധാന ക്യാമറയും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5MP ക്യാമറയുമാണ് നൽകിയിരിക്കുന്നത്.
Content Highlights: Lava Launches Two 5G Phones Lava Storm Play Lava Storm lite Two Indian Smartphone