

അബുദാബിയിലെ ഗാർഹിക മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള ബൃഹദ് പദ്ധതിയിൽ സുപ്രധാന ചുവടുവെപ്പുമായി തദ്വീർ ഗ്രൂപ്പ്. അൽ ബിഹൂത്തിൽ നിർമ്മിക്കുന്ന പുതിയ വേസ്റ്റ്-ടു-എനർജി പ്ലാന്റിന്റെ നിർമ്മാണം 90 ശതമാനവും പൂർത്തിയായി. വരും ആഴ്ചകളിൽ തന്നെ പ്ലാന്റിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം ആരംഭിക്കും.
അബുദാബിയുടെ മാലിന്യ സംസ്കരണ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണിത്. പ്ലാന്റ് പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ പ്രതിവർഷം ഒൻപത് ലക്ഷം ടൺ ഗാർഹിക മാലിന്യം ഇവിടെ സംസ്കരിക്കാൻ സാധിക്കും. മാലിന്യം കത്തിച്ചുണ്ടാക്കുന്ന ഊർജ്ജം ഉപയോഗിച്ച് നിർമ്മിക്കുന്ന വൈദ്യുതിയിലൂടെ അരലക്ഷത്തിലധികം (52,000) വീടുകളിലേക്ക് ആവശ്യമായ വൈദ്യുതി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
സുരക്ഷാ കാര്യങ്ങളിലും വലിയ നേട്ടമാണ് പദ്ധതി കൈവരിച്ചത്. നിർമ്മാണ പ്രവർത്തനങ്ങളിലുടനീളം യാതൊരുവിധ അപകടങ്ങളോ തൊഴിൽ നഷ്ടങ്ങളോ ഇല്ലാതെ 60 ലക്ഷം ജോലി മണിക്കൂറുകൾ പൂർത്തിയാക്കാൻ സാധിച്ചു. സ്വിറ്റ്സർലാൻഡ്, ജപ്പാൻ സ്ഥാനപതിമാരുടെയും പദ്ധതി പങ്കാളികളുടെയും സാന്നിധ്യത്തിലാണ് തദ്വീർ ഗ്രൂപ്പ് ഈ നിർമ്മാണ പുരോഗതിയും സുരക്ഷാ നേട്ടങ്ങളും പ്രഖ്യാപിച്ചത്.
2031-ഓടെ മാലിന്യങ്ങൾ ലാൻഡ്ഫില്ലുകളിൽ തള്ളുന്നത് 80 ശതമാനം വരെ കുറയ്ക്കാനാണ് അബുദാബി ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിലേക്ക് അബുദാബിയെ വേഗത്തിൽ നയിക്കാൻ അൽ ബിഹൂത്ത് പ്ലാന്റിന് സാധിക്കും. പരിസ്ഥിതി സംരക്ഷണത്തിനും പുനരുപയോഗ ഊർജ്ജ ഉത്പ്പാദനത്തിനും ഒരുപോലെ മാതൃകയാവുകയാണ് അബുദാബിയുടെ ഈ പുതിയ വേസ്റ്റ്-ടു-എനർജി പദ്ധതി.
Content Highlights:Abu Dhabi’s AlBihouth Waste-to-Energy Facility has reached 90% completion. The plant is expected to process 900,000 tonnes of waste annually and generate electricity for around 52,000 homes.