ജനുവരി 1 മുതൽ വാട്‌സ് ആപ്പിൽ എന്തൊക്കെ മാറ്റങ്ങളാണ് വരാൻ പോകുന്നത്; സിം ബൈൻഡിങ് നിയമം ഇതാണ്

വൈഫൈ വഴി മാത്രം വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരും രണ്ട് ഫോണുകള്‍ കൈവശമുള്ളവരും ശ്രദ്ധിക്കണം. പുതിയ സിം ബൈന്‍ഡിങ് നിയമം അറിയാം

ജനുവരി 1 മുതൽ വാട്‌സ് ആപ്പിൽ എന്തൊക്കെ മാറ്റങ്ങളാണ് വരാൻ പോകുന്നത്; സിം ബൈൻഡിങ് നിയമം ഇതാണ്
dot image

ദിവസവും നിരവധി മെസേജുകള്‍ അയയ്ക്കാനും വീഡിയോ കോളുകള്‍ ചെയ്യാനും ഓഫീസ് ആവശ്യങ്ങള്‍ക്കുമെല്ലാം വാട്സ്ആപ്പിനെ ആശ്രയിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ 2027 ജനുവരി 1 മുതല്‍ വാട് സ് ആപ്പ് ഉള്‍പ്പെടെയുള്ള ചില മെസേജിങ് ആപ്പുകളുടെ ഉപയോഗരീതിയില്‍ മാറ്റമുണ്ടായേക്കാം. അക്കൗണ്ട് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുമായി ബന്ധപ്പെട്ട സിം കാര്‍ഡ് ഫോണില്‍ സജീവമായി നിലനിര്‍ത്തേണ്ടിവരും എന്നതാണ് പുതിയ നിര്‍ദേശത്തിന്റെ പ്രധാന പ്രത്യേകത.
സൈബര്‍ തട്ടിപ്പുകളും വ്യാജ നമ്പറുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകളും തടയുന്നതിനായി കേന്ദ്ര ടെലികോം വകുപ്പ് (DoT) കൊണ്ടുവന്ന സിം ബൈന്‍ഡിങ് വ്യവസ്ഥകളാണ് ഇതിന് പിന്നില്‍. എന്നാല്‍ ഈ മാറ്റം വരുമ്പോള്‍ എല്ലാവരുടെയും വാട് സ് ആപ്പ്അക്കൗണ്ടുകള്‍ ഒരേസമയം പ്രവര്‍ത്തനരഹിതമാക്കുമെന്നല്ല അര്‍ഥം.

 new SIM binding rule

എന്താണ് സിം ബൈന്‍ഡിങ്?

വാട് സ് ആപ്പ് അക്കൗണ്ട് സൃഷ്ടിക്കുമ്പോള്‍ മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി ഉപയോഗിച്ച് സ്ഥിരീകരിക്കുകയാണ് ചെയ്യുന്നത്. ഒരിക്കല്‍ ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍ ആ സിം കാര്‍ഡ് ഫോണില്‍നിന്ന് മാറ്റിയാലും വൈഫൈ ഉപയോഗിച്ച് വാട് സ് ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന സാഹചര്യങ്ങളുണ്ട്. എന്നാല്‍ പുതിയ നിയമപ്രകാരം അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന സിം കാര്‍ഡ് അതേ ഉപകരണത്തില്‍ സജീവമായി നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടിവരും. സിം കാര്‍ഡ് നീക്കം ചെയ്യുകയോ നിര്‍ജീവമാകുകയോ ചെയ്താല്‍ ആ അക്കൗണ്ടിന്റെ പ്രവര്‍ത്തനത്തെ ഇത് ബാധിച്ചേക്കാം.

രണ്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം

ഒരു ഫോണില്‍ സിം കാര്‍ഡ് സൂക്ഷിക്കുകയും മറ്റൊരു ഫോണില്‍ വൈഫൈ ഉപയോഗിച്ച് വാട് സ് ആപ്പ് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് പുതിയ മാറ്റം പ്രസക്തമാണ്. ഉദാഹരണത്തിന് വാട് സ് ആപ്പ് അക്കൗണ്ട് രജിസ്റ്റര്‍ ചെയ്ത സിം ഒരു ഫോണിലാണുള്ളതെന്നും മറ്റൊരു ഫോണിലാണ് വാട് സ് ആപ്പ് പതിവായി ഉപയോഗിക്കുന്നതെന്നും കരുതുക. പുതിയ വ്യവസ്ഥകള്‍ നടപ്പാക്കുമ്പോള്‍ ഇത്തരത്തിലുള്ള ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ നേരിടേണ്ടിവന്നേക്കാം. ടാബ്ലെറ്റുകളിലോ സിം കാര്‍ഡ് ഇല്ലാത്ത ഫോണുകളിലോ വൈഫൈ മാത്രം ഉപയോഗിച്ച് മെസേജിങ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നവരും തങ്ങളുടെ ഉപകരണങ്ങളില്‍ മാറ്റം ആവശ്യമുണ്ടോ എന്ന് പരിശോധിക്കേണ്ടിവരും.

 new SIM binding rule

സിം കാര്‍ഡ് പ്രവര്‍ത്തനരഹിതമായാല്‍ എന്ത് സംഭവിക്കും?

വാട് സ് ആപ്പ് അക്കൗണ്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നമ്പര്‍ ദീര്‍ഘകാലമായി ഉപയോഗിക്കാത്തവരും സിം കാര്‍ഡ് നഷ്ടപ്പെട്ടവരും പ്രത്യേകം ശ്രദ്ധിക്കണം. സിം നിര്‍ജീവമായാല്‍ അക്കൗണ്ടിന്റെ പ്രവര്‍ത്തനം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ വാട് സ് ആപ്പ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന നമ്പര്‍ ഇപ്പോഴും ഉപയോഗത്തിലുണ്ടെന്നും സിം സജീവമാണെന്നും ഉറപ്പാക്കുന്നത് നല്ലതാണ്. മൊബൈല്‍ നമ്പര്‍ മാറ്റിയിട്ടുണ്ടെങ്കില്‍ വാട്സ്ആപ്പിലെ 'Change Number' സൗകര്യം ഉപയോഗിച്ച് പുതിയ നമ്പറിലേക്ക് മാറാം. ഇതിലൂടെ അക്കൗണ്ടും നിലവിലുള്ള ചാറ്റുകളും നിലനിര്‍ത്താന്‍ സാധിക്കും.

എന്തിനാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം?

വ്യാജ മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചുള്ള സൈബര്‍ തട്ടിപ്പുകള്‍ തടയുകയാണ് പ്രധാന ലക്ഷ്യം. സിം കാര്‍ഡ് ഫോണില്‍നിന്ന് മാറ്റിയശേഷവും ചില മെസേജിങ് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നത് തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. സിം കാര്‍ഡും അക്കൗണ്ടും തമ്മിലുള്ള ബന്ധം ഉറപ്പാക്കുന്നതിലൂടെ ഇത്തരം അക്കൗണ്ടുകളുടെ ദുരുപയോഗം കുറയ്ക്കാനും തട്ടിപ്പുകള്‍ അന്വേഷിക്കുമ്പോള്‍ നമ്പറുകളുടെ ഉടമസ്ഥതയും പ്രവര്‍ത്തനവും കണ്ടെത്താനും സാധിക്കുമെന്നാണ് പ്രതീക്ഷ.

 new SIM binding rule

വാട് സ് ആപ്പ് വെബിലും മാറ്റമുണ്ടാകുമോ?

വാട് സ് ആപ്പ് വെബ്, ഡെസ്‌ക്ടോപ്പ് പതിപ്പുകള്‍ ഉപയോഗിക്കുന്നവരും പുതിയ നിര്‍ദേശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. എന്നാല്‍ ഈ ഉപകരണങ്ങളില്‍ ഓരോ ആറു മണിക്കൂറിലും നിര്‍ബന്ധമായി ലോഗൗട്ട് ചെയ്യണമെന്ന മുന്‍ നിര്‍ദേശം പിന്നീട് മാറ്റിയിട്ടുണ്ട്. പകരം സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ലോഗൗട്ട് വ്യവസ്ഥകളാണ് പരിഗണിക്കുന്നത്. അതുകൊണ്ട് ജനുവരി 1 മുതല്‍ എല്ലാവരും ആറു മണിക്കൂര്‍ കൂടുമ്പോള്‍ വാട് സ് ആപ്പ് വെബില്‍ വീണ്ടും ലോഗിന്‍ ചെയ്യേണ്ടിവരുമെന്ന് കരുതേണ്ടതില്ല.
അതുകൊണ്ടുതന്നെ വാട് സ് ആപ്പ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പര്‍ സജീവമായി നിലനിര്‍ത്തുക. സിം കാര്‍ഡ് മറ്റൊരു ഫോണിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലോ വൈഫൈ മാത്രം ഉപയോഗിച്ചാണ് അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നതെങ്കിലോ പുതിയ മാറ്റങ്ങള്‍ നിങ്ങളുടെ ഉപയോഗത്തെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കുക.

Content Highlights :Changes are coming to WhatsApp starting January 1st. Those who use WhatsApp exclusively via Wi-Fi, as well as individuals who own two phones, should take note. Learn about the new SIM-binding rule

dot image
To advertise here,contact us
dot image