

രാജ്യാന്തര ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ സിക്സറടിക്കുന്ന മനോഭാവം എക്കാലത്തെയും ഉയര്‍ന്ന ഘട്ടത്തിലാണ് നിലനില്‍ക്കുന്നത്. അതിവേഗം അക്രമിച്ച് ബാറ്റ് ചെയ്യുന്ന പുതിയ തലമുറയിലെ ബാറ്റര്‍മാര്‍ തങ്ങളുടെ ആക്രമണ ശൈലി മൂര്‍ച്ച കൂട്ടിയതോടെ, തുടര്‍ച്ചയായ ചാമ്പ്യന്മാരായ ഇന്ത്യ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും ഭയപ്പെടേണ്ട ടീമുകളിലൊന്നായി മാറിയിരിക്കുന്നു. മൂന്ന് തവണ ടി20 ലോക ചാമ്പ്യന്മാരായ ഇന്ത്യ, ശ്രേയസ് അയ്യരുടെ നായകത്വത്തില്‍ ന്യൂസീലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ നിലവില്‍ 3-0 ന് മുന്നിലെത്തി പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. പരമ്പരയിലെ നാലാം ടി20 മത്സരം വെള്ളിയാഴ്ച ഓക്ക്ലന്‍ഡില്‍ നടക്കും.
2020-കളിലുടനീളം ഇന്ത്യന്‍ ടി20 ബാറ്റിങ്ങില്‍ ഉണ്ടായ വികാസം താഴെ പറയുന്ന വിധമാണ്
2021: ഇന്ത്യയുടെ ടി20 സ്ട്രൈക്ക് റേറ്റ് 130.2 ആയിരുന്നു. ഓരോ 20.5 പന്തുകളിലും ഒരു സിക്സ് എന്ന നിരക്കിലായിരുന്നു അടിച്ചിരുന്നത്.
2022: സൂര്യകുമാര്‍ യാദവിന്റെ ഫോമിന്റെ മൂര്ധന്യാവസ്ഥയിലായിരുന്ന ഈവര്‍ഷം (1,164 റണ്‍സ്), ഇന്ത്യയുടെ സ്ട്രൈക്ക് റേറ്റ് 144.6 ആയി ഉയരുകയും ഓരോ 15.4 പന്തുകളിലും ഒരു സിക്സ് വീതം പിറക്കുകയും ചെയ്തു.
2023: 2022 ടി20 ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന്റെ ദാരുണ തോല്‍വി വഴങ്ങി പുറത്തായതിന് ശേഷം ഇന്ത്യ തങ്ങളുടെ സമീപനം മാറ്റി. സ്ട്രൈക്ക് റേറ്റ് 145.1 ആയി ഉയരുകയും ഓരോ 13.4 പന്തുകളിലും ഒരു സിക്സര്‍ വീതം വരികയും ചെയ്തു.
2024: രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ ടി20 ലോകകപ്പ് കിരീടം നേടി ഇന്ത്യ തങ്ങളുടെ കിരീട വരള്‍ച്ച അവസാനിപ്പിച്ച ഈ വര്‍ഷം, ഇന്ത്യയുടെ ടി20 സ്ട്രൈക്ക് റേറ്റ് 150.8 ആയി ഉയര്‍ന്നു. ഓരോ 12.2 പന്തുകളിലും ഒരു സിക്സ് വീതം അടിച്ചുകൂട്ടി.
2025: ഇന്ത്യയുടെ ടി20 സ്ട്രൈക്ക് റേറ്റ് 144.8 ആയി കുറയുകയും സിക്സറുകളുടെ നിരക്ക് ഓരോ 14.4 പന്തുകളില്‍ ഒന്നായി താഴുകയും ചെയ്തു.
2026 (നിലവില്‍): ഈ വര്‍ഷം ഇന്ത്യയുടെ സിക്സര്‍ വേട്ട അവിശ്വസനീയമാണ്. ഓരോ 10.7 പന്തുകളിലും ഒരു സിക്സ് വീതം നേടുന്ന ഇന്ത്യന്‍ നിരയുടെ സ്ട്രൈക്ക് റേറ്റ് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 165.7-ല്‍ എത്തിനില്‍ക്കുന്നു.
ന്യൂസീലന്‍ഡ് പരമ്പരയ്ക്ക് മുന്നോടിയായി സ്വന്തം തട്ടകത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ടി20 പരമ്പരയ്ക്കിടെ, ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ 2,000 സിക്സറുകള്‍ തികയ്ക്കുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ മാറിയിരുന്നു. എന്നാല്‍ നിലവിലെ പരമ്പരയിലെ മിന്നുന്ന പ്രകടനത്തോടെ, അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന ടീമെന്ന റിക്കോര്‍ഡ് വെസ്റ്റ് ഇന്‍ഡീസിനെ (260 മത്സരങ്ങളില്‍ നിന്ന് 2,026 സിക്സറുകള്‍) മറികടന്ന് ഇന്ത്യ (301 മത്സരങ്ങളില്‍ നിന്ന് 2,052 സിക്സറുകള്‍) സ്വന്തമാക്കി.
content highlights: India's Batting Marvel Strikes Fear in Oppositions Across World Cricket