

നമ്മുടെ നാട്ടില്‍ സാധാരണ പെട്രോളിനും ഡീസലിനും പകരം ഉയര്‍ന്ന അളവില്‍ എത്തനോള്‍ അടങ്ങിയ ഇന്ധനം പമ്പുകളില്‍നിന്ന് വാഹനങ്ങളില്‍ നിറയ്ക്കുന്നുണ്ടെന്നും ഇത് എഞ്ചിന്‍ തകരാറിന് കാരണമാകുന്നുവെന്നുമുളള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പലര്‍ക്കും തങ്ങളുടെ വാഹനങ്ങളിലേക്ക് പോകുന്ന ഇന്ധനത്തിന്റെ ശുദ്ധിയെക്കുറിച്ചോര്‍ത്ത് ആശങ്കയുണ്ട്. എന്നാല്‍ ആശങ്കവേണ്ട. നിങ്ങളുടെ വാഹനങ്ങളില്‍ നിറയ്ക്കുന്ന ഇന്ധനം ശുദ്ധമാണോ എന്ന് തിരിച്ചറിയാന്‍ മാര്‍ഗമുണ്ട്.

ഇന്ധനം നിറയ്ക്കാന്‍ പമ്പില്‍ ചെല്ലുമ്പോഴെല്ലാം ആദ്യം മെഷീന്റെ
ഡിജിറ്റല്‍ ബോര്‍ഡും ഇന്ധന നോസിലിനടുത്തുള്ള സ്റ്റിക്കറും നോക്കേണ്ടതാണ്. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ അനുസരിച്ച് ഓരോ പെട്രോള്‍ പമ്പും അതിന്റെ ഡിസ്‌പെന്‍സറില്‍ ഇന്ധന ഡിസ്‌പെന്‍സറിന്റെ സവിശേഷതകള്‍ വ്യക്തമായി എഴുതിയിരിക്കണം. ഡിസ്‌പെന്‍സര്‍ E10 എന്നാല്‍ അതില്‍ 10% എത്തനോള്‍ അടങ്ങിയിരിക്കുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്, E20 എന്നാല്‍ 20% എന്നും E85 എന്നാല്‍ 85% എത്തനോള്‍ കലര്‍ന്ന ഇന്ധനം എന്നും അര്‍ത്ഥമാക്കുന്നു.

പെട്രോളില്‍ എത്തനോള്‍ അളവ് വളരെ കൂടുതലാണെന്നോ വെള്ളം കലര്‍ന്നിട്ടുണ്ടെന്നോ സംശയം തോന്നിയാല്‍ നിങ്ങള്‍ക്ക് പമ്പില്‍വച്ചുതന്നെ അതിന്റെ ശുദ്ധി പരിശോധിക്കാവുന്നതാണ്. ഉപഭോക്തൃ അവകാശങ്ങള്‍ പ്രകാരം എല്ലാ പെട്രോള്‍ പമ്പുകളിലും ഫില്‍ട്ടര്‍ പേപ്പര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
പമ്പ് അറ്റന്‍ഡന്റിനോട് ഒരു ഫില്‍റ്റര്‍ പേപ്പര്‍ ചോദിച്ചുവാങ്ങി അതില്‍ കുറച്ച് തുള്ളി പെട്രോള്‍ ഒഴിക്കുക. പെട്രോള്‍ പൂര്‍ണ്ണമായും ശുദ്ധമാണെങ്കില്‍ അത് ഒരു കറയും അവശേഷിപ്പിക്കാതെ ബാഷ്പീകരിക്കപ്പെടും. എന്നാല്‍ പേപ്പറില്‍ ഇരുണ്ട കറയോ നിറമുള്ള വരയോ പ്രത്യക്ഷപ്പെടുകയാണെങ്കില്‍ ഇന്ധനത്തില്‍ മായം ചേര്‍ത്തിട്ടുണ്ടെന്ന് മനസിലാക്കാം.

പെട്രോളിന്റെ പരിശുദ്ധിയും അതിന്റെ ശരിയായ വിഭാഗവും നിര്‍ണ്ണയിക്കുന്നതിനുള്ള ഏറ്റവും കൃത്യമായ ശാസ്ത്രീയ രീതി അതിന്റെ സാന്ദ്രത പരിശോധിക്കുക എന്നതാണ്. എല്ലാ പെട്രോള്‍ പമ്പിലെയും മെഷീന്‍ ദിവസവും രാവിലെ എണ്ണ സാന്ദ്രത അപ്‌ഡേറ്റ് ചെയ്യാറുണ്ട്. അത് ഡിസ്‌പ്ലേ സ്‌ക്രീനില്‍ വ്യക്തമായി ദൃശ്യമാകും.
സാധാരണ പെട്രോളിന് ഒരു ക്യൂബിക് മീറ്ററിന് 720 നും 775 നും ഇടയില്‍ സാന്ദ്രത ഉണ്ടായിരിക്കണം. സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന അപ്‌ഡേറ്റില്‍ ഈ പരിധിയേക്കാള്‍ വളരെ കുറവോ കൂടുതലോ ആണെങ്കില്‍ ഇന്ധന ഗുണനിലവാരത്തില്‍ പ്രശ്‌നമുണ്ട് എന്ന് മനസിലാക്കാം.
Content Highlights :To verify the authenticity of the fuel before filling up with petrol or diesel at a pump, you simply need to pay attention to a few things right there at the station.