

ടെൽഅവീവ്: ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപണം കടുപ്പിച്ച് നെതന്യാഹുവും ലികുഡ് മുന്നണിയും. അട്ടിമറിക്ക് പിന്നില്‍ ഖത്തറും തുര്ക്കിയുമെന്നാണ് ആരോപണം. വോട്ടര്‍മാര്‍ക്ക് പണം എത്തിച്ച് നൽകിയെന്നാണ് ആരോപണം. ഷിന് ബെറ്റിലേക്ക് എത്തിയ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്നും അത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് സമര്‍പ്പിച്ചതായും ഇസ്രയേലി ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്യതു. എന്നാല്‍ ലികുഡിന്റെ ആരോപണങ്ങളെ പ്രതിപക്ഷ പാര്‍ട്ടികള്‍ തള്ളി. മാത്രമല്ല തെരഞ്ഞെടുപ്പില്‍ നടക്കുന്നത് രാഷ്ട്രീയ നാടകമെന്നാണ് ഗാഡി ഐസന്‍കോട്ടിന്റെ യാഷിര്‍ പാര്‍ട്ടി പറയുന്നത്. സത്യപ്രതിജ്ഞ നീട്ടാനുള്ള നീക്കമാണെന്നും പാര്‍ട്ടി വിമര്‍ശിച്ചു.
അതിനിടെ തെരഞ്ഞെടുപ്പില്‍ കൈക്കൂലി വാഗ്ദാനം ചെയ്തെന്ന് ആരോപിച്ച് അറബ് സഖ്യത്തിലെ റാം പാര്‍ട്ടിക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് റാം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്കാന് പദ്ധതിയിട്ടെന്നാണ് ആരോപണം. സംഭവത്തില്‍ നാല് പേരെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്യുകയും ലഹാവ് 433 മേജര്‍ ക്രൈംസ് യൂണിറ്റ് ചോദ്യം ചെയ്യുകയും ചെയ്തുവെന്ന് പോലീസ് വ്യക്തമാക്കി.
കൈക്കൂലി, ഭീഷണി, അക്രമം, വ്യാജരേഖ ചമയ്ക്കല്‍, വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ നിയമവിരുദ്ധമായ സോഫ്റ്റ്വെയര് ഉപയോഗം തുടങ്ങിയ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളിലൂടെ തെരഞ്ഞടുപ്പില്‍ അറബ് പാര്‍ട്ടി അട്ടിമറി നടത്തിയെന്ന് ലികുഡ് പാർട്ടി നേരത്തെ ആരോപിച്ചിരുന്നു. ഭീകരതയെയും ജൂത രാഷ്ട്രത്തിന്റെ ഉന്മൂലനത്തെയും പിന്തുണയ്ക്കുന്ന അറബ് പാര്‍ട്ടികളാണ് ഇസ്രയേലിലെ തെരഞ്ഞെടുപ്പുകള്‍ മോഷ്ടിച്ചതെന്ന് ലിക്കുഡ് പാര്‍ട്ടി പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.എന്നാല്‍ അറബ് പാര്‍ട്ടികള്‍ ആരോപണങ്ങളോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷമായ 61 സീറ്റുകൾ നേടുന്നതിൽ പരാജയപ്പെട്ട ലികുഡ് പാർട്ടി അറബ് സഖ്യം അട്ടിമറി നടത്തിയെന്നാണ് ആരോപിക്കുന്നത്. നിലവിലെ കണക്കനുസരിച്ച് 90.5 ശതമാനം വോട്ടെണ്ണൽ പൂർത്തിയാകുമ്പാേൾ പ്രധാന രാഷ്ട്രീയ മുന്നണികളായ ലികുഡിന് 53 സീറ്റുകളും ഗാഡി ഐസെന്‍കോട്ടിന്റെ യാഷിറിന് 48 സീറ്റുകളും അറബ് പാർട്ടികൾക്ക് 19 സീറ്റുകളുമാണ് ലഭിച്ചത്. അറബ് പാര്‍ട്ടികളുടെ പിന്തുണയില്ലാത്തെ പ്രധാന മുന്നണികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ല. അറബ് പാര്‍ട്ടികളുടെ പിന്തുണ പ്രതിപക്ഷത്തിന് ഏറേ നിര്‍ണായകമാണ്. എന്നാല്‍ അറബ് വിരുദ്ധ രാഷ്ട്രീയം ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ഇരുപക്ഷത്തിനും അറബ് കക്ഷികളുടെ പിന്തുണ സ്വീകരിക്കുക എളുപ്പമല്ല.
Content Highlights: Israel’s Likud Party has accused Qatar and Turkey of being involved in alleged election rigging. The claims have sparked political debate following the election.